മതം മാറിയതിന് മനോരോഗാശുപത്രിയില്‍ ക്രൂരമര്‍ദനം; പ്രവാസിയെ കോടതി ഇടപെട്ട് മോചിപ്പിച്ചു
സ്വന്തം ലേഖകന്‍
ആലുവ: വിശ്വാസം കൈവിടാന്‍ തയാറാകാതിരുന്നതിന് പ്രവാസിയെ മനോരോഗിയെന്ന് വരുത്തി തടവിലാക്കി ക്രൂര മര്‍ദനത്തിനിരയാക്കി. ഒടുവില്‍ കോടതി ഇടപെട്ട് മോചിപ്പിച്ചു. കഴിഞ്ഞ എട്ടാം തീയതി മുതല്‍ ആലുവ കൂട്ടമശേരിയില്‍ നിന്നും കാണാതായ (സുശീലന്‍ 48) എന്ന സുലൈമാനെയാണ് തൊടുപുഴ പൈങ്കുളത്തെ എസ്.എച്ച് മാനസിക രോഗാശുപത്രിയില്‍ നിന്ന് മോചിപ്പിച്ചത്. ചങ്ങലകളില്‍ ബന്ധിതനാക്കിയും വായില്‍ പ്ലാസ്റ്ററൊട്ടിച്ചും തുകല്‍ ബല്‍റ്റുകൊണ്ട് പൊതിരെ തല്ലിയും കഴിഞ്ഞ 11 ദിവസമായി ക്രൂരമായ പീഡനങ്ങള്‍ക്ക് തന്നെ വിധേയനാക്കിയെന്ന് സുലൈമാന്‍ പറയുന്നു. ബുധനാഴ്ച വൈകിട്ടോടെയാണ് ആലുവ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇടപെട്ട് ഇദ്ദേഹത്തെ മോചിപ്പിച്ചത്.
20 വര്‍ഷമായി പ്രവാസ ജീവിതം തുടരുന്ന സുലൈമാന്‍ അഞ്ച് വര്‍ഷം മുന്‍പാണ് സൗദിയില്‍ വച്ച് ഇസ്‌ലാം മതം സ്വീകരിച്ചത്. ഇത് ആദ്യം അംഗീകരിച്ച കുടുംബം സുലൈമാന്‍ കഴിഞ്ഞ മാര്‍ച്ച് മൂന്നിന് നാട്ടിലെത്തിയതോടെ സംഘ്പരിവാര്‍ സംഘടനകളുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് സുലൈമാനെതിരേ തിരിഞ്ഞു. തുടര്‍ന്ന് ജില്ലാ പൊലിസ് സൂപ്രണ്ടിന് നിരന്തരം വ്യാജ പരാതികള്‍ നല്‍കിയെങ്കിലും സുലൈമാന്‍ തന്റെ വിശ്വാസം കൈവിടാന്‍ തയാറായില്ല. എല്ലാ വ്യാജ പ്രചരണങ്ങളും പൊളിഞ്ഞതോടെയാണ് മനോരോഗിയെന്നു വരുത്തി ഈ ആശുപത്രിയിലാക്കി മര്‍ദിച്ചത്.
സുലൈമാനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച കേസില്‍ സുലൈമാന്റെ ഭാര്യ, ഭാര്യാ സഹോദരന്‍, സഹോദരി പുത്രന്‍ എന്നിവര്‍ക്കെതിരേ കേസെടുക്കാനും പൈങ്കുളം ആശുപത്രിയിലെ ദുരൂഹ പ്രവര്‍ത്തനങ്ങളില്‍ അന്വേഷണം നടത്താനും കോടതി പോലിസിന് നിര്‍ദേശം നല്‍കി. സുലൈമാന്റെ സുഹൃത്ത് സിയാദ് ചാലക്കല്‍ നല്‍കിയ പരാതിയിലാണ് കോടതി ഇടപെട്ട് മോചനം സാധ്യമാക്കിയത്. നേരത്തെ തന്നെ അനധികൃത തടങ്കല്‍ മര്‍ദനങ്ങളുടെ പേരില്‍ കുപ്രസിദ്ധിയാര്‍ജിച്ച പൈങ്കുളം എസ്.എച്ച് ആശുപത്രിക്കെതിരേ ഉന്നതതല അന്വേഷണം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."