'വാര്‍' സൗകര്യം പരിമിതമാണ്, കളത്തില്‍ രാജാവായി മുഖ്യറഫറിമാര്‍
ആന മെലിഞ്ഞാല്‍ തൊഴിത്തില്‍ കെട്ടില്ലെന്നത് പഴമൊഴി, എന്നാല്‍ മെലിഞ്ഞൊട്ടിയ ആന തിടമ്പേറ്റണമെന്നും വാശി പിടിച്ചാല്‍ എന്തു ചെയ്യും...റഷ്യന്‍ മൈതാനങ്ങളില്‍ കളി നിയന്ത്രിക്കുന്ന മുഖ്യ റഫറിമാരുടെ 'കലാപരിപാടി' കണ്ടാല്‍ ചരിയാറായിട്ടും ഹുങ്ക് കാണിക്കുന്ന ആനയുടെ അവസ്ഥയാണ് ഓര്‍മിപ്പിക്കുന്നത്.
വാര്‍ (വിഡിയോ അസിസ്റ്റ് റഫറി) അല്ല, ആരു വന്നാലും കളത്തില്‍ രാജാവ് താന്‍ തന്നെ എന്ന മട്ടിലാണ് റഫറിമാര്‍. പുതിയ സംവിധാനം ഉപയോഗപ്പെടുത്താന്‍ പല റഫറിമാരും തയാറാകുന്നു പോലുമില്ലെന്നതാണ് യാഥാര്‍ഥ്യം. ഇതിന് വേണ്ടി അപ്പീല്‍ ചെയ്യുന്ന താരങ്ങള്‍ക്ക് നേരെ കാര്‍ഡ് ഉയര്‍ത്താന്‍ റഫറിമാര്‍ അത്യുത്സാഹവും കാണിക്കുന്നു. റഷ്യയില്‍ 64ല്‍ 36 കളികള്‍ പൂര്‍ത്തിയായപ്പോള്‍ ഇതുവരെ 112 മഞ്ഞക്കാര്‍ഡുകളാണ് റഫറിമാര്‍ പുറത്തെടുത്തത്. ഒരു കളിയില്‍ ശരാശരി 3.1 എന്ന നിലയില്‍. ഇതില്‍ ടാക്ലിങ്ങിന് ലഭിച്ച കാര്‍ഡുകള്‍ക്കൊപ്പം റഫറിയോട് അപ്പീലിന് ശ്രമിച്ച താരങ്ങള്‍ക്ക് കിട്ടിയ കാര്‍ഡും ഉള്‍പെടും. 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ മഞ്ഞക്കാര്‍ഡുകളുടെ എണ്ണം 187 ആയിരുന്നു. ഒരു കളിയില്‍ 2.92 എന്ന ശരാശരിയില്‍. പുതിയ സംവിധാനങ്ങള്‍ ഒരുക്കിയ റഷ്യന്‍ മൈതാനങ്ങളില്‍ മത്സരങ്ങളേറെ ബാക്കിയിരിക്കെയാണ് കാര്‍ഡുകളുടെ എണ്ണം കുത്തനെ ഉയര്‍ന്നിരിക്കുന്നത്.
ഗോള്‍ ലൈന്‍ ടെക്‌നോളജി, വിഡിയോ അസിസ്റ്റ് റഫറി തുടങ്ങിയ സംവിധാനങ്ങള്‍ വന്നാല്‍ കളത്തിലെ പരുക്കന്‍ നീക്കങ്ങള്‍ക്ക് വിരാമമാകുമെന്നായിരുന്നു കണക്കൂട്ടല്‍. ഇത് ഒരു പരിധിവരെ തെറ്റിയില്ലെങ്കിലും ഫിഫക്ക് തലവേദനയായി റഫറിമാരുടെ 'കലാപരിപാടികള്‍'ക്ക് തുടക്കമായിരിക്കുകയാണ്. ഇതിനകം വിവിധ രാജ്യങ്ങള്‍ റഫറിമാര്‍ക്കെതിരേ ഫിഫക്ക് പരാതി നല്‍കിയിട്ടുണ്ട്. സെര്‍ബിയ, ഈജിപ്ത്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം പരാതി നല്‍കിയത്. ടുണീഷ്യക്കെതിരായ മത്സരത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി പെനാള്‍ട്ടി അനുവദിച്ചില്ലെന്നും വാര്‍ സംവിധാനം ഉപയോഗിച്ചില്ലെന്നും ഇംഗ്ലണ്ടിനും പരാതിയുണ്ട്.
താരതമ്യേനെ ഫേവറേറ്റുകളുടെ അപ്പീലുകള്‍ പരിഗണിക്കുന്ന റഫറിമാര്‍ കടലാസില്‍ കരുത്തില്ലാതെ ലോകവേദിയിലെത്തി അത്ഭുതങ്ങള്‍ കാണിക്കുന്ന ചെറുടീമുകളുടെ അപ്പീലുകള്‍ അംഗീകരിക്കാന്‍ പോലും തയാറാകുന്നില്ലെന്ന ആക്ഷേപം പൂര്‍ണമായും തള്ളിക്കളയാന്‍ കഴിയില്ല. ഗ്രൂപ്പിലെ നിര്‍ണായകമായ സ്‌പെയ്ന്‍-മൊറോക്കോ മത്സരത്തില്‍ റഫറി വാര്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ മുന്‍ ലോകചാംപ്യന്മാര്‍ക്ക് നാട്ടിലേക്കുള്ള മടക്ക ടിക്കറ്റാകുമായിരുന്നു. ഗോള്‍ ലൈനിന് പുറത്ത് പോയ പന്താണ് സ്‌പെയിനിന് കോര്‍ണര്‍ സമ്മാനിച്ചത്. നിലവിലെ ചാംപ്യന്മാരായ ജര്‍മ്മനിക്ക് ജീവശ്വാസം നല്‍കിയതും റഫറിയാണ്. നിര്‍ണായക മത്സരത്തില്‍ സ്വീഡന് അനുകൂലമായി പെനാള്‍ട്ടി അനുവദിക്കുകയോ വാറിന്റെ സഹായം തേടാനോ റഫറി കൂട്ടായിരുന്നില്ല. കളിയുടെ 12-ാം മിനുട്ടില്‍ ജര്‍മന്‍ ബോക്‌സിനുള്ളില്‍ സ്വീഡിഷ് താരം മാര്‍ക്കസ് ബെര്‍ഗിനെ ജര്‍മന്‍ ഡിഫന്‍ഡര്‍ ബോട്ടെങ്ങ് വീഴ്ത്തിയിരുന്നു. പെനാള്‍ട്ടി വിധിക്കാവുന്ന ഫൗളായിരുന്നിട്ടും റഫറി സ്വന്തം തീരുമാനത്തില്‍ കളി തുടരുകയായിരുന്നു.
ബ്രസീല്‍ കോസ്റ്റാറിക്ക മത്സരത്തില്‍ നെയ്മറിന് ബോക്‌സില്‍ വീഴ്ത്തിയതിന് പെനാള്‍ട്ടി അനുവദിച്ച റഫറി, കോസ്റ്റാറിക്കന്‍ താരങ്ങള്‍ 'യാചിച്ച'തിന് ശേഷം മാത്രമാണ് വാറിന്റെ സഹായം തേടിയത്. പരിശോധനയില്‍ പെനാള്‍ട്ടി അനുവദിക്കാവുന്ന ഫൗള്‍ ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. മാറ്റങ്ങള്‍ക്ക് തുടക്കമാകേണ്ട പുതിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഫിഫയുടെ നിര്‍ദേശമുണ്ടങ്കിലും താന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന വാദത്തില്‍ ഉറച്ച് തന്നെയാണ് മുഖ്യറഫറിമാരുടെ നില്‍പ്. ഇത് ഇതിനകം നിരവധി ടീമുകള്‍ക്ക് വിനയാകുകയും ചെയ്തിട്ടുണ്ട്. രാജ്യങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫിഫ എന്തു നടപടിയെടുക്കുമെന്നത് കാത്തിരുന്ന് കാണണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."