'കൊതിനിറച്ച് കപ്പയും മീന്‍കറിയും, ചെമ്മീന്‍ തോട്‌പൊളിച്ച് കഴിച്ച് വലേരിയന്‍' : ഇതൊരു പ്രതിഷേധമാണ് !
തിരുവനന്തപുരം: കാഴ്ച്ചക്കാരില്‍ കൊതി നിറച്ച് കപ്പയും മീന്‍കറിയും... ഒരാള്‍ പാകം ചെയ്യാത്ത ചെമ്മീന്‍ തോട് പൊളിച്ച് കഴിക്കുന്നു അതും പല തവണ! പരമ്പരാഗത തൊഴിലാളികള്‍ വില്‍ക്കുന്ന മത്സ്യങ്ങള്‍ തീര്‍ത്തും ശുദ്ധമാണെന്ന് ബോധ്യപ്പെടുത്തുന്നതിന് മത്സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധ സമരത്തിലെ കാഴ്ച്ചകളായിരുന്നു ഇത്.
രുചിയൂറുന്ന കപ്പയും മീന്‍കറിയും കൂടി നിന്നവര്‍ക്കൊക്കെ സമരക്കാര്‍ വിതരണം ചെയ്തു. ഒരു അഭ്യര്‍ഥന മാത്രമായിരുന്നു പ്രതിഷേധക്കാര്‍ക്കുണ്ടായിരുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മത്സ്യങ്ങളിലാണ് ഫോര്‍മാലിന് സാനിധ്യമെന്നും പരമ്പരാഗത മത്സ്യതൊഴിലാളികള്‍ നല്‍കുന്നത് ശുദ്ധമായ മത്സ്യമാണെന്നും തിരിച്ചറിയണമെന്ന്.
നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാവിലെ 11 ഓടെയാണ് കപ്പയും മീനുമായി മത്സ്യത്തൊഴിലാളികള്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്ക് എത്തിയത്. മണക്കാട്, പാളയം , കുമാരപുരം, കേശവദാസപുരം, പേരൂര്‍ക്കട, പേട്ട എന്നീ ചന്തകളില്‍ കച്ചവടം ചെയ്യുന്ന മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിലായിരുന്നു പാചകം.
ഇതിന് ഒപ്പം കിളിമീന്‍(നവര), ചെമ്മീന്‍, ആവോലി, തുടങ്ങിയ മത്സ്യങ്ങള്‍ നിരത്തി വച്ചിരുന്നു. കഴുകി വ്യത്തിയാക്കിയ മത്സ്യം ഗ്യാസ് സ്റ്റൗവിലാണ് ആദ്യം പാചകം ചെയ്തത്. പിന്നാലെ കപ്പ മുറിച്ച് പുഴുങ്ങി. ഇതിനിടയില്‍ മത്സ്യത്തൊഴിലാളി വലേരിയന്‍ ഐസക് കാഴ്ച്ചക്കാരായി എത്തിയവരെ സാക്ഷിയാക്കി പാകം ചെയ്യാത്ത ചെമ്മീന്‍ തോട് പൊളിച്ച് വായിലിട്ട് ചവച്ചരച്ച് കഴിച്ചു.
പല പ്രാവശ്യം ഇത് ആവര്‍ത്തിക്കുമ്പോഴും തങ്ങള്‍ വില്‍ക്കുന്നത് ശുദ്ധമായ മത്സ്യമാണെന്ന അഭ്യര്‍ഥനയായിരുന്നു ഉണ്ടായിരുന്നത്. ഇദ്ദേഹത്തിനൊപ്പം മറ്റു ചിലരും ചെമ്മീന്‍ കഴിച്ചു.
ഇതിനിടയില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാനായി ഓട്ടോകളില്‍ ചൂര മത്സ്യവുമായി കുറച്ച് പേര്‍ കൂടിയെത്തി. ചൂര ഉയര്‍ത്തിപ്പിടിച്ച് കടലിന്റെ മക്കളെ പട്ടിണിക്കിടാന്‍ സമ്മതിക്കില്ലെന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു വരവ്. ഒടുവില്‍ കൊണ്ടുവന്ന ചൂരകളിലൊന്ന് കാഴ്ച്ചക്കാര്‍ക്ക് മുന്നില്‍ മുറിച്ച് കാണിക്കുകയും ചെയ്തു. അപ്പോഴേക്കും കപ്പയും മീന്‍കറിയും റെഡിയായി.
കൊണ്ടുവന്ന പ്ലേറ്റുകളില്‍ അവരത് ചൂടോടെ വിളമ്പി. മാധ്യമപ്രവര്‍ത്തകരും കാഴ്ച്ചക്കാരും ചില പൊലിസുകാരുമൊക്കെ സംഗതി രുചിച്ചു.
പരമ്പരാഗത മത്സ്യതൊഴിലാളികളെ വില്‍പ്പനയ്ക്ക് അനുവദിക്കാത്ത സാഹചര്യം ഉണ്ടായാല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ കച്ചവടം നടത്തുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."