കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള കണ്ടെയ്‌നറുകള്‍ അഴിയൂരില്‍ കുടുങ്ങി
വടകര: കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് സാധന സാമഗ്രികളുമായി എത്തിയ കൂറ്റന്‍ കണ്ടെയ്‌നറുകള്‍ അഴിയൂരില്‍ കുടുങ്ങി. വളവുകളേറെയുള്ളതും ഇടുങ്ങിയതുമായ മാഹി പട്ടണത്തിലൂടെ കടന്നുപോകാന്‍ കഴിയാത്തതിനാല്‍ അഴിയൂര്‍ അണ്ടിക്കമ്പനിക്ക് സമീപത്തെ പഴയ ദേശീയപാതയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ് കൂറ്റന്‍ കണ്ടെയ്‌നറുകള്‍.
റോഡിലെ വളവുകള്‍ക്ക് പുറമെ താഴ്ന്നുനില്‍ക്കുന്ന വൈദ്യുതി ലൈനുകളും ലൈറ്റുകളും കണ്ടെയ്‌നറുകളുടെ വഴിമുടക്കി. മാഹി വൈദ്യുത വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ മാത്രമെ വാഹനത്തിന് യാത്ര തുടരാന്‍ കഴിയു. എന്നാല്‍ മാഹി വൈദ്യുത വകുപ്പിനെ ഇതുവരെ ആരും സമീപിച്ചിട്ടില്ല. വൈദ്യുതി വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ കണ്ടെയ്‌നറുകള്‍ക്ക് കടന്നു പോകാനുള്ള എല്ലാ സഹായവും പൊലിസിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് മാഹി പൊലിസ് അറിയിച്ചു.
ദേശീയപാതയില്‍ മാഹി നഗരത്തില്‍ നിരവധി വളവുകളും കയറ്റങ്ങളുമുണ്ട്. 34 മീറ്റര്‍ നീളമുള്ള കണ്ടെയിനര്‍ വളച്ചെടുക്കുക ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞായറാഴ്ചയാണ് കണ്ണൂര്‍ ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള എയറോബ്രിഡ്ജുമായി രണ്ട് കണ്ടെയ്‌നറുകള്‍ വടകര മേഖലയിലെത്തിയത്. കണ്ടെയ്‌നറുകള്‍ക്ക് വഴിയൊരുക്കുന്നതിന്റെ ഭാഗമായി മണിക്കൂറുകളോളം മറ്റു വാഹനങ്ങള്‍ പിടിച്ചിട്ടത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ചെന്നൈയില്‍നിന്ന് കഴിഞ്ഞ മെയ് ഏഴിനാണ് ഇവ കണ്ണൂരിലേക്ക് പുറപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."