നാഥനില്ലാ കളരിയായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി
കരുനാഗപ്പള്ളി: ദിനംപ്രതി നൂറുകണക്കിനാളുകളെത്തുന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂപ്രണ്ട് ഇല്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു.
ഇപ്പോള്‍ ആശുപത്രി സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്നത് നിലവിലെ ആര്‍.എം.ഒയാണ്. 17 ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും താലൂക്ക് ആശുപത്രിയില്‍ രോഗികളെ ചികിത്സിക്കാന്‍ ആളില്ലാത്ത സ്ഥിതിയാണുള്ളത്. മഴക്കാലമായതോടെ പകര്‍ച്ചപ്പനി ബാധിച്ച് രോഗികളായി എത്തുന്നവര്‍ ചികിത്സ ലഭിക്കാതെ മടങ്ങിപ്പോകേണ്ട അവസ്ഥയും ഉണ്ട്. ഇവര്‍ക്ക് ഏക ആശ്രയം സ്വകാര്യ ആശുപത്രികളുമാണ്. ഒ.പി വിഭാഗത്തില്‍ ഒരു ഫിസിഷ്യന്റെ സേവനമാണ് ശനിയാഴ്ച ലഭിച്ചത്. അത്യാഹിത വിഭാഗത്തില്‍പോലും ഒരു ഡോക്ടര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചെറിയ അപകടങ്ങള്‍ പോലും ഉണ്ടായാല്‍ രോഗികളെ ഇവിടെ നിന്നും ആലപ്പുഴയിലേക്കും കൊല്ലത്തേക്കും റഫര്‍ ചെയ്യുന്ന സ്ഥിതിവിശേഷമാണ്. ആശുപത്രിയില്‍ ആകെയുള്ള രണ്ടു ആംബുലന്‍സുകളും കട്ടപ്പുറത്താണ്. ഒരെണ്ണം ആശുപത്രി കോംപൗണ്ടില്‍ കിടന്ന് നശിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളോളമായി. മറ്റൊന്ന് ടെസ്റ്റ് വര്‍ക്കിനായി വര്‍ക്ക്‌ഷോപ്പില്‍ കയറ്റിയിട്ട് ആറു മാസവും പിന്നിടുന്നു. ഇതിനാല്‍ മറ്റു ആശുപത്രികളിലേക്ക് രോഗികളെ കൊണ്ടുപോകുന്നതിനു വലിയ തുക നല്‍കേണ്ടി വരും.
അത്യാഹിത വിഭാഗത്തിലുള്ള ഡോക്ടര്‍മാരുടെതൊഴികെ മറ്റുള്ളവരുടെ സേവനം ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ലഭിക്കുന്നില്ലെന്ന വ്യാപക പരാതിയും ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."