സി.ഡബ്ല്യു.ആര്‍.ഡി.എം-പനാത്തുതാഴം റോഡ് വികസനം അനിശ്ചിതത്വത്തില്‍
കുന്ദമംഗലം: സി.ഡബ്ല്യൂ.ആര്‍.ഡി.എം-പനാത്തുതാഴം റോഡ് വികസനം പുരോഗമിക്കുമ്പോള്‍ അഴുക്കുചാലിനെചൊല്ലിയുള്ള തര്‍ക്കംകാരണം സി.ഡബ്ല്യൂ.ആര്‍.ഡി.എം മുതല്‍ മുണ്ടിക്കല്‍താഴം വരേയുള്ള ഭാഗത്തെ റോഡ് നവീകരണം അനിശ്ചിതത്വത്തിലായി.
കോട്ടാംപറമ്പ് ഭാഗത്തുനിന്നുള്ള അഴുക്കുചാല്‍ വഴിവെള്ളം കൊളായ്താഴം വെള്ളക്കെട്ടിലേക്ക് വിടുന്നത് കെട്ടിനില്‍ക്കാന്‍ കാരണമാകുമെന്നാരോപിച്ച് ചലര്‍ രംഗത്തെത്തിയതാണ് റോഡ് പണിമുടങ്ങാന്‍ ഇടയായത്. ഇവിടെ റോഡ് നവീകരണത്തിന് പലയിടത്തും ഡ്രൈനേജും അഴുക്കുചാലും നിര്‍മിക്കാന്‍ കൂറ്റന്‍ കിടങ്ങുകള്‍ കുഴിച്ചിട്ടുണ്ട്.
മെയിന്‍ റോഡിനോട് ചേര്‍ന്നുള്ള കിടങ്ങുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്. വാഹന ഗതാഗതവും വിദ്യാര്‍ഥികള്‍ അടക്കമുള്ളവരുടെ കാല്‍നടയാത്രയും ദുസഹമായിരിക്കുകയാണ്. കോട്ടാംപറമ്പ് ഭാഗങ്ങളില്‍ ബൈക്കപകടങ്ങളും പതിവാണ്.
ഈ മാസാവസാനത്തോടെ സിറ്റി ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ കാലാവധി തീരുന്നതിനാല്‍ റോഡ് വികസനം അവതാളത്തിലാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."