രാപകല്‍ വൈദ്യുതി മുടക്കം; ഷോക്കടിച്ച് ജനങ്ങള്‍
ഹരിപ്പാട്: മുതുകുളത്ത് അടിയ്ക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം മൂലം ജനങ്ങള്‍ പൊറുതിമുട്ടുന്നു. പ്രദേശത്തിന്റെ തെക്കന്‍ ഭാഗങ്ങളിലും പരിസര പ്രദേശങ്ങളിലുമാണ് രാത്രി പകല്‍ വ്യത്യാസമില്ലാതെ സ്ഥിരമായി മുടങ്ങുന്നത്. ഇത് മൂലം കനത്ത ചൂടില്‍ ജനങ്ങളാകെ ബുദ്ധിമുട്ടിലാണ്.
രാത്രി കാലത്ത് കനത്ത ചൂടില്‍ വലയുന്ന ആള്‍ക്കാര്‍ കുട്ടികളെയും കൂട്ടി വാര്‍ത്ത വീടുകളുടെ മുകളിലും മറ്റുമാണ് കഴിഞ്ഞുകൂടുന്നത്. ജീവന്‍ രക്ഷാമരുന്നുകള്‍ സൂക്ഷിക്കുവാന്‍ മെഡിക്കല്‍ സ്റ്റോറുകാര്‍ ബുദ്ധിമുട്ടുന്നു. വൈദ്യുതി സ്ഥിരമായി മുടങ്ങുമ്പോള്‍ കെ.എസ്.ഇ.ബി ഓഫീസിലേക്കു വിളിക്കുമ്പോള്‍ കിട്ടുന്നില്ലെന്നുള്ള പരാതിയും വ്യാപകമാണ്.
കഴിഞ്ഞ ദിവസം ഈരയില്‍ ദേവീക്ഷേത്രത്തിന് സമീപം നിന്ന ആല്‍മരം കടപുഴകി വീണ് വൈദുതി തൂണുകള്‍ ഒടിഞ്ഞ് വൈദ്യുതി നിലച്ചിരുന്നു.സംഭവമറിഞ്ഞ് അഗ്‌നിശമന സേന സ്ഥലത്തെത്തിയെങ്കിലും സമീപത്തുള്ള കെ.എസ്.ഇ.ബി ഓഫീസില്‍ നിന്നും ഉദ്യോഗസ്ഥര്‍ എത്താന്‍ മണിക്കൂറുകളോളം വൈകിയത് നാട്ടുകാരുടെ പ്രതിഷേധത്തിനിടയാക്കി.ഇതുമൂലം അഗ്‌നിശമന സേനാംഗങ്ങള്‍ക്കു മരം മുറിച്ചു മാറ്റാന്‍ കഴിയാതെ വളരെ സമയം കാഴ്ചക്കാരായി നില്‍ക്കേണ്ടി വന്നു.
ഫോണില്‍ കിട്ടാതെ വന്നതുമൂലം നാട്ടുകാര്‍ വിവരമറിയിക്കുവാന്‍ സെക്ഷന്‍ ഓഫിസില്‍ നേരിട്ടെത്തേണ്ടി വന്നു. ആ സമയത്ത് ഫോണിന്റെ റിസീവര്‍ മാറ്റി വച്ചിരിക്കുന്നതും നാട്ടുകാര്‍ക്ക് കാണാന്‍ കഴിഞ്ഞു.ഇതിനെതിരേ പരാതി നല്‍കുകയും ചെയ്തു.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍മഴയിലും കാറ്റിലും നാട്ടില്‍ പരക്കെ മരങ്ങള്‍ വീണു വൈദ്യുതി കമ്പികള്‍ പൊട്ടിയ സാഹചര്യത്തില്‍ മരങ്ങള്‍ മുറിച്ചുമാറ്റി വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുവാന്‍ സമയം എടുത്തതാണ് വൈദ്യുതി മുടക്കം നീണ്ടു പോയതെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ പറയുന്നു.
കൂടാതെ റിസീവര്‍ മാറ്റിവച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്നും തുടര്‍ച്ചയായി വിളികള്‍ വന്നുകൊണ്ടിരിക്കുമ്പോള്‍ ലൈന്‍ തിരക്കിലാകുന്നതു കൊണ്ടാണ് ചിലര്‍ക്കു ലഭിക്കാതെ പോകുന്നതെന്നുമാണ് അധികൃതരുടെ ഭാഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."