ആറുമാസത്തിനിടെ തകര്‍ന്നുവീണത് രണ്ടു ബോയിങ് വിമാനങ്ങള്‍; കൊല്ലപ്പെട്ടത് 360 പേര്‍, ബോയിങ് ഭീതിയില്‍ പങ്കുചേര്‍ന്ന് ഇന്ത്യയും, സര്‍വീസുകള്‍ രാജ്യത്ത് നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: കഴിഞ്ഞ ആറുമാസത്തിനിടെ ടേക്ക് ഓഫില്‍ തകര്‍ന്നുവീണത് രണ്ടു ബോയിങ് വിമാനങ്ങള്‍. ഈ രണ്ടു അപകടങ്ങളിലുമായി പൊലിഞ്ഞത് 346 ജീവനുകള്‍. ലോകത്തെ ഏറ്റവും സുരക്ഷിതവും മികച്ചതുമായ യാത്രാവിമാന നിര്‍മാതാക്കളായ ബോയിങ്ങിന്റെ വിമാനങ്ങള്‍ക്കാണ് ഈ ദുര്‍ഗതി. കഴിഞ്ഞദിവസം എത്യോപ്യയില്‍ ഇന്ത്യക്കാരുള്‍പ്പെടെ 157 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തെത്തുടര്‍ന്നാണ് ബോയിങ്ങിന്റെ സുരക്ഷ സംസംബന്ധിച്ച് ചര്‍ച്ചയായത്. ഇതോടെ 'ബോയിങ് ഭീതി' പൂണ്ട ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നതും സര്‍വീസ് തുടരുന്നതും നിര്‍ത്തിവച്ചു.
രൂപഘടനയില്‍ ആവശ്യമായ മാറ്റംവരുത്തി സുരക്ഷ ഉറപ്പാക്കുംവരെ വിമാനങ്ങള്‍ പറത്തേണ്ടെന്നാണ് തീരുമാനമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. ബോയിങ് 737 മാക്‌സ്എട്ട് വിമാനങ്ങളുടെ രൂപകല്പനയില്‍ മാറ്റംവരുത്തണമെന്ന് അമേരിക്കയും വിമാനനിര്‍മാണക്കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രിലിന് മുന്‍പായി മാറ്റങ്ങള്‍ കൊണ്ടുവരണമെന്നാണ് യു.എസ്. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എ.എ.) ബോയിങ്ങിന് നിര്‍ദേശം നല്‍കിയത്.
ഞായറാഴ്ച കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് പറന്ന എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നുവീണത്. അസിഡ് അബാബയില്‍ നിന്ന് പറയുന്നയര്‍ന്ന് ആറുമിനിറ്റുകള്‍ക്ക് ശേഷമാണ് അപകടം നടന്നത്. ബോയിങ്ങിന്റെ 737 മാക്‌സ്8 ശ്രേണിയില്‍പ്പെട്ടതാണ് അപകടത്തില്‍പ്പെട്ട വിമാനം. 2016ലാണ് ഈ മോഡല്‍ വിമാനം അവതരിപ്പിച്ചത്. തകര്‍ന്നുവീണ വിമാനം നവംബറിലാണ് എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ഭാഗമായത്. കഴിഞ്ഞ ഒക്ടോബറില്‍ ഇന്തോനേഷ്യയില്‍ തകര്‍ന്നുവീണ ലയണ്‍ എയറിന്റെ യാത്രാവിമാനവും ഇതേശ്രണിയില്‍പ്പെട്ടതായിരുന്നു. അന്ന് 189 പേരാണ് മരിച്ചത്.
ചൈന, ദക്ഷിണാഫ്രിക്ക, മൊറോക്കൊ, പോളണ്ട്, എതോപ്യ, സിംഗപ്പൂര്‍, ഇന്ത്യോനേഷ്യ, ബ്രസീല്‍, മംഗോളിയ, അര്‍ജന്റിന, മെക്‌സിക്കോ, ബ്രിട്ടണ്‍, ഒമാന്‍, ഐസ്ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളും ബോയിങ് വിമാനം ഉപയോഗിച്ചുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."