ട്രെയിന്‍ യാത്രാ സുരക്ഷ യാത്രക്കാരന്റെ മാത്രം ഉത്തരവാദിത്തം
കാസര്‍കോട്: കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ ട്രെയിന്‍ യാത്രയിലെ സുരക്ഷ യാത്രക്കാരന്റെ മാത്രം ഉത്തരവാദിത്വമായി മാറുകയാണ്. കണ്ണൂര്‍ മുതല്‍ മംഗളുരുവരെയുള്ള യാത്രകളില്‍ ട്രെയിനുകളില്‍ ഉണ്ടാകുന്ന അക്രമ സംഭവങ്ങളിലും മറ്റും യാത്രക്കാര്‍ തന്നെ ഇടപെടേണ്ട അവസ്ഥയാണു നിലവിലുള്ളത്. കണ്ണൂരില്‍ നിന്നു ട്രെയിന്‍ വിട്ടാല്‍ കാസര്‍കോട് വരെയുള്ള യാത്രക്കിടയില്‍ ട്രെയിനില്‍ എന്തു സംഭവിച്ചാലും പൊലിസിന് ഉടന്‍ ഇടപെടാന്‍ പറ്റാത്ത അവസ്ഥയുണ്ട്. കണ്ണൂരിലും കാസര്‍കോടും മാത്രമാണ് റെയില്‍വേ പൊലിസ് സ്റ്റേഷനുകള്‍ ഉള്ളത്. നേരത്തെ കണ്ണൂരിനും കാസര്‍കോടിനും ഇടയിലെ റെയില്‍വേ സ്റ്റേഷനുകളില്‍ പൊലിസുകാരെ നിയോഗിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ പതിവു പേരിനുമാത്രമായി ചുരുക്കി. ആവശ്യത്തിനു പൊലിസുകാരില്ലെന്നതാണ് ഇതിനു നല്കുന്ന ന്യായീകരണം. കഴിഞ്ഞ ദിവസം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നു യാത്ര തുടങ്ങിയ പാസഞ്ചര്‍ ട്രെയിനില്‍ മാനസീകരോഗി കുഴപ്പമുണ്ടാക്കിയപ്പോള്‍ തടയാനാകാതെ യാത്രക്കാര്‍ക്കു നോക്കി നില്‍ക്കേണ്ടി വന്ന അവസ്ഥയും ഉണ്ടായിരുന്നു. ഒടുവില്‍ അക്രമം നടത്തിയയാളെ ട്രെയിനിന്റെ ടോയ്ലറ്റില് പൂട്ടിയിട്ടാണ് അക്രമത്തില്‍ നിന്നു യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഇയാളെ പിന്നീട് പയ്യന്നൂരിലെത്തി ലോക്കല്‍ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."