മഴക്കെടുതി നേരിടാന്‍ സംസ്ഥാനം സജ്ജം
മുന്നൊരുക്കങ്ങള്‍ വിലയിരുത്തി
തിരുവനന്തപുരം: മഴക്കെടുതികള്‍ നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന് സംസ്ഥാന റിലീഫ് കമ്മിഷണറും റവന്യൂ ദുരന്ത നിവാരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. വി. വേണുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. കാലവര്‍ഷത്തിനു മുന്നോടിയായുള്ള തയാറെടുപ്പുകള്‍ വിലയിരുത്താനാണ് വിവിധ സേനാ വിഭാഗങ്ങളുടെയും വകുപ്പുകളുടെയും അവലോകന യോഗം ചേര്‍ന്നത്. തദ്ദേശസ്ഥാപനങ്ങളുടെ ദുരന്ത നിവാരണ പദ്ധതിയുടെയും റവന്യു, ആരോഗ്യം ഉള്‍പ്പെടെയുള്ള വകുപ്പുകളുടെയും സന്നദ്ധ സേനാംഗങ്ങളുടെയും വിവിധ സേനകളുടെയും സഹകരണത്തോടെയാകും മഴക്കെടുതികള്‍ നേരിടുക.
കാലവര്‍ഷം സാധാരണനിലയില്‍ ലഭിക്കുമെന്ന പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ മഴക്കെടുതികള്‍ കുറയ്ക്കാനുള്ള മുന്‍കരുതല്‍ കൈക്കൊള്ളാനും യോഗത്തില്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനതല എമര്‍ജന്‍സി കണ്‍ട്രോള്‍ റൂം ജൂണ്‍ ഒന്നുമുതല്‍ പ്രവര്‍ത്തനമാരംഭിക്കും. കൊവിഡ് പശ്ചാത്തലത്തിലായിരിക്കും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം. കൊവിഡ് ഭീതിയുടെ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാംപുകള്‍ ഒരുക്കുകയെന്നതാണ് ഇത്തവണത്തെ വലിയ വെല്ലുവിളിയെന്നും യോഗം വിലയിരുത്തി. ഇതിനാല്‍ പ്രായമേറിയവര്‍, രോഗലക്ഷണങ്ങളുള്ളവര്‍, പ്രത്യേക വിഭാഗങ്ങള്‍ എന്നിവരെ അടിയന്തിര സാഹചര്യത്തില്‍ പാര്‍പ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങളും റവന്യൂ വിഭാഗവും പ്രാദേശികമായി കെട്ടിടങ്ങള്‍ കണ്ടെത്തണം. ഒഴിപ്പിക്കല്‍ മാര്‍ഗരേഖ, മാപ്പുകള്‍ എന്നിവ വകുപ്പുകള്‍ ഏകോപിപ്പിച്ച് തയാറാക്കി വിവരങ്ങള്‍ പരസ്പരം ലഭ്യമാക്കുകയും വേണം. ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്താന്‍ 50 ലേറെ ഹെലി ലാന്‍ഡിങ് സൈറ്റുകളും ദുരന്ത നിവാരണ അതോരിറ്റി കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."