സഊദി സൈനിക കേഡറ്റ് സംഘം പരിശീലനത്തിന് ഇന്ത്യയിലേക്ക്
റിയാദ്: സഊദി സൈനിക കേഡറ്റുകളുടെ രണ്ടാം സംഘം പരീശീലനാര്ഥം ഇന്ത്യയിലെത്തുന്നു.
പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ പരിശീലനം നേടുകയാണ് ലക്ഷ്യം. മൂന്നുവര്‍ഷ പരിശീലന പദ്ധതിയില്‍ ഭാഷാ പഠനവും ലക്ഷ്യമാക്കുന്നു. പരിശീലനം ഇന്നു തുടങ്ങും.
ഇത് രണ്ടാം തവണയാണ് സഊദി കേഡറ്റ് സംഘം പരിശീലനത്തിന് ഇന്ത്യയിലെത്തുന്നത്.
ആദ്യഘട്ടത്തിലെ അഞ്ചംഗ സംഘം ഇവിടെ പരിശീലനത്തിന്റെ അവസാന ഘട്ടത്തിലാണ്.
കേഡറ്റുകളുടെ മൂന്ന് വര്‍ഷ പഠന ശേഷം പരിശീലനം നല്കുന്ന ലോകത്തെ ആദ്യത്തെ ട്രൈ സര്‍വീസ് (കര, വ്യോമ, നാവിക) സ്ഥാപനമാണ് പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി. സഊദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ അഹ്മദ് ജാവേദ് സഊദി റോയല്‍ ലാന്‍ഡ് ഫോഴ്സ് സംഘത്തെ സ്വീകരിച്ചു. ശയ ജബ്ബാര്‍ അല്‍ഗാംദി, ഇസ്സാം അല്‍ ഉതൈബി, ഫഹദ് അല്‍ ഖഹ്താനി, നവാഫ് അല്‍ ശഹ്റാനി, യാസിര്‍ അല്‍ ഫര്ഹാന് എന്നവരുള്‍പ്പെട്ട അഞ്ചംഗ സംഘമാണ് ഇന്ത്യയിലെത്തുന്നത്.
സബ് യൂണിറ്റ് ലെവല്‍ ട്രൈയ്നിങ്, ലീഡര്‍ഷിപ്പ്, ശാരീരികവും മാനസികവുമായപരിശീലനം, സഖ്യത്തിലേര്പ്പെടല് എന്നിവയാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. ഇന്ത്യയിലെ പരിശീലനം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്തുമെന്ന് സംഘത്തെ ആശീര്‍വദിച്ച് അംബാസിഡര്‍ അഹ്മദ് ജാവേദ് പറഞ്ഞു.
സഊദി ഭരണാധികാരി സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെയും 2014 ല്‍ അന്നത്തെ പ്രതിരോധ മന്ത്രിയും ഇപ്പോള്‍ കിരീടവകാശിയുമായ മുഹമ്മദ്ബിന്‍ സല്മാന് രാജകുമാരന്റെയും ഇന്ത്യാസന്ദര്‍ശനത്തിലാണ് പ്രതിരോധ സഹകരണത്തിന്റെ ഭാഗമായി സൈനിക പരിശീലന കരാറില്‍ ഒപ്പുവച്ചതെന്ന് അംബാസിഡര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."