കോണ്‍ഗ്രസ് നേതാക്കള്‍ പി.ജെ. ജോസഫുമായി ചര്‍ച്ച തുടങ്ങി, ഇടുക്കി സീറ്റ് വിട്ടുനല്‍കിയേക്കും
തിരുവനന്തപുരം:കേരള കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനായി കോണ്‍ഗ്രസ് നേതാക്കള്‍ പി.ജെ. ജോസഫുമായി ചര്‍ച്ച തുടങ്ങി. തിരുവനന്തപുരത്ത് ഉമ്മന്‍ചാണ്ടിയുടെ വീട്ടിലാണ് കേരള കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാനായുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ ഇടഞ്ഞു നില്‍ക്കുകയാണ് ജോസഫ്. പി.ജെ ജോസഫിനൊപ്പം മോന്‍സ് ജോസഫും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ഇടുക്കി ഡി.സി.സി മുന്‍ പ്രസിഡന്റും ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനുമായ റോയ് കെ. പൗലോസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ജോസഫിന്റെ വീട്ടിലെത്തി ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ ചര്‍ച്ച.
കഴിഞ്ഞ ദിവസമുണ്ടായ കൂടിക്കാഴ്ചയെക്കുറിച്ച് കാര്യമായൊന്നും നേതാക്കള്‍ പ്രതികരിച്ചില്ലെങ്കിലും ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദേശപ്രകാരമാണ് നേതാക്കള്‍ എത്തിയതെന്നാണ് സൂചന. സീറ്റ് ലഭിക്കാതെ വന്നതോടെ എതിര്‍പ്പും പ്രതിഷേധവും പരസ്യമാക്കിയ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് മത്സരിച്ചുവരുന്ന ഇടുക്കി സീറ്റ് പി.ജെ ജോസഫിന് വിട്ടുനല്‍കുന്ന കാര്യമടക്കം പരിഗണനയിലുണ്ട്.
അപ്പോള്‍ തൊടുപുഴയില്‍ ഒഴിവുവരുന്ന നിയമസഭാ സീറ്റ് കോണ്‍ഗ്രസിന് വിട്ടു നല്‍കണം. ഈ ഫോര്‍മുലയോട് ഉമ്മന്‍ ചാണ്ടിക്കും എ ഗ്രൂപ്പിനും താത്പര്യമുണ്ടെന്നാണ് സൂചന. ഇടുക്കിയില്‍ മത്സരിക്കണമെന്ന ഉമ്മന്‍ ചാണ്ടിയുടെ മേലുള്ള സമ്മര്‍ദത്തില്‍ നിന്നും ഒഴിവാകാനും കഴിയും. പി.ജെ ജോസഫ് മത്സരിച്ചാല്‍ യു.ഡി.എഫിന് വിജയം സുനിശ്ചിതമാണെന്നാണ് വിലയിരുത്തല്‍.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പി.ജെ ജോസഫിന്റെ വീട്ടില്‍ പിന്തുണയുമായി എത്തി. ജോസഫിന് അഭിവാദ്യമര്‍പ്പിച്ച് തൊടുപുഴയുടെ വിവിധ മേഖലകളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വൈകിട്ട് ആറുമണിയോടെ ജോസഫ് തിരുവനന്തപുരത്തിന് തിരിച്ചു.
താന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച ചെയ്തശേഷം തുടര്‍നടപടികള്‍ സ്വീകതരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ഡല്‍ഹിക്ക് പോയ കെപിസിസി നേതാക്കള്‍ ഇന്ന് തലസ്ഥാനത്ത് എത്തിച്ചേരും. ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരുമായി ഇന്ന് ജോസഫ് ചര്‍ച്ച നടത്തുമെന്നാണ് സൂചന.
യുഡിഎഫില്‍ തന്നെ തുടരാനുള്ള തീരുമാനം എടുക്കണമെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും രണ്ടാം നിര നേതാക്കളും ജോസഫിനെ ഉപദേശിച്ചിരിക്കുന്നത്. കൂറുമാറ്റ നിരോധന പരാതിയുമായി മാണി മുന്നോട്ട് പോയാല്‍ അപ്പോള്‍ ജോസഫും മോന്‍സ് ജോസഫും രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടാം എന്നാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."