സാത്താന്‍ സേവയല്ല; ആസൂത്രിതമെന്ന് പൊലിസ് നന്തന്‍കോട് കൂട്ടക്കൊല
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജ് മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനു ശേഷമാണു കൂട്ടക്കൊല നടത്തിയതെന്ന് പൊലിസ്. ആഭിചാരകര്‍മത്തിന്റെ ഭാഗമായല്ല ആസൂത്രിതമായ കൊലപാതകം തന്നെയാണെന്നും ആസ്ട്രല്‍ പ്രൊജക്ഷന്‍ ആണെന്നു പ്രതി നല്‍കിയ മൊഴി പുകമറ സൃഷ്ടിക്കാനാണെന്നും പൊലിസ് പറയുന്നു. ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പ്രക്രിയയിലൂടെ ശരീരത്തില്‍ നിന്നും മനസിനെ വേര്‍പ്പെടുത്തി മറ്റൊരു ലോകത്തെത്തിക്കുന്ന കര്‍മമാണ് നടത്തിയതെന്നായിരുന്നു കേദല്‍ നേരത്തെ മൊഴി നല്‍കിയിരുന്നത്.
എന്നാല്‍ ഇയാള്‍ തീര്‍ത്തും മനോരോഗിയാണെന്നും കൊലപാതകത്തെ സംബന്ധിച്ച് കൂടുതല്‍ ശാസ്ത്രീയമായ തെളിവുകള്‍ ആവശ്യമാണെന്നും പൊലിസ് പറയുന്നു. പ്രതിയെ ചെന്നൈയില്‍ എത്തിച്ച് തെളിവെടുപ്പു നടത്താനും പൊലിസ് ഒരുങ്ങുകയാണ്. മാതാപിതാക്കളെ കൊല്ലാനുറച്ചുതന്നെ ആസൂത്രിതമായി നടത്തിയ കൊലപാതകമായിരുന്നുവെന്ന് ഇന്നലെ പൊലിസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു. ആദ്യം പിതാവിനെയും തുടര്‍ന്നു മാതാവിനേയും കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കുന്നതിനാണ് സഹോദരിയേയും ബന്ധുവായ സ്ത്രീയേയും കൊലപ്പെടുത്തിയത്. കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമ്പോള്‍ താന്‍ മറ്റൊരു ലോകത്തായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞതായും പൊലിസ് അറിയിച്ചു. വീട്ടുകാരില്‍ നിന്നു നേരിട്ട അവഗണനയില്‍ മനംമടുത്താണ് കൊലപാതകം നടത്തിയതെന്നാണു മൊഴി. കുടുംബത്തിലെ മിക്കവരും വിദ്യാഭ്യാസത്തിലും ഉന്നത ഉദ്യോഗങ്ങളിലുമാണ്. ചെറുപ്പം മുതല്‍ പഠനകാര്യങ്ങളില്‍ പിന്നോക്കമായിരുന്നു. പ്ലസ് ടു മാത്രം പാസായ തനിക്ക് വിദേശ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നും ഇതിന്റെ പേരില്‍ പിതാവില്‍ നിന്നു വലിയ അവഗണന നേരിട്ടിരുന്നുവെന്നും കൂടാതെ പലപ്പോഴും തന്നെ ഒരു മനോരോഗിയായി ചിത്രീകരിച്ചെന്നും ഇയാള്‍ പൊലിസിനോട് പറഞ്ഞു. കേസില്‍ നിന്ന് രക്ഷപ്പെടാനാണ് കൊലപാതകത്തെ ആഭിചാരകര്‍മമായി മാറ്റാന്‍ ശ്രമിച്ചത്.
തെളിവു നശിപ്പിക്കാനും കൃത്യം നടത്താനും ഇയാള്‍ വ്യക്തമായ പദ്ധതി തയാറാക്കിയിരുന്നുവെന്നും പൊലിസ് പറഞ്ഞു. കൊലപാതകത്തിനു ശേഷം വീട്ടുജോലിക്കാരിയെ തെറ്റിദ്ധരിപ്പിക്കാന്‍ എല്ലാവര്‍ക്കുമുള്ള ഭക്ഷണം കേദല്‍ മുകളിലത്തെ നിലയിലേക്ക് രണ്ടു ദിവസം കൊണ്ടുപോവുകയും ചെയ്തിരുന്നു. മൃതദേഹങ്ങള്‍ സ്വന്തം മുറിയിലെ കുളിമുറിയിലിട്ടു കത്തിച്ചെന്നു പ്രതി സമ്മതിച്ചു. പരസ്പര വിരുദ്ധമായാണു പല ചോദ്യങ്ങള്‍ക്കും ആദ്യം ഉത്തരം നല്‍കിയത്. ഇതിനാല്‍ മനഃശാസ്ത്ര വിദഗ്ധരുടെ സാന്നിധ്യത്തില്‍ ആയിരുന്നു ഇന്നലെ ചോദ്യം ചെയ്തത്.
പ്രതിക്ക് നേരത്തെതന്നെ സ്‌കിസോഫ്രീനിയ എന്ന കടുത്ത മാനസികരോഗം പ്രകടമായിരുന്നിരിക്കാമെന്നാണ് മാനസികാരോഗ്യ വിദഗ്ധരുടെ നിഗമനം. മാനസികരോഗം പുറത്തറിഞ്ഞാല്‍ അതു തങ്ങളുടെ സോഷ്യല്‍ സ്റ്റാറ്റസിനെ ബാധിക്കുമെന്നു കരുതി രക്ഷിതാക്കള്‍ രോഗവിവരം മറച്ചു വച്ചതായിരിക്കാമെന്നും മനഃശാസ്ത്ര വിദഗ്ധര്‍ വിലയിരുത്തുന്നു.
പൊലിസിന്റെ ചോദ്യം ചെയ്യലിനുശേഷം ഫോറന്‍സിക് പരിശോധനക്കും ഇയാളെ വിധേയമാക്കി. പിന്നീട് കോടതിയില്‍ ഹാജരാക്കി. പ്രതിയുടെ ഉദ്ദേശം വ്യക്തമല്ലെന്ന് പൊലിസ് കോടതിയില്‍ പറഞ്ഞു. തുടര്‍ന്നു തെളിവു ശേഖരിക്കുന്നതിനായി അഞ്ചു ദിവസത്തേക്ക് കോടതി പ്രതിയെ കസ്റ്റഡിയില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."