അപകടങ്ങള്‍ തുടര്‍ക്കഥ; സ്വകാര്യ ബസുകളുടെ അമിതവേഗത ജീവനു ഭീക്ഷണിയാകുന്നു
സ്വന്തം ലേഖകന്‍
കൊട്ടാരക്കര: സ്വകാര്യബസുകളുടെ അമിതവേഗവും അശ്രദ്ധയും മത്സര ഓട്ടവും പൊതുജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്നു.
ബസുകളിലെ യാത്രക്കാരും നിരത്തുകളിലെ കാല്‍നട യാത്രക്കാരും ഒരു പോലെ ഭീതിയിലാണ്. ഇവയെ നിയന്ത്രിക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പും പൊലിസും നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കഴിഞ്ഞദിവസം കൊട്ടാരക്കര ടൗണില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു മുന്‍വശത്ത് സ്വകാര്യ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ ബസ് യാത്രക്കാരായ 11 പേര്‍ക്കാണ് പരുക്കേറ്റത്. ഇവരില്‍ പലരുടെയും പരുക്ക് ഗുരുതരമായിരുന്നു. തിരക്കേറിയ കൊട്ടാരക്കര ടൗണില്‍ ഈ ബസിന്റെ ഡ്രൈവര്‍ അശ്രദ്ധമായും അമിതവേഗത്തിലുമാണ് ബസ് ഓടിച്ചിരുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഇയാള്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടാണ് വാഹനം ഓടിച്ചിരുന്നതെന്ന ആക്ഷേപവും ഉണ്ട്.
മിക്ക സ്വകാര്യ ബസുകളും ടൗണില്‍ പോലും നിയമങ്ങള്‍ പാലിക്കാറില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കൊട്ടാരക്കര ഭരണിക്കാവ് റൂട്ടിലും കൊട്ടാരക്കര ഓയൂര്‍ റോഡിലുമാണ് പ്രധാനമായും സ്വകാര്യ ബസുകള്‍ സര്‍വിസ് നടത്തുന്നത്. ഓരോ അഞ്ചു മിനിട്ട് ഇടവിട്ട് ഈ റൂട്ടില്‍ സ്വകാര്യ ബസുകള്‍ ഓടുന്നുണ്ട്. ഇവര്‍ തമ്മിലുള്ള മത്സരങ്ങളും സംഘര്‍ഷങ്ങളും പതിവാണ്. ഈ രണ്ടു റൂട്ടുകളിലും ഇപ്പോള്‍ വേണാട് ബസുകള്‍ വിജയകരമായി സര്‍വിസ് നടത്തി വരുന്നുണ്ട്. പരസ്പരം മത്സരിച്ചിരുന്ന സ്വകാര്യ ബസുകള്‍ ഇപ്പോള്‍ കെ.എസ്.ആര്‍.ടി.സി ബസുകളോടും മത്സരിക്കുന്നത് അകട ഭീക്ഷണി വര്‍ധിപ്പിക്കുന്നുണ്ട്.
ജീവന്‍ പണയം വച്ചാണ് ഇപ്പോള്‍ സ്വകാര്യ ബസുകളില്‍ സഞ്ചരിക്കുന്നതെന്ന് യാത്രക്കാര്‍ പറയുന്നു. മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്തവരും മദ്യപിച്ച് വാഹനം ഓടിക്കുന്നവരുമാണ് ഇവിടെ സ്വകാര്യ ബസുകളില്‍ ഡ്രൈവര്‍മാരായിട്ടുള്ളതെന്ന ആക്ഷേപവുമുണ്ട്.
കൊട്ടാരക്കര ഓയൂര്‍, കൊട്ടാരക്കര-ഭരണിക്കാവ് റൂട്ടുകളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ചെറുതും വലുതുമായ ഒട്ടനവധി അപകടങ്ങളും മരണങ്ങളും നടന്നിട്ടുണ്ട്. മത്സര ഓട്ടങ്ങളും അശ്രദ്ധയുമാണ് മിക്ക അപകടങ്ങളുടെയും കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."