നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാത: ആക്ഷന്‍ കമ്മിറ്റി വഞ്ചനാദിനം ആചരിച്ചു
സുല്‍ത്താന്‍ബത്തേരി: നഞ്ചന്‍കോട്-വയനാട്-നിലമ്പൂര്‍ റെയില്‍പാതയുടെ ഡി.പി.ആര്‍ തയാറാക്കുന്നതില്‍ നിന്ന് ഡി.എം.ആര്‍.സിയെ സംസ്ഥാന സര്‍ക്കാര്‍ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി ഇന്നലെ വഞ്ചനാദിനം ആചരിച്ചു. 2014 ജൂണ്‍ 24നായിരുന്നു കേരള സര്‍ക്കാര്‍ ഡി.പി.ആര്‍ തയാറാക്കാന്‍ എട്ടുകോടി രൂപ അനുവദിച്ച് ഡി.എം.ആര്‍.സിയെ ചുമതലപ്പെടുത്തിയത്. ഒരു വര്‍ഷം കൊണ്ട് ഡി.പി.ആറും സര്‍വേയും പൂര്‍ത്തിയായി പാതയുടെ പണി തുടങ്ങാന്‍ സാധിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇതിനായി ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ ഡി.എം.ആര്‍.സി പ്രാരംഭ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കിയെങ്കിലും സര്‍ക്കാര്‍ ഫണ്ട് നല്‍കാതെയും നിസഹകരിച്ചും പദ്ധതി അട്ടിമറിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവിറങ്ങി രണ്ട് വര്‍ഷം പൂര്‍ത്തിയായ ദിവസമാണ് ആക്ഷന്‍ കമ്മിറ്റി വഞ്ചനാദിനമായി ആചരിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വിഢികളാക്കുകയും ചെയ്യുന്ന സമീപനമാണ് ഈ പാതയുടെ കാര്യത്തില്‍ രണ്ടു വര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. കര്‍ണ്ണാടക സര്‍ക്കാര്‍ സര്‍വേക്ക് അനുമതി നല്‍കുന്നില്ല എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുകയും ഒടുവില്‍ സര്‍വേയുമായി സഹകരിക്കുമെന്ന കര്‍ണ്ണാടക സര്‍ക്കാരിന്റെ കത്ത് പുറത്തായപ്പോള്‍ ഏഴു മാസം മുമ്പ് കര്‍ണാടക നല്‍കിയ അതേ കത്തിനെ ആശ്രയിച്ച് തുടര്‍നടപടികള്‍ ചെയ്യാന്‍ തീരുമാനിക്കുകയും ഡി.എം.ആര്‍.സിയെ പുറത്താക്കുകയുമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഒരിക്കലും നടപ്പാക്കാത്ത നിബന്ധനകളോടെയാണ് കേരള റെയില്‍ ഡെവലപ്മന്റ് കോര്‍പ്പറേഷനെ ഡി.പി.ആര്‍ തയാറാക്കാന്‍ ചുമതലപ്പെടുത്തിയത്. ഡി.എം.ആര്‍.സിയും ഇ. ശ്രീധരനെയും കൊണ്ടുതന്നെ ഡി.പി.ആര്‍ പൂര്‍ത്തിയാക്കാന്‍ വയനാട്ടിലെ ജനപ്രതിനിധികള്‍ ഇടപെടണമെന്നും ബഹുജനങ്ങള്‍ ഇതിനായി പ്രക്ഷോഭത്തിനിറങ്ങണമെന്നും വഞ്ചനാദിനത്തില്‍ ആക്ഷന്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു. സുല്‍ത്താന്‍ ബത്തേരി ഗാന്ധി ജങ്ഷനില്‍ നടന്ന പരിപാടിയില്‍ അഡ്വ. ടി.എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാല്‍, പ്രശാന്ത് മലവയല്‍, സി.കെ ഹാരിഫ്, എം.എ അസൈനാര്‍, ജോയിച്ചന്‍ വര്‍ഗീസ്, ജോസ് തണ്ണിക്കോട്, നാസര്‍ കാസിം, സംഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."