കരിമണ്ണൂരില്‍ യു.ഡി.എഫിന് ഭരണം പോയി: കോണ്‍ഗ്രസ് വിമതന് പ്രസിഡന്റായി
തൊടുപുഴ: കരിമണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമായി. എല്‍.ഡി.എഫ് അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസ് വിമതന് ഡി. ദേവസ്യ പ്രസിഡന്റായി.
കോണ്‍ഗ്രസിന്റെ സിബി കുഴിക്കാട്ടായിരുന്നു യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി. സിപിഎം പിന്തുണയോടെ നാടകീയമായി ദേവസ്യ എല്‍ഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി എത്തുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ദേവസ്യയ്ക്കും സിബി കുഴിക്കാട്ടിനും ഏഴു വോട്ടുകള്‍ വീതം ലഭിച്ചു. തുടര്‍ന്നു നടന്ന നറുക്കെടുപ്പിലാണു ദേവസ്യയ്ക്കു പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. കേരള കോണ്‍ഗ്രസ് എമ്മിന്റെ ടോജോ പോളായിരുന്നു പഞ്ചായത്ത് പ്രസിഡന്റ്. യുഡിഎഫിലെ ധാരണ പ്രകാരം ആദ്യത്തെ രണ്ടര വര്‍ഷം കേരള കോണ്‍ഗ്രസിനും, തുടര്‍ന്നുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസിനും നല്‍കണമെന്നതായിരുന്നു. ഇതു പ്രകാരം ടോജോ രാജി വച്ചിരുന്നു. തുടര്‍ന്നാണു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞയാഴ്ച തൊടുപുഴ നഗരസഭ ചെയര്പേഴ്സന് തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടിരുന്നു. വൈസ് ചെയര്മാന് ടി.കെ. സുധാകരന്റെ വോട്ട് അസാധുവായതോടെ സിപിഎം പ്രതിനിധി മിനി മധു നറുക്കെടുപ്പിലൂടെ ചെയര്‍പേഴ്സനായി.
അതേസമയം കരിമണ്ണൂരില്‍ നടന്നത് കൂറുമാറ്റ നിരോധന നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും സിപിഎം നടത്തിയത് രാഷ്ട്രീയ കുതിരക്കച്ചവടമാണെന്നും നിയമപരമായി നേരിടുമെന്നും ഡി.സി.സി പത്രക്കുറുപ്പില്‍ അറിയിച്ചു. താന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചതായി ഡി. ദേവസ്യയും അറിയിച്ചു. ജനാധിപത്യ മര്യാദയില്ലാതെ, ചാക്കിട്ടുപിടുത്തവും കുതികാല് വെട്ടലും പതിവാക്കിയിരിക്കുന്ന സി.പി.എം. അധികാര ദുര്‍വിനിയോഗം നടത്തുന്ന സ്ഥിരം പതിവാണ് കരിമണ്ണൂരില്‍ ദൃശ്യമായതെന്ന് ഡി.സി.സി. അംഗം മനോജ് കോക്കാട്ട് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."