വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യത: പരിശോധനക്ക് അവസരമൊരുക്കി തെര. കമ്മിഷന്‍
ന്യൂഡല്‍ഹി:രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കാമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍. വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്. മെയ് ആദ്യവാരം ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ അവസരം നല്‍കാമെന്നാണ് തെര.കമ്മിഷന്‍ വ്യക്തമാക്കിയത്. മെഷിനെ സംബന്ധിച്ച് ഉയര്‍ന്ന ആരോപണത്തെ കാര്യകാരണ സഹിതം ചൂണ്ടിക്കാട്ടാന്‍ ആര്‍ക്കും അവസരം നല്‍കാമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
മെഷിനിന്റെ പ്രവര്‍ത്തനത്തില്‍ ക്രമക്കേടുണ്ടെന്നും മുന്‍കാലത്തെന്നപോലെ പേപ്പര്‍ ബാലറ്റിലേക്ക് തെരഞ്ഞെടുപ്പ് പ്രക്രിയ മാറ്റണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് പ്രശ്‌നം സംബന്ധിച്ച് പരിശോധന നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അവസരമൊരുക്കുന്നത്.
സാങ്കേതിക വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മെഷിനുകള്‍ പരിശോധിക്കാമെന്നും ഏതെങ്കിലും തകരാറുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാമെന്നും കമ്മിഷന്‍ പറയുന്നു. ഇതിനായി ചുരുങ്ങിയത് 10 ദിവസം സമയം അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ഇന്നലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച് ആശങ്ക അറിയിച്ചിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, നേതാക്കളായ ഗുലാം നബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നടന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമത്വം നടന്നുവെന്ന പരാതി രാഷ്ട്രപതിക്ക് കൈമാറിയെന്ന് സന്ദര്‍ശനത്തിനുശേഷം നേതാക്കള്‍ മാധ്യമങ്ങളോടു പറഞ്ഞു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെയും നേരത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടിരുന്നു. സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്‌നം ചര്‍ച്ചചെയ്യാമെന്ന് കമ്മിഷന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍ക്കും വോട്ടിങ് മെഷിന്‍ പരിശോധിക്കാമെന്ന് കമ്മിഷന്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."