അവിസ്മരണീയം പെറു
മോസ്‌കോ: അവസാന അങ്കം അവിസ്മരണീയമാക്കി പെറു മടങ്ങി. പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ ഉണ്ടായിരുന്നില്ലെങ്കിലും അവസാന മത്സരത്തില്‍ മിന്നുന്ന ജയം സ്വന്തമാക്കിയാണ് പെറു മടങ്ങുന്നത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആസ്േ്രതലിയയേണ് പെറു തോല്‍പിച്ചത്.
മത്സരത്തില്‍ സമ്മര്‍ദമൊന്നും ഇല്ലാത്തതിനാല്‍ നല്ല ഫുട്‌ബോളായിരുന്നു ഇരു ടീമുകളും പുറത്തെടുത്തത്. പന്ത് കാലില്‍ കിട്ടിയപ്പോഴെല്ലാം പെറു താരങ്ങള്‍ ആസ്‌ത്രേലിയന്‍ ഗോള്‍ മുഖത്ത് ഭീതിപരത്തിക്കൊണ്ടിരുന്നു. ബോക്‌സില്‍ നിന്ന് എടുത്ത സുന്ദരമായൊരു കിക്കിലൂടെയായിരുന്നു പെറുവിന്റെ ആദ്യ ഗോള്‍ പിറന്നത്. മികച്ച മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 18-ാം മിനുട്ടില്‍ ആന്ദ്രേ കാരില്ലോ പെറു വിനായി ലക്ഷ്യം കണ്ടു. ഗോള്‍ നേടിയതോടെ ആത്മവിശ്വാസം വര്‍ധിച്ച പെറു കൂടുതല്‍ സമയം പന്ത് കൈവശം വെച്ച് കളിച്ചു.
ഗോള്‍ തിരിച്ചടിക്കാന്‍ ആസ്‌ത്രേലിയ ശ്രമങ്ങളെല്ലാം പെറു പ്രതിരോധത്തില്‍ തട്ടി പാളി. രണ്ടാം പകുതിക്ക് ശേഷം 50-ാം മിനുട്ടില്‍ പെറു ക്യാപ്റ്റന്‍ പോളോ ഗ്വേരേരയുടെ വകയായിരുന്നു രണ്ടാം ഗോള്‍. രണ്ടാം ഗോള്‍ വീണതോടെ ആസ്‌ത്രേലിയ തീര്‍ത്തും പ്രതിരോധത്തിലായി. അവസാന വിസില്‍ മുഴങ്ങിയതോടെ റഷ്യന്‍ ലോകകപ്പിലെ ആദ്യ ജയവും സ്വന്തമാക്കി പെറു മടങ്ങി. ടീം കാഹില്‍ അടക്കമുള്ളവര്‍ ആസ്‌ത്രേലിയന്‍ നിരയില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ഗോള്‍ മാത്രം കണ്ടെത്താനായില്ല. ആദ്യ രണ്ട് മത്സരങ്ങളിലും ആസ്‌ത്രേലിയ ഗോള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ പെറുവിനെതിരേ ഒരു ഗോള്‍ പോലും ആസ്‌ത്രേലിയന്‍ സംഘത്തിന് തിരിച്ചടിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."