'കാരുണ്യ സുരക്ഷ'; സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉടന്‍
തിരുവനന്തപുരം: കാരുണ്യ സുരക്ഷ എന്ന പേരില്‍ സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഉടന്‍. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ സുരക്ഷാ ബീമായോജന (ആര്‍.എസ്.ബി.വൈ.), ചിസ് പ്ലസ്, കാരുണ്യ ബെനവലന്റ്, താലോലം എന്നീ പദ്ധതികളാണ് കാരുണ്യ സുരക്ഷയില്‍ ലയിപ്പിക്കുന്നത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയതിനാല്‍ ഒരാള്‍ക്ക് ഒന്നിലധികം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായും അര്‍ഹരായവര്‍ക്ക് കിട്ടാതെ പോകുന്നതായും പരാതികള്‍ ഉയര്‍ന്നിരുന്നതിനെ തുടര്‍ന്നാണ് പദ്ധതികള്‍ ലയിപ്പിച്ച് ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതിയായ കാരുണ്യ സുരക്ഷയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നത്. കാരുണ്യ ലോട്ടറിയില്‍ നിന്നുള്ള വരുമാനം, കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കുള്ള വിഹിതം, സംസ്ഥാനത്തിന്റെ വിഹിതം എന്നിവ കാരുണ്യ സുരക്ഷയില്‍ ഉള്‍പ്പെടുത്തും. അടുത്തിടെ കേന്ദ്ര സര്‍ക്കാര്‍ നാഷനല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
അസംഘടിത മേഖലയിലെ തൊഴിലാളികളുടെയും ബി.പി.എല്‍ കുടുംബങ്ങളുടെയും ആരോഗ്യ സുരക്ഷയ്ക്കായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച രാഷ്ട്രീയ സുരക്ഷാ ബീമാ യോജനയ്ക്ക് പകരമുള്ള പദ്ധതിയായ പ്രധാനമന്ത്രി രാഷ്ട്രീയ സ്വസ്ത്യ സുരക്ഷ മിഷനില്‍ ഉള്‍പ്പെടുത്തി ബി.പി.എല്‍ കുടുംബത്തിനായി അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ പദ്ധതിയാണ് പ്രഖ്യാപിച്ചത്.
അര്‍ബുദം, ഹൃദയ ശസ്ത്രക്രിയ ഉള്‍പ്പെടെ എല്ലാ ചികിത്സാ സേവനങ്ങളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ പൊതു, സ്വകാര്യ ആശുപത്രികളിലും സേവനം ലഭിയ്ക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടുഘട്ടമായാണ് ഒരു കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായം ലഭിക്കുന്നത്. കേന്ദ്രം പ്രഖ്യാപിച്ച ഇന്‍ഷുറന്‍സ് വ്യവസ്ഥകള്‍ പ്രകാരമായിരിക്കും ആദ്യ രണ്ടു ലക്ഷം. തിരഞ്ഞെടുക്കപ്പെട്ട രോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്കാണ് ബാക്കി മൂന്നുലക്ഷം. ഗുണഭോക്താക്കള്‍ക്ക് മടക്കി നല്‍കുന്ന വിധമോ, ആശുപത്രികള്‍ക്ക് നല്‍കുന്ന വിധമോ സംസ്ഥാന സര്‍ക്കാര്‍ നേരിട്ടാകും മൂന്നുലക്ഷം രൂപ നല്‍കുക. രാഷ്ട്രീയ സുരക്ഷാ ബീമായോജനയില്‍ അംഗങ്ങളായവരെ കാരുണ്യ സുരക്ഷയില്‍ അംഗങ്ങളാക്കും. നിലവില്‍ ഈ പദ്ധതി നടത്തിപ്പില്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ 60 ശതമാനം കേന്ദ്ര സര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്.
കാരുണ്യ സുരക്ഷയുടെ നിയന്ത്രണം സംസ്ഥാന ആരോഗ്യ വകുപ്പിനാണ്. തൊഴില്‍, ലോട്ടറി എന്നീ വകുപ്പുകളാണ് പദ്ധതി താഴെക്കിടയില്‍ നടപ്പാക്കുന്നത്. കേന്ദ്രപദ്ധതിയിലെ കുടുംബങ്ങളെ കൂടാതെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെട്ട 35 ലക്ഷം കുടുംബങ്ങള്‍കൂടി കാരുണ്യ സുരക്ഷയില്‍ ഗുണഭോക്താക്കളാകും. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് ചിസ് പ്ലസ് പദ്ധതി. അഞ്ച് അംഗങ്ങളുള്ള ഒരു കുടുംബത്തിന് വര്‍ഷം 30,000 രൂപ വരെ ചികിത്സാ സഹായം ലഭിയ്ക്കുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയിരുന്നത്. 2011 മുതല്‍ ചിസ് പ്ലസ് കാര്‍ഡുള്ളവര്‍ക്ക് അര്‍ബുദം, ഹൃദ്രോഹം, വൃക്ക സംബന്ധമായ അസുഖങ്ങള്‍, കരള്‍, തലച്ചോര്‍ എന്നിവയെ ബാധിക്കുന്ന രോഗങ്ങള്‍ അപകടം മൂലമുള്ള ട്രോമോകെയര്‍ എന്നിവയ്ക്ക് 70,000 രൂപയുടെ അധിക ചികിത്സാ സഹായം പ്രധാന ആശുപത്രികളില്‍ നല്‍കിവരുന്നുണ്ട്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് ചികിത്സാ സഹായം നല്‍കുന്നതിനായാണ് കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കിയത്. കാരുണ്യ ഭാഗ്യക്കുറി വഴിയാണ് ഇതിലേയ്ക്ക് പണം കണ്ടെത്തിയിരുന്നത്. അര്‍ബുദം, വൃക്കരോഗം, തലച്ചോര്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍, ഹീമോഫീലിയ എന്നിവയുടെ ചികിത്സയ്ക്കും ശസ്ത്രക്രിയക്കും സാന്ത്വനപരിചരണത്തിനും പരമാവധി രണ്ടു ലക്ഷം രൂപ വരെ സഹായം നല്‍കി വരുന്നു. മാരകമായ അസുഖങ്ങള്‍ കാരണം ദുരിതം അനുഭവിക്കുന്ന 18 വയസില്‍ താഴെയുള്ള കുട്ടികളുടെ ചികിത്സയ്ക്കുള്ള പദ്ധതിയാണ് താലോലം. തുടക്കത്തില്‍ 50,000 രൂപ വരെ സഹായം നല്‍കിയിരുന്നു.
ഇനി ഈ നാലു പദ്ധതികളും സര്‍ക്കാരിന്റെ കാരുണ്യ സുരക്ഷ എന്ന പദ്ധതിയ്ക്ക് കീഴിലാകും. ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം 651 സൂപ്പര്‍ സ്‌പെഷാലിറ്റികളും, 23 സ്‌പെഷാലിറ്റികളും ഉള്‍പ്പെടെ 1,350 പാക്കേജുകളാണ് നിലവില്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."