പ്രതിരോധിക്കാം മഴക്കാല രോഗങ്ങളെയും
ഓഗസ്റ്റില്‍ സംസ്ഥാനത്ത് അതിവര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മൂന്നാംതവണയും പ്രളയ സാധ്യതയുണ്ടെന്നര്‍ഥം. കൊവിഡിനെതിരേ സര്‍ക്കാര്‍ പ്രതിരോധം തീര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഈ വെല്ലുവിളിയെയും നേരിടേണ്ടിവരുന്നത്. ഇപ്പോള്‍തന്നെ സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ച പ്രതീതിയാണ്. തിമര്‍ത്തുപെയ്യുന്ന മഴയില്‍ കോട്ടയമടക്കമുള്ള തെക്കന്‍ ജില്ലകളിലെല്ലാം കഴിഞ്ഞദിവസം വെള്ളം കയറി.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ശ്രദ്ധ മുഴുവന്‍ ഇത്തവണ കൊവിഡിനെതിരേയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളിലായിരുന്നു. കാലവര്‍ഷം ജൂണ്‍ അഞ്ചിന് തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിദഗ്ധര്‍ പറയുന്നത്. അഞ്ചുദിവസം മുന്‍പോട്ടോ പിറകോട്ടോ ആകാനും സാധ്യതയുണ്ടെന്ന് അവര്‍ പറയുന്നു.
കാലവര്‍ഷം തുടങ്ങാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഈ ദിവസങ്ങളെ പരമാവധി ഉപയോഗപ്പെടുത്തി മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രംഗത്തിറങ്ങേണ്ടതുണ്ട്. കൊവിഡിനൊപ്പം ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, എച്ച് 1 എന്‍ 1, പകര്‍ച്ചപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ തുടങ്ങിയ രോഗങ്ങളും പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയാല്‍ എല്ലാം കൈവിട്ടുപോകും. ഇപ്പോള്‍ തന്നെ അഭൂതപൂര്‍വമായ തോതിലാണ് സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ പെരുകിക്കൊണ്ടിരിക്കുന്നത്. അതിലധികവും പ്രവാസികളും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കൊണ്ടിരിക്കുന്ന മലയാളികളുമാണ്.
വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും സംസ്ഥാനത്തേക്ക് മലയാളികളുടെ ഒഴുക്ക് തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ കൊവിഡ് രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഇതോടൊപ്പം ഡെങ്കിപ്പനി പോലുള്ള രോഗങ്ങളും മഴക്കാലത്ത് പടര്‍ന്നുപിടിച്ചാല്‍ കൊവിഡ് പ്രതിരോധരംഗത്ത് നാം ഇതുവരെ നേടിയതെല്ലാം തകര്‍ന്നുപോകും. ഇത് ഇല്ലാതിരിക്കണമെങ്കില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍തന്നെ ശക്തിപ്പെടുത്തണം. വെള്ളം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ എക്കല്‍ മണ്ണ് ഒഴിവാക്കാന്‍ നടപടികള്‍ ഉണ്ടാകണം. അരുവികളും തോടുകളും വെള്ളം ഒഴുകിപ്പോകാന്‍ തക്കവിധം വൃത്തിയാക്കണം. കൂടാതെ കിണര്‍ അടക്കമുള്ള കുടിവെള്ള സ്രോതസുകളും വൃത്തിയാക്കണം.
ഇതുവരെ നമുക്ക് കൊവിഡിന്റെ വ്യാപനത്തെ എളുപ്പത്തില്‍ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞത് ചൂട് കാലമായതിനാലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ജനുവരി അവസാനത്തിലാണ് കൊവിഡ് ആദ്യമായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ആദ്യമായി രോഗം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലായിരുന്നു. കാലാവസ്ഥയുടെ അനുകൂലഘടകവും ആരോഗ്യവകുപ്പിന്റെ കഠിനാദ്ധ്വാനവും കാരണം രോഗത്തിന്റെ സമൂഹവ്യാപനം ഒരുപരിധിവരെ തടഞ്ഞുനിര്‍ത്താന്‍ സംസ്ഥാനത്തിന് കഴിഞ്ഞു. എന്നാല്‍, മഴക്കാലത്ത് അതല്ല സ്ഥിതി. താപനില കുറയുന്നതിനാല്‍ കൊറോണ വൈറസിന് ശക്തിയാര്‍ജിക്കാന്‍ കഴിയും. ഇതുകാരണം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കാനും സാധ്യതയുണ്ട്. ഇതുവരെ കൊവിഡിനെ നേരിട്ടതുപോലെയല്ല ഇനിയുള്ള ദിവസങ്ങളില്‍ നേരിടേണ്ടതെന്ന് ചുരുക്കം.
മഴക്കാലത്തിന്റെ ആരംഭത്തോടെയാണ് നേരത്തെ പറഞ്ഞ പല പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിക്കുന്നത്. അതോടൊപ്പം തന്നെ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള കൊവിഡിനെയും ചെറുത്തുതോല്‍പ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളോടൊപ്പം പൊതുസമൂഹവും കൈകോര്‍ക്കേണ്ട നിര്‍ണായക മാസങ്ങളാണ് മുന്‍പിലുള്ളത്. ഏറ്റവും പ്രധാനം വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കാതിരിക്കുക. അതുവഴി കൊതുക് വര്‍ധന തടയാം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. പഴകിയതും ചീഞ്ഞതുമായ ഭക്ഷണപദാര്‍ഥങ്ങളും പഴങ്ങളും ഒഴിവാക്കുക. കൊവിഡിനെ ഇതുവരെ പ്രതിരോധിച്ചപോലെ മഴക്കാല രോഗങ്ങളെയും നാം ചെറുത്തുതോല്‍പ്പിക്കുക തന്നെ ചെയ്യും. അതിനായി കൊവിഡിനെയും വിവിധതരം പകര്‍ച്ചവ്യാധികളെയും ഒരേസമയം ചെറുത്തുതോല്‍പ്പിക്കാന്‍ ഉതകുന്ന ആരോഗ്യ സംരക്ഷണനയം ഓരോരുത്തരും സ്വീകരിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."