'സിറിയക്കെതിരേ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടി' അമേരിക്കക്ക് റഷ്യയുടെ ഭീഷണി
മോസ്‌കോ: സിറിയന്‍ സര്‍ക്കാരിനെതിരേ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കക്ക് റഷ്യയുടെ ഭീഷണി. സിറിയന്‍ ആക്രമണവുമായി ബന്ധപ്പെട്ട് പരസ്പരം വാക്‌പോര് തുടരുന്നതിനിടെ യു.എസ് വിദേശകാര്യ സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ മോസ്‌കോയിലെത്തി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സിറിയന്‍ വിഷയത്തില്‍ റഷ്യ നിലപാട് ആവര്‍ത്തിച്ചത്.
ടില്ലേഴ്‌സണ്‍ പിന്നീട് ക്രെംലിനില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനുമായും കൂടിക്കാഴ്ച നടത്തി. സെര്‍ജി ലാവ്‌റോവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തുവെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് അറിയിച്ചു.
സിറിയയിലെ ഇദ്‌ലിബില്‍ സര്‍ക്കാര്‍ സൈന്യം നടത്തിയ രാസായുധ ആക്രമണവും തിരിച്ചടിയായി സിറിയന്‍ വ്യോമതാവളത്തില്‍ അമേരിക്ക നടത്തിയ മിസൈല്‍ ആക്രമണവും ശീതകാലയുദ്ധത്തെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്രയുദ്ധത്തിലേക്ക് നയിച്ചിരുന്നു.
സിറിയക്കുനേരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യക്ക് ചില പദ്ധതികളുണ്ട്. ഇത്തരം നടപടികള്‍ ഇനി ആവര്‍ത്തിക്കാതിരിക്കുകയാണ് അടിസ്ഥാനപരമായി വേണ്ടതെന്ന് ലാവ്‌റോവ് റെക്‌സ് ടില്ലേഴ്‌സണോട് ആവശ്യപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
സിറിയയുമായി ബന്ധപ്പെട്ട് യു.എസ് വൃത്തങ്ങള്‍ വ്യത്യസ്ത അഭിപ്രായ പ്രകടനങ്ങള്‍ നടത്തുന്നതിലും ലാവ്‌റോവ് പരാതി അറിയിച്ചിട്ടുണ്ട്. യു.എന്നിലെ യു.എസ് അംബാസഡര്‍ നിക്കി ഹാലെ അസദിനെ പുറത്താക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടപ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് മയപ്പെടുത്തിയാണ് ടില്ലേഴ്‌സണ്‍ സംസാരിച്ചത്. ഉഭയകക്ഷിതലത്തിലും അന്താരാഷ്ട്ര തലത്തിലുമുള്ള വിഷയങ്ങളില്‍ വാഷിങ്ടണില്‍നിന്ന് വ്യത്യസ്തതരം അഭിപ്രായങ്ങള്‍ വരുന്നത് ആശങ്കപ്പെടുത്തുന്നതാണെന്നും ലാവ്‌റോവ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസത്തേതില്‍നിന്നു വ്യത്യസ്തമായി കൂടുതല്‍ നയതന്ത്രപരമായാണ് റെക്‌സ് ടില്ലേഴ്‌സണ്‍ ലാവ്‌റോവിന്റെ ഭീഷണിയെ നേരിട്ടത്. ഇരു രാഷ്ട്രങ്ങളുടെയും തന്ത്രപരമായ സമീപനങ്ങള്‍ വ്യത്യസ്തമാണെങ്കിലും പൊതുലക്ഷ്യങ്ങളും പൊതുതാല്‍പര്യവുമുള്ള വിഷയങ്ങളും കണ്ടെത്തി മുന്നോട്ടുപോകാനാകുമെന്നാണു പ്രതീക്ഷയെന്ന് ടില്ലേഴ്‌സണ്‍ പറഞ്ഞു. സിറിയന്‍ വിഷയത്തില്‍ റഷ്യ അമേരിക്കക്കും പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍ക്കുമൊപ്പമാണോ ഉള്ളതെന്ന് വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം ടില്ലേഴ്‌സന്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."