ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: ലഹരിയുടെ പിടിയില്‍ കാടിന്റെ മക്കള്‍
കാട്ടാക്കട: വയസ് 14 കഴിഞ്ഞതേയുള്ളൂ. അഗസ്ത്യവനത്തിലെ കാട്ടുമൂപ്പനായ അരുവിത്താന്റെ മകളാണ് സന്ധ്യ. പുറത്തെ സ്‌കൂളില്‍ എട്ടാം തരത്തില്‍ പഠിക്കുന്ന സന്ധ്യയെ വിവാഹം ചെയ്യാന്‍ കാട്ടിലുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും ആഗ്രഹം. കാട്ടുമൂപ്പന് പണത്തിന്റെ ആവശ്യം വന്നു. കാണിക്കാര്‍ക്ക് എവിടെ പണം കിട്ടാന്‍. ചെറുപ്പം മുതലേ തികഞ്ഞ മദ്യപാനിയായ അരുവിത്താന്‍ കാട്ടില്‍ തന്നെ ചാരായം വാറ്റി വില്‍പ്പന നടത്തുന്ന പരപ്പനെ കണ്ടു കാര്യം പറഞ്ഞു. പരപ്പന്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നെ മൂളി. മൂപ്പന് 5000 രൂപ കിട്ടി. കടം കൊടുത്ത തുക തിരികെ വാങ്ങാന്‍ വന്ന പരപ്പന് കൊടുക്കാന്‍ കാശില്ല. പിന്നെ സമ്മര്‍ദ്ദമായി. പുറത്തുനിന്നും വന്ന പലരും മൂപ്പനോട് പണം തിരികെ നല്‍കാന്‍ പറഞ്ഞു. നിസ്സഹായതയുമായി ഇരുന്ന മൂപ്പന് ഒരു കുപ്പി ചാരായവുമായി എത്തിയ പരപ്പന്‍ ഒരു നിര്‍ദേശം വച്ചു.
പണത്തിനു പകരം സന്ധ്യയെ വിവാഹം ചെയ്തു തരണം. കാട്ടിലുള്ളവര്‍ മിക്കവരും പരപ്പനെ പിന്‍തുണച്ചു. ഒടുവില്‍ മദ്യത്തിന്റെ ലഹരിയില്‍ മകളെ മുഴുക്കുടിയനായ 18 കാരന് സന്ധ്യ എന്ന കുട്ടിയെ നല്‍കി. അങ്ങിനെ 5000 രൂപയ്ക്ക് സന്ധ്യയെ അയാള്‍ വാങ്ങി. 15-ാം വയസില്‍ അമ്മയായ സന്ധ്യയും ചാരായത്തിന്റെ രുചി അറിഞ്ഞു. ഭര്‍ത്താവ് ചാരായം വാറ്റാന്‍ പോകും. അര്‍ധരാത്രിയില്‍ എത്തും. വീട്ടില്‍ വഴക്കും ദാരിദ്ര്യവും. അതിനിടെ അവള്‍ വിണ്ടും ഗര്‍ഭിണിയായി. കുട്ടി വേറെ ആരുടേതാണെന്ന് പറഞ്ഞ് മര്‍ദനം തുടര്‍ന്നു.
സന്ധ്യയെ നാട്ടില്‍ ഡോക്ടറെ കാണിച്ച ശേഷം ഓട്ടോറിക്ഷയില്‍ മടക്കി കൊണ്ടുവരമ്പോള്‍ കാട്ടിനുള്ളില്‍ വച്ച് കയ്യില്‍ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് തലങ്ങും വിലങ്ങും വെട്ടി തുണ്ടം തുണ്ടമാക്കി കൊന്നു.
കാടായതിനാല്‍ അവളുടെ നിലവിളി ആരും കേട്ടില്ല. മദ്യപിച്ച് അവശനായിരുന്ന ഇയാള്‍ വെട്ടി തുണ്ടമാക്കിയ ശരീരം കാട്ടിലിട്ട് മറഞ്ഞു. പിന്നെ അയാള്‍ക്ക് ഒരു ആഴ്ചയിലെ ഒളിവ്. ഇയാളുടെ വീട്ടിനു പുറകിലെ പുളിമരത്തില്‍ തൂങ്ങി നില്‍ക്കുന്ന കാഴ്ചയാണ് പിന്നെ കാണുന്നത്.
ഏഴുവയസുകാരന്‍ മാധവന്‍കാണി ( യഥാര്‍ഥപേരല്ല) ആളൊരു ചുണകുട്ടനാണ്. വീട്ടില്‍ ആദ്യമുണരുന്നത് അവനാണ്. ഉണര്‍ന്നാല്‍ അല്‍പ്പം വാറ്റ് ചാരായം നിര്‍ബന്ധം. വീട്ടില്‍ തന്നെ സൂക്ഷിച്ചുവച്ചിരിക്കുന്ന ചാരായം കുടിക്കും. സ്‌കൂളില്‍ പോകാറുമില്ല, പഠിക്കാന്‍ ശ്രമിക്കാറുമില്ലാത്ത ഈ കുട്ടിയുടെ ബാല്യം ഇങ്ങനെയങ്ങ് തീരും.
സന്ധ്യ ഉള്‍പ്പടെയുള്ളവരുടെ വേദനിപ്പിക്കുന്ന ഓര്‍മ്മകളില്‍ നീറുമ്പോള്‍ കാടിന്റെ മക്കള്‍ക്ക് ലഹരിയുടെ കാണാക്കയങ്ങളിലേക്ക് നീന്തുകയാണ്. വാലിപ്പാറ സെറ്റില്‍മെന്റിലെ ബിജുവിന് 14 വയസായി. മുറുക്കും മദ്യവും വീക്ക്‌നെസ്. പഠിത്തമില്ല. വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തും. കൂട്ടുകാരുമായി കൂടുന്നതിനിടെ ആര് കൂടുതല്‍ കുടിയ്ക്കുമെന്നത് വാശിയായി. മല്‍സരിച്ച് കുടിച്ചു. ബിജുവിനെ തോല്‍പ്പിച്ച് വേറെ ആരോ ജയിച്ചു. നൈരാശ്യം പൂണ്ട ബിജു താമസിയാതെ കാട്ടുമരത്തില്‍ തൂങ്ങി ജീവനൊടുക്കി.
മൂന്നാം മാസത്തില്‍ തുടങ്ങുന്നു ചാരായ ഉപയോഗം. ആദ്യ ചോറൂണിനൊപ്പം അല്‍പ്പം മദ്യവും നല്‍കും. പിന്നെ കാട്ടിലെ ഉത്സസവങ്ങള്‍ക്കും പൂജകള്‍ക്കും ദൈവത്തിന് നല്‍കുന്ന ചാരായം കുട്ടികള്‍ക്കും നല്‍കും. അതുമുതല്‍ തുടങ്ങുന്നു ഇവരുടെ പാലായനങ്ങള്‍. ഏതാണ്ട് 10 വയസ് ആകുമ്പോള്‍ തന്നെ മിക്ക കുട്ടികളും കുടി തുടങ്ങും. അതിനോടൊപ്പം പാന്‍മസാലയും കഞ്ചാവും. എല്ലാം കൂടിയാകുമ്പോള്‍ കുട്ടികള്‍ പഠനം ഉപേക്ഷിച്ച് ഇതിലേക്ക് നീങ്ങും.
അങ്ങിനെ മുഴുക്കുടിയന്മാരാകും. വിവാഹം കഴിയുന്നതോടെ ബാധ്യതകള്‍ മദ്യപാനം വര്‍ധിപ്പിക്കും. കൂടെ കഴിയുന്ന ഭാര്യമാരും ഇതിന് അടിമയാകും. അതോടെ താളം തെറ്റും. കാട്ടിലെ മിക്ക കുട്ടികളും പാതി വഴിയില്‍ പഠനം അവസാനിപ്പിച്ചവരാണ്. ചിലര്‍ക്ക് അടിസ്ഥാനവിദ്യാഭ്യാസം പോലും ഇല്ല.
കാട്ടില്‍ മൃഗങ്ങളാണ് അക്രമകാരികളെങ്കിലും ഇപ്പോള്‍ കാണിക്കാരാണ് അതില്‍ മുന്നില്‍ കഴിഞ്ഞ 10 വര്‍ഷത്തെ കണക്ക് അനുസരിച്ച് 50 ലേറെ കൊലപാതകങ്ങള്‍ ഈ മലയില്‍ നടന്നു കഴിഞ്ഞു. അതില്‍ ഏറെയും അധികം പ്രായമാകാത്തവര്‍. 18 വയസില്‍ താഴെയുള്ളവര്‍ പകുതിയിലധികം വരുമെന്ന് ഇതു സംബന്ധിച്ച് വന്ന പഠന റിപ്പോര്‍ട്ട് പറയുന്നു.
അമിത മദ്യപാനം മുതലെടുക്കുന്നത് പുറം നാട്ടിലെ വിരുതന്മാര്‍. മദ്യം വാങ്ങി നല്‍കി അവരുടെ കൃഷി സ്ഥലങ്ങള്‍ ചതിയിലൂടെ വാങ്ങും. ആദായം അവരെടുക്കും. പെണ്‍കുട്ടികളെ പോലും ഇവര്‍ വെറുതെ വിടാറില്ല. കുരുമുളകും വനവിഭവങ്ങളും അവര്‍ കൊണ്ടുപോകും. ഇവര്‍ക്ക് നല്‍കുന്നത് ചാരായവും. കാണിക്കാരുടെ അമിത മദ്യപാനം മൂലം പിടികിട്ടാപുള്ളികളായ ഗുണ്ടകള്‍ കാട്ടില്‍ കയറും. അവര്‍ക്ക് ഒളിച്ചിരിക്കാം. അഗസ്ത്യവനത്തില്‍പ്പെട്ട പല കോളനികളിലും ചാരായ-മയക്കുമരുന്ന് ഉപഭോഗം അധികരിച്ചിട്ടും തടയാന്‍ ഒരു നടപടിയും എടുത്തിട്ടില്ല.
ഗ്രാമപഞ്ചായത്തോ, ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റോ മറ്റ് സാമൂഹ്യസംഘടനകളോ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാറില്ല എന്നത് ഗുരുതരമായ ആശങ്കയിലേയ്ക്ക് വഴിതുറന്നിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."