പാര്‍ലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു
ന്യൂഡല്‍ഹി: രണ്ടു ഘട്ടമായി നടന്ന ബജറ്റ് സെഷന്‍ പൂര്‍ത്തിയാക്കി പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നലെ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ഈ സെഷനില്‍ ലോക്‌സഭയില്‍ ചരക്കു സേവന നികുതി ബില്ലടക്കം 23 ബില്ലുകള്‍ പാസാക്കുകയും 24 ബില്ലുകള്‍ അവതരിപ്പിക്കുകയും ചെയ്തുവെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചു. സഭ ഫലപ്രദമായും ഗുണഫലങ്ങളോടെയുമാണ് പ്രവര്‍ത്തിച്ചതെന്ന് പറഞ്ഞ സ്പീക്കര്‍, ഈ സെഷനില്‍ മൊത്തം 28 സിറ്റിങ്ങുകള്‍ നടന്നുവെന്നും 8.12 മണിക്കൂര്‍ നേരം സഭാനടപടികള്‍ തടസപ്പെട്ടുവെന്നും അറിയിച്ചു.
ജി.എസ്.ടിയുമായി ബന്ധപ്പെട്ട നാലു ബില്ലുകള്‍ക്ക് പുറമെ, പെയ്‌മെന്റ് ഓഫ് വേജ്‌സ് ഭേദഗതി ബില്‍, ബാങ്ക് നോട്ട് ബില്‍, പ്രസവാവധി ആനുകൂല്യ ബില്‍, ശത്രു സ്വത്ത് ബില്‍, മാനസിക ആരോഗ്യ സംരക്ഷണ ബില്‍, നികുതി നിയമ ഭേദഗതി ബില്‍ എന്നിവയും ലോക്‌സഭ പാസാക്കി.
രണ്ടു ഘട്ടമായാണ് പാര്‍ലമെന്റിന്റെ 2017 ബജറ്റ് സെഷന്‍ നടന്നത്. ആദ്യ ഘട്ടം ജനുവരി 31ന് ആരംഭിച്ച് ഫെബ്രുവരി 9ന് സമാപിച്ചു. രണ്ടാമത്തെ സെഷന്‍ മാര്‍ച്ച് ഒന്‍പതിന് തുടങ്ങി ഇന്നലെ സമാപിച്ചു.
രണ്ടു ഘട്ടമായി നടന്ന രാജ്യസഭ 29 സിറ്റിങ്ങുകളിലായി മൊത്തം 136 മണിക്കൂര്‍ പ്രവര്‍ത്തിച്ചു രാജ്യസഭയില്‍ ആകെ 14 ബില്ലുകളാണ് ഇക്കാലയളവില്‍ ചര്‍ച്ച ചെയ്ത് പാസാക്കുകയോ തിരിച്ചയക്കുകയോ ചെയ്തത്. രാജ്യസഭയില്‍ ഈ സെഷനില്‍ 33 പ്രൈവറ്റ് മെമ്പേഴ്‌സ് ബില്ലുകള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."