വ്യത്യസ്ത രുചിക്കൂട്ടുകളുമായി തെക്കേപ്പുറം ഭക്ഷ്യമേള
കോഴിക്കോട്: അയലപ്പത്തിരി, ചെമ്മീന്‍ പത്തിരി, ഇറച്ചിപ്പത്തിരി, സില്‍ക്ക് പത്തിരി, പൊതിനപ്പത്തിരി, കണ്ണുവച്ച പത്തിരി.... കേള്‍ക്കുമ്പോള്‍ തന്നെ നാവില്‍ രുചിയൂറുന്ന വൈവിധ്യമാര്‍ന്ന പത്തിരികള്‍, കാന്താരി ചിക്കന്‍, പോത്ത് വരട്ടിയത്, കോഴി നിറച്ചത്, സമൂസ, അന്തം വിട്ട അപ്പം, ഐസ് അച്ചാര്‍, ഉപ്പിലിട്ടത്, മുട്ട മസാല, ബേല്‍ പുരി, പാനിപ്പൂരി, ദഹിപൂരി... നീണ്ടുപോകുന്ന വ്യത്യസ്ത രുചിക്കൂട്ടുകളുമായി തെക്കേപ്പുറം ഭക്ഷ്യമേളയ്ക്കു തുടക്കമായി.
മലബാറിലെ പരമ്പരാഗത മുസ്ലിം വിഭവങ്ങളും ഗുജറാത്തി വിഭവങ്ങളുമാണ് തെക്കേപ്പുറം ഭക്ഷ്യമേളയെ വ്യത്യസ്തമാക്കുന്നത്.
കടല്‍ മത്സ്യങ്ങളുടെ ലൈവ് ഫ്രൈ ആസ്വദിച്ച് കഴിക്കാനുള്ള മീന്‍ ചാപ്പയും മേളയില്‍ ഒരുക്കിയിട്ടുണ്ട്. പട്ടുതെരുവു മുതല്‍ പള്ളിക്കണ്ടി വരെ നീണ്ടുകിടക്കുന്ന തെക്കേപ്പുറം പ്രദേശത്തെ നാല്പതോളം റസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണത്തോടെ തെക്കേപ്പുറം ഭക്ഷ്യ വേദിയാണ് മേള ഒരുക്കിയിരിക്കുന്നത്.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. എസ്.കെ കുഞ്ഞിമോന് അധ്യക്ഷനായി. പ്രസ് ക്ലബ് പ്രസിഡന്റ് കമാല്‍ വരദൂര്‍, കോര്പറേഷന് കൗണ്‍സിലര്‍മാരായ സി. അബ്ദുറഹ്മാന്, സി.പി ശ്രീകല, എസ്.കെ കുഞ്ഞിമോന് പങ്കെടുത്തു. ജനറല്‍ കണ്‍വീനര്‍ എം.പി കോയട്ടി സ്വാഗതവും ഐ.പി ഉസ്മാന് കോയ സ്വാഗതവും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."