എന്‍ഡോസള്‍ഫാന്‍: ദുരിതബാധിതരായ കുട്ടികളുടെ അവകാശം ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷന്‍
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ അനുഭവിക്കുന്ന വിവിധ പ്രശ്‌നങ്ങളെക്കുറിച്ചു പഠിച്ച സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലയിലെ ബഡ്‌സ് സ്‌കൂളുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ദുരിതബാധിതരുടെ ഭവനങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു നടത്തിയ തെളിവെടുപ്പിനുശേഷമാണു ദുരിത ബാധിതരായ കുട്ടികളുടെ ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സര്‍ക്കാരിനു ശുപാര്‍ശ സമര്‍പ്പിച്ചത്.
കാസര്‍കോട്ടെ ദുരിതബാധിത പ്രദേശങ്ങള്‍ നേരിട്ടു സന്ദര്‍ശിച്ച കമ്മിഷന്‍, പ്രശ്‌നവുമായി ബന്ധപ്പെട്ട വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നടപ്പാക്കിവരുന്ന സംവിധാനങ്ങള്‍ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ദുരിതബാധിതരായ കുട്ടികള്‍ക്കു വേണ്ടി ഏര്‍പ്പെടുത്തിയിട്ടുളള വിവിധ സംവിധാനങ്ങള്‍ നേരിട്ടു കണ്ടു മനസ്സിലാക്കിയ കമ്മിഷന്‍, ഇവ കുറേക്കൂടി കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി അതിന് സഹായകരമായ റിപ്പോര്‍ട്ടാണ് സര്‍ക്കാരിനു സമര്‍പ്പിച്ചിരിക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ എന്ന വിഷവസ്തു മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും സൃഷ്ടിക്കുന്നതും ഭാവിയില്‍ സൃഷ്ടിക്കാവുന്നതുമായ പ്രശ്‌നങ്ങളെക്കുറിച്ച് എപ്പിഡമോളജിക്കല്‍ പഠനം നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. അനുബന്ധ രോഗാവസ്ഥകളെ എങ്ങനെ പ്രതിരോധിക്കാമെന്നതും പഠനവിധേയമാക്കണം. ഇതിന് ആവശ്യമായ സംവിധാനങ്ങള്‍ കാസര്‍കോട് കേന്ദ്രീകരിച്ച് ഒരുക്കണമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി ആശുപത്രിയിലെത്തുന്ന രക്ഷിതാക്കള്‍ക്കും പരിചരിക്കുന്നവര്‍ക്കും ആശുപത്രികളിലെ ക്യൂ സമ്പ്രദായം ഒഴിവാക്കണമെന്നു കമ്മിഷന്‍ നിര്‍ദേശിച്ചു. ഇക്കാര്യം കാണിച്ച് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിക്കണം. ഈ വിവരം എല്ലാ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളെയും എംപാനല്‍ഡ് ആശുപത്രികളെയും അറിയിക്കേണ്ടതും അവര്‍ നിര്‍ദേശം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതുമാണ്.
ദുരിതബാധിതപ്രദേശത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്കും ഡയറക്റ്റര്‍ക്കും കമ്മിഷന്‍ നിര്‍ദേശം നല്‍കി.
ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി എന്നിവ ദുരിതബാധിതരെ സംബന്ധിച്ച് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാകയാല്‍ ഇവയ്ക്കാവശ്യമായ സംവിധാനങ്ങള്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും ജില്ലാ-താലൂക്ക് ആശുപത്രികളിലും ലഭ്യമാകുന്നു എന്ന് ഉറപ്പുവരുത്തണം.
കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലകളിലെയും ജില്ലാ-താലൂക്ക് ആശുപത്രികളിലേയും ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരും സ്ഥലംമാറിപ്പോയാല്‍ പകരക്കാരെ കാലതാമസം കൂടാതെ നിയമിക്കണം.
ദുരിതബാധിതര്‍ക്ക് സൗജന്യമായി മരുന്നു നല്‍കണം. ഇതു മുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത്. ഇക്കാര്യം കാണിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറിയും ഡയറക്റ്ററും വ്യക്തമായ മാര്‍ഗരേഖ പുറപ്പെടുവിക്കണം. രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ച് ഫിസിയോതെറാപ്പി നല്‍കുന്ന ജീവനക്കാര്‍ക്ക് ആവശ്യമായ പരിശീലനവും ഉപകരണങ്ങള്‍ ആവശ്യമായപക്ഷം അവയും ലഭ്യമാക്കണം.
കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കണം.
ദുരിതബാധിതരുടെ, പ്രത്യേകിച്ച് 18ല്‍ താഴെ പ്രായമുളളവരുടെ പുനരധിവാസം സാധ്യമാക്കുന്നതിനായി സ്ഥിതിവിവരക്കണക്കിന്റെ അടിസ്ഥാനത്തിലും ആവശ്യം കണക്കിലെടുത്തും കൂടുതല്‍ ബഡ്‌സ് സ്‌കൂളുകള്‍ വേണ്ടിവന്നാല്‍ ആരംഭിക്കണമെന്ന് കമ്മിഷന്‍ ശുപാര്‍ശ ചെയ്തു. ബഡ്‌സ് സ്‌കൂളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വര്‍ഷത്തില്‍ ഒരു തവണയെങ്കിലും കാസര്‍കോട് ജില്ലയില്‍ തന്നെ വിദഗ്ധ പരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കണം. ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ക്കു ഭക്ഷണത്തിനുള്ള ഗ്രാന്റ് അടിയന്തിരമായി വര്‍ധിപ്പിക്കണം. വാഹനസൗകര്യം ഇല്ലാത്ത സ്ഥലത്തുനിന്നു കുട്ടികളെ കൊണ്ടുവരുന്നതിന് അപ്രകാരം സ്ഥിതി ചെയ്യുന്ന ബഡ്‌സ് സ്‌കൂളുകള്‍ക്ക് ഓരോ ജീപ്പ് അനുവദിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്ന് നീക്കിവെയ്ക്കുന്ന പണം ഇത്തരം ആവശ്യങ്ങള്‍ക്കു മതിയാകാത്തതിനാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രത്യേക സാഹചര്യങ്ങളും ആവശ്യങ്ങളും കണക്കിലെടുത്ത് ഇതിനായി പ്രത്യേക ഫണ്ട് ബജറ്റില്‍ വകയിരുത്തണമെന്നും സര്‍ക്കാരിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ദുരിതബാധിതര്‍ക്കും മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും അര്‍ഹമായ നഷ്ടപരിഹാരം നല്‍കുന്നതിനായി പ്രത്യേകം ട്രൈബ്യൂണല്‍ രൂപീകരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്മിഷന്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."