മരണസംഖ്യ: ബ്രസീല്‍ പ്രതിസന്ധിയില്‍
വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ഭീതി തുടരുന്നു. വിവിധ രാജ്യങ്ങളില്‍ മരണസംഖ്യയും രോഗികളുടെ എണ്ണവും ക്രമാതീതമായി ഉയരുകയാണ്. ബ്രസീലില്‍ കഴിഞ്ഞ ദിവസം മാത്രം 1,179 പേരാണ് മരിച്ചത്. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടേമുക്കാല്‍ ലക്ഷത്തോളമായി. മരണസംഖ്യ 17,983 ആണ്. ദിവസങ്ങള്‍ക്കകമാണ് മരണസംഖ്യയിലും രോഗികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിരിക്കുന്നത്.
ബ്രസീലില്‍ കൊവിഡ് പ്രതിരോധ വിഷയത്തില്‍ മന്ത്രിസഭയിലെ അഭിപ്രായവ്യത്യാസങ്ങളും രാജ്യത്തെ പ്രതിസന്ധിക്ക് ആക്കംകൂട്ടുന്നുണ്ട്. പ്രസിഡന്റ് ജയര്‍ ബോല്‍സനാരോയുമായി അഭിപ്രായവ്യത്യാസമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രി ലൂയിസ് മണ്ഡേറ്റയെ പുറത്താക്കിയിരുന്നു. പിന്നീട് ആരോഗ്യമന്ത്രിയായി പ്രസിഡന്റുതന്നെ നിയമിച്ച നെല്‍സണ്‍ ടെയ്ക്കും കഴിഞ്ഞ ദിവസം രാജിവച്ചൊഴിഞ്ഞിരുന്നു.
അതേസമയം, ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. 50,03,500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 3,25,223 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 19.72 ലക്ഷം പേര്‍ രോഗവിമുക്തരായി. എന്നാല്‍, ലോകാരോഗ്യ സംഘടന നല്‍കുന്ന കണക്കനുസരിച്ച് 47,61,559 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 3,17,529 പേര്‍ മരിച്ചതായും ഔദ്യോഗിക കണക്കില്‍ വ്യക്തമാക്കുന്നു. അമേരിക്കയില്‍ മരണസംഖ്യ 93,542 ആയി. 15.71 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണസംഖ്യയില്‍ ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളത്.
രോഗികളുടെ എണ്ണത്തില്‍ റഷ്യയും മൂന്നു ലക്ഷം പിന്നിട്ടിട്ടുണ്ട്. സ്‌പെയിന്‍, ബ്രസീല്‍, ബ്രിട്ടന്‍, ഇറ്റലി എന്നിവിടങ്ങളില്‍ മരണസംഖ്യ രണ്ടു ലക്ഷം പിന്നിട്ടിട്ടുണ്ട്. പാകിസ്താനില്‍ മരണസംഖ്യ ആയിരത്തോട് അടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."