ദുരൂഹവഴികളില്‍ കേദല്‍; ഏകാന്തജീവിതം കൊലയാളിയാക്കി
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാത കേസിലെ പ്രതിയായ കേദലിന്റെ മുന്‍കാല ചെയ്തികള്‍ മിക്കതും ദുരൂഹമായിരുന്നുവെന്ന് പൊലിസിന്റെ പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായി. സാധാരണക്കാരനായ യുവാവായിരുന്നില്ല കേദല്‍. കൂട്ടുകാരെന്നു പറയാന്‍ ആരുമുണ്ടായിരുന്നില്ല. നാട്ടിലുള്ളപ്പോള്‍ മിക്കപ്പോഴും വീടിനുള്ളില്‍ കഴിഞ്ഞ കേദല്‍ അപൂര്‍വമായി മാത്രമെ പുറത്തിറങ്ങാറുണ്ടായിരുന്നുള്ളൂ. സ്വതവേ അന്തര്‍മുഖനായിരുന്ന ഇയാളോട് സമീപവാസികള്‍ വിശേഷം തിരക്കിയാല്‍ സൗമ്യമായാണു മറുപടി നല്‍കിയിരുന്നത്. കാറും ബൈക്കും ഓടിക്കാനറിയില്ലായിരുന്ന ഇയാള്‍ക്ക് ഒറ്റപ്പെട്ട ജീവിതരീതിയായിരുന്നു. യുദ്ധം പ്രമേയമാക്കിയ വീഡിയോ ഗെയിം നിര്‍മാണമായിരുന്നു ഇഷ്ടവിനോദം.
കൊലപാതകങ്ങളും ചോരയുമായിരുന്നു ഗെയിമുകളിലെ പ്രധാനയിനങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വിദേശപഠനം പൂര്‍ത്തിയാക്കിയശേഷം വീഡിയോ ഗെയിം ഉണ്ടാക്കി വിറ്റു പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യമെന്ന് അയല്‍വാസിയും അമ്മാവനുമായ ജോസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച രാവിലെയും കേദല്‍ തന്നെ കണ്ടതായി ജോസ് പറഞ്ഞു. മടങ്ങുമ്പോള്‍ 10,000 രൂപയും നല്‍കി. കേദലിന്റെ മുറിയിലേക്ക് മാതാപിതാക്കള്‍ പോലും കടന്നുചെന്നിരുന്നില്ല. ദിവസങ്ങളോളം തുടര്‍ച്ചയായി കംപ്യൂട്ടറിന് മുമ്പില്‍ ചെലവഴിക്കുമായിരുന്നു. വീട്ടില്‍ ബഹളങ്ങളൊന്നും ഉണ്ടാകാറില്ലെന്ന് അയല്‍വീട്ടുകാര്‍ പറയുന്നു. കൊലപാതകം നടന്ന ദിവസങ്ങളിലും അസ്വാഭാവികമായി ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ലെന്നു വീട്ടിലെ ജോലിക്കാരി രഞ്ജിതം പൊലിസിന് മൊഴി നല്‍കി.
കൊലപാതകം നടന്ന വീട്ടിലെ കാര്യങ്ങളും ദുരൂഹമായിരുന്നു. രണ്ടാംനിലയിലേക്കു ജോലിക്കാരികള്‍ക്കോ അടുത്ത ബന്ധുക്കള്‍ക്കോ പോലും പ്രവേശനമുണ്ടായിരുന്നില്ല. ഡോ. ജീന്‍ പത്മയും ഭര്‍ത്താവ് രാജ്തങ്കവും മകള്‍ കരോലിനും കേദലിനോടൊപ്പം രണ്ടാം നിലയിലാണു കഴിഞ്ഞിരുന്നത്. ഭക്ഷണം കഴിക്കാന്‍ മാത്രമേ ഇവര്‍ താഴേക്കു വരുമായിരുന്നുള്ളൂ. ഭക്ഷണം കഴിഞ്ഞശേഷം ബാക്കി അവശിഷ്ടങ്ങള്‍ വീടിനുള്ളിലെ ഗോവണിയില്‍ തൂക്കിയിടുകയായിരുന്നു പതിവ്. കാറ്റും വെളിച്ചവും കടക്കാത്ത രീതിയിലായിരുന്നു മുറികള്‍. ജനലുകള്‍ തുറന്നിരുന്നതേയില്ല. കഴിഞ്ഞ ബുധനാഴ്ചയാണു കൊല്ലപ്പെട്ടവരെ അവസാനമായി കണ്ടതെന്നു വീട്ടുജോലിക്കാരി രഞ്ജിതം പറഞ്ഞു.
പുറത്തുപോയി എത്തിയ കുടുംബാംഗങ്ങള്‍ ഭക്ഷണം മുകളിലേക്കു കൊണ്ടുപോകുകയായിരുന്നു. രണ്ടുദിവസത്തോളം ആരെയും താഴേക്കു കാണാതായതോടെ കേദലിനോട് അന്വേഷിച്ചപ്പോള്‍ അവരെല്ലാവരും വിനോദയാത്രയ്ക്കു പോയതാണെന്നായിരുന്നു മറുപടി. വെള്ളിയാഴ്ച വൈകിട്ടോടെ താഴത്തെ നിലയില്‍ താമസിച്ചിരുന്ന ബന്ധുവായ ലളിതയേയും കാണാതായി. ചോദിച്ചപ്പോള്‍ കേദല്‍ ക്ഷുഭിതനായി. ശനിയാഴ്ച വൈകിട്ടാണു പെട്രോളിന്റെ മണം വീടിനുള്ളില്‍ പടര്‍ന്നത്. കേദലിനോട് ചോദിച്ചെങ്കിലും മറുപടി കിട്ടിയില്ല. തുടര്‍ന്നാണ് ജോസിനെ വിവരമറിയിച്ചത്. കേദലിനെ ജോസ് ഫോണില്‍ വിളിച്ചു. പഴയ പേപ്പറുകളും മറ്റും കത്തിക്കുകയാണെന്നായിരുന്നു മറുപടി. പിറ്റേന്നാണു കൊലപാതകവിവരം പുറത്തറിയുന്നത്. നാലുപേരുടെ കൊലപാതകം നടന്നിട്ടും അതേ വീട്ടില്‍ താമസിച്ചിരുന്ന ജോലിക്കാരി പോലും അതറിഞ്ഞില്ലെന്നത് അന്വേഷണ ഉദ്യോഗസ്ഥരെ അദ്ഭുതപ്പെടുത്തുന്നു. കമ്പ്യൂട്ടറിന് മുന്നിലെ ഏകാന്ത ജീവിതമാണ് കേദല്‍ ജീന്‍സണ്‍ രാജയിലെ കൊലയാളിയെ സൃഷ്ടിച്ചതെന്ന് മന:ശാസ്ത്ര വിദഗ്ദര്‍ വിലയിരുത്തുന്നു.
കേദലിന്റെ ചാത്തന്‍സേവയും ആസ്ട്രല്‍ പ്രൊജക്ഷനും അടക്കമുള്ള വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മൊഴിയെടുക്കലില്‍ പങ്കാളിയായ മനഃശാസ്ത്ര വിദഗ്ധന്‍ കേദലിന് മനോരോഗമാണെന്ന നിഗമനത്തില്‍ എത്തിയത്. ബന്ധുക്കളോ നാട്ടുകാരോ കേദലിന് മാനസികരോഗമാണെന്നു അറിഞ്ഞാല്‍ അതു തങ്ങളുടെ സ്റ്റാറ്റസിന് കോട്ടം വരുത്തുമെന്നും ഇവര്‍ കരുതിയിരുന്നു. ഒരുപക്ഷേ രോഗം ശ്രദ്ധയില്‍ പെട്ടപ്പോഴെ കേദലിനെ ചികിത്സിച്ചിരുന്നുവെങ്കില്‍ രോഗം ഭേദമാകുമായിരുന്നുവെന്നും മെഡിക്കല്‍ കോളജിലെ മനോരോഗ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പള്ളിയില്‍ കൃത്യമായി പോയിരുന്ന കേദല്‍ ബൈബിളിലെ നല്ല കാര്യങ്ങള്‍ക്കു ചെവികൊടുക്കാതെ തന്റെ മനസ് സാത്താനായി മാറ്റിവച്ചു. സമൂഹത്തില്‍ നിലയും വിലയുമുള്ള ജീന്‍ പത്മയും രാജ തങ്കവും മകന്റെ ഏകാന്തതയും ഒതുങ്ങിക്കൂടിയുള്ള ജീവിതരീതിയും ശ്രദ്ധിച്ചില്ലെന്നും മുറിക്കുള്ളില്‍ കമ്പ്യൂട്ടറിന് മുമ്പിലെ മണിക്കൂറുകളോളമുള്ള പ്രവര്‍ത്തനവും കണ്ടില്ലെന്നു നടിച്ചതുമാണ് ദുരന്തത്തിലേക്ക് വഴിവച്ചതെന്നാണ് മനോരോഗ വിദഗ്ധരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."