കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍: പത്തുവര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കേസുകള്‍ 2018ല്‍
തിരുവനന്തപുരം: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കുട്ടികളെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ വര്‍ഷം. സംസ്ഥാനത്ത് 193 കേസുകളാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്.
സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ 2008 മുതലുള്ള കണക്കെടുത്താല്‍ 2015ലാണ് പിന്നീട് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 171 കേസുകള്‍. 2008ല്‍ 87, 2009ല്‍ 83, 2010ല്‍ 111, 2011ല്‍ 129, 2012ല്‍ 147, 2013ല്‍ 136, 2014ല്‍ 130, 2016ല്‍ 154, 2017ല്‍ 100 എന്നിങ്ങനെയാണ് മറ്റു വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ എണ്ണം.
കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ഒരുകേസില്‍ മാത്രമാണ് ഇതുവരെയും കുട്ടിയെ കണ്ടെത്താന്‍ കഴിയാതെ പോയത്. കേസുകളില്‍ ഉള്‍പ്പെട്ട 227 പ്രതികളില്‍ 197 പേര്‍ പിടിയിലായി. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്.
കോഴിക്കോട് സിറ്റിയില്‍നിന്ന് 18 കേസുകളും റൂറലില്‍നിന്ന് 15 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. എറണാകുളം ജില്ലയാണ് രണ്ടാമത്. ഇവിടെ നിന്ന് 23 കേസുകളും തിരുവനന്തപുരത്ത് നിന്ന് 19 കേസുകളും കൊല്ലം, ആലപ്പുഴ ജില്ലകളില്‍നിന്ന് 17 കേസുകളും, പാലക്കാട്‌നിന്ന് 16 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും കുറവ് പത്തനംതിട്ടയില്‍ നിന്നാണ്. മൂന്ന് കേസുകള്‍ മാത്രമാണ് ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ ക്രൈംബ്രാഞ്ച് പൊലിസ് അസി.കമ്മിഷണര്‍ നോഡല്‍ ഓഫിസറായി ജില്ലാ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് യൂനിറ്റുകളും സ്‌പെഷല്‍ ജുവനൈല്‍ പൊലിസ് യൂനിറ്റുകളും സ്‌കൂളുകളില്‍ ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ് ക്ലബുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."