മംഗല്യസ്വപ്നം പൂവണിഞ്ഞു; ശ്രീനാഥിന് കൂട്ടായി നീതുവെത്തി
കക്കട്ടില്‍: രണ്ടു വര്‍ഷം മുന്‍പ് ബൈക്ക് അപകടത്തില്‍ അരയ്ക്കു താഴെ തളര്‍ന്ന നരിപ്പറ്റ റോഡ് സ്വദേശി പനയുള്ള പറമ്പത്ത് നാണുവിന്റെ മകന്‍ ശ്രീനാഥിന് കൂട്ടായി പത്തനംതിട്ടക്കാരി നീതുവെത്തി. മൂന്ന് മാസം മുന്‍പ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു പ്രണയത്തിലായ പതിനെട്ടുകാരി നീതു ഇക്കഴിഞ്ഞ ബുധനാഴ്ച ശ്രീനാഥിന്റെ വീട്ടിലെത്തുകയായിരുന്നു. അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ട കാര്യം അറിഞ്ഞു കൊണ്ടു തന്നെയാണ് ബി.എ ഇക്കണോമിക്‌സിനു പഠിക്കുന്ന പത്തനംതിട്ട കൊച്ചോയിക്ക സെയ്യതോട് സ്വദേശിനി നീതു ശ്രീനാഥിന്റെ വീട്ടിലെത്തിയത്.
നീതുവിന്റെ വീട്ടുകാര്‍ പത്തനംതിട്ട പൊലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശ്രീനാഥിന്റെ വീട്ടിലെത്തി പൊലിസ് നീതുവിനെ വനിതാ സെല്ലിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് നാദാപുരം ഡിവൈ.എസ്.പി പ്രിന്‍സ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വനിതാ പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വിവരമറിയിച്ചതിനാല്‍ അവരുടെ പരാതിയില്‍ കേസെടുത്ത് റാന്നി കോടതിയില്‍ ഹാജരാക്കിയെങ്കിലും ശ്രീനാഥിനോടൊപ്പം കഴിയാനാണ് ആഗ്രഹമെന്ന് പറഞ്ഞ നീതുവിനെ ബുധനാഴ്ച രാവിലെ താഴെ വള്ള്യാട്ട് സുദര്‍ശന മഹാവിഷ്ണു ക്ഷേത്ര മുറ്റത്ത് വെച്ച് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളെയും ശ്രീനാഥിന് ഗൃഹപരിചരണം നടത്തുന്ന കക്കട്ടിലെ സ്‌നേഹപാലിയേറ്റിവ് പ്രവര്‍ത്തകരെയും സാക്ഷിയാക്കി ലളിതമായ ചടങ്ങില്‍ വിവാഹം നടത്തി. വരുംദിവസം നാട്ടുകാര്‍ക്കായി വിവാഹ സല്‍ക്കാരം നടത്താനാണ് ഉദ്ദേശ്യം.
പാലിയേറ്റിവ് വളണ്ടിയര്‍മാരായ കരുവങ്കണ്ടി അബ്ദുറഹ്മാന്‍ ഹാജി, പി.കെ റഷീദ്, സി.സൂപ്പി, സി.കെ ഖാസിം, എടക്കലപ്പുറത്ത് അബൂബക്കര്‍ ഹാജി, പി.എം അഷ്‌റഫ് ,കെ.പി അഷ്‌റഫ് എന്നിവരും ചടങ്ങിനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."