അടിയന്തരവാസ്ഥയെ ഭേദിച്ച സൗഹൃദം
1975ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കേരളത്തില്‍ ഇടതു മുന്നണിയുടെ കണ്‍വീനറായിരുന്ന ഞാന്‍ എ.കെ.ജിയുടെ ഉപദേശമനുസരിച്ച് ഒളിവില്‍ പോയി. ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് ചെന്നൈയിലെ എം.എസ് അപ്പറാവുവിന്റെ വസതിയില്‍ ഒരു രഹസ്യ യോഗം വിളിച്ചുചേര്‍ത്തു. തിരിച്ചറിയിക്കാതിരിക്കാന്‍ ജോര്‍ജ്ജ് താടി വളര്‍ത്തിയിരുന്നത് ഇന്നും ഞാന്‍ കണ്‍മുന്നില്‍ കാണുന്നു. പെട്ടെന്നാണ് പൊലിസ് അപ്പറാവുവിന്റെ വീടു വളയുമെന്ന വിവരം അറിയുന്നത്. അന്ന് ജോര്‍ജ്ജിനെ ഒരു കാറിന്റെ അടിയില്‍ കിടത്തി ഒളിപ്പിച്ചു കടത്തുകയായിരുന്നു.
സോഷ്യലിസ്റ്റ് ചേരിയിലെ സഹപ്രവര്‍ത്തകനായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് മരണപ്പെട്ടപ്പോള്‍ എം.പി വീരേന്ദ്ര കുമാര്‍ എം.പി തന്റെ ഓര്‍മ്മയില്‍ നിന്നെടുത്ത് എഴുതിയ വരികളാണിത്. എന്നാല്‍ ഇതിനു ശേഷം ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് എവിടേക്ക് പോയി? പിന്നീട് എപ്പോഴാണ് കൊല്‍ക്കത്തയില്‍ എത്തുന്നതും പൊലിസിന്റെ പിടിയിലാകുന്നതും? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍, ഇതിനിടയ്ക്കുളള ഭാഗങ്ങള്‍ പൂരിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍, നമ്മള്‍ എത്തിപ്പെടുന്നത് കേരളത്തിലേക്കാണ്, ഇങ്ങ് കോഴിക്കോട്ടേക്കാണ്. അധികമാരും അറിയാത്ത അദ്ദേഹത്തിന്റെ ഒളിവുജീവിതത്തിലെ ഒരധ്യായവുമാണിത്.
ഒളിവുവാസത്തിലെ ചെന്നൈ ജീവിതം പൂര്‍ത്തിയാക്കി, അലങ്കോലമായ വേഷവിധാനത്തില്‍ ചെന്നൈയില്‍ നിന്ന് ട്രെയിന്‍ കയറുമ്പോള്‍ ഫെര്‍ണാണ്ടസിനെ സംബന്ധിച്ചിടത്തോളം എങ്ങോട്ട് എന്നുള്ളതിന് കാര്യമായ ലക്ഷ്യമില്ലായിരുന്നു. എന്നാല്‍ യാത്രക്കിടയിലാണ് കോഴിക്കോട് എന്നത് ഒരു ഇടത്താവളമായി മനസ്സില്‍ കയറിവന്നത്. വീരേന്ദ്രകുമാറടക്കം തന്റെ സഹപ്രവര്‍ത്തകരായവരെല്ലാം ഒളിവിലായിരിക്കുമെന്നറിയാമെങ്കിലും അദ്ദേഹം കോഴിേക്കാട് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങി നേരെ മിഠായിത്തെരുവിലേക്ക് നടന്നു. ബാറ്റാ ഷോറൂമിന്റെ മുന്നിലെത്തി. ഒന്നാം നിലയിലെ ഇന്ത്യന്‍ ബാങ്കിലെത്തി. കേന്ദ്ര സര്‍ക്കാരിന്റെ കണ്ണിലെ കരടായി ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് മാറിയ സമയത്തായിരുന്നുവെങ്കിലും ഈ വിപ്ലവകാരിയായ നേതാവിനെ ആരും തിരിച്ചറിഞ്ഞിരുന്നില്ല.
ഇന്ത്യന്‍ ബാങ്കിനുളളില്‍ കയറിയ അദ്ദേഹം ഒരു ഉമര്‍ ഫാറൂഖിനെ അന്വേഷിക്കുന്നു. ഫാറൂഖ് ഊണ് കഴിക്കുവാന്‍ പുറത്തു പോയതാണെന്ന മറുപടി കിട്ടിയതോടെ അദ്ദേഹം വരാന്തയിലെ ബെഞ്ചില്‍ കാത്തിരിക്കുന്നു. അല്‍പ്പസമയത്തിനു ശേഷം ഉമര്‍ ഫാറൂഖ് തിരിച്ചുവരുന്നു. ജോര്‍ജ്ജ്് ഫെര്‍ണാണ്ടസിനെ കണ്ട അദ്ദേഹം ഞെട്ടുന്നു!. കാരണം കണ്ടാല്‍ പിടികൂടി അകത്തിടുവാന്‍ നാടൊട്ടുക്കും പൊലിസ് വലവീശി കാത്തിരിക്കുന്ന മനുഷ്യനാണ് തന്റെ മുന്നില്‍ നില്‍ക്കുന്നത്. ഈയൊരു കാരണം കൊണ്ടു തന്നെപ്പോലും പിടികൂടി അകത്തിടുവാന്‍ പറ്റിയ കാലമായിരുന്നത്.
ചായ വരുത്തട്ടെയെന്ന് ചോദിച്ചപോള്‍, പോരാ രണ്ടു ദിവസമായി കാര്യമായി ഭക്ഷണം കഴിച്ചിട്ട്, എന്തെങ്കിലും ഹെവിയായ ഭക്ഷണം തന്നെ വേണമെന്നറിയിക്കുന്നു. അങ്ങനെ ഇരുവരും മിഠായിതെരുവിലെ ടോപ്‌ഫോം ഹോട്ടലിലേക്ക്. സുഭിക്ഷമായി ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോള്‍ ഫെര്‍ണാണ്ടസ് അടുത്ത ആവശ്യം അറിയിക്കുന്നു. തല്‍ക്കാലം മറ്റെവിടേക്കെങ്കിലും പോകുന്നതുവരെ നില്‍ക്കാനൊരിടം വേണം. വൈകീട്ട് ഉമര്‍ഫാറൂഖ് ബാങ്കില്‍ നിന്നിറങ്ങുമ്പോള്‍ കൂടെ കോലം മാറി ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമുണ്ടായിരുന്നു.
കോഴിക്കോട് കുണ്ടുങ്ങലിലെ പാലാട്ട് വീട്ടില്‍ അന്നുരാത്രി, ജീവിതത്തിനും മരണത്തിനുമിടയിലെ ദിനങ്ങളിലൊന്നില്‍ താന്‍ ശാന്തമായി അന്തിയുറങ്ങിയ ആ തറവാടിനെക്കുറിച്ച് അദ്ദേഹം പലപ്പോഴും വാചാലനായിട്ടുണ്ട്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം തറവാട് പൊളിച്ചെന്നറിഞ്ഞപ്പോള്‍ ഫെര്‍ണാണ്ടസിന്റെ പ്രതികരണമിങ്ങനെയായിരുന്നു: 'ഇത്തരം കലാഭംഗിയുള്ള വീടുകള്‍ ഇനി ഉണ്ടാകുമോ, ഇടനാഴികളും അകത്തളങ്ങളുമെല്ലാമുള്ള ആ വീട്. ഒരു ആര്‍ട്ട് ഗ്യാലറിയായെങ്കിലും നിലനിര്‍ത്തണമായിരുന്നു.'
സ്വന്തം ഉപ്പയോടുപോലും തന്റെകൂടെ തറവാട്ടില്‍ വന്നതാരാണെന്ന് ഉമര്‍ഫാറൂഖ് പറഞ്ഞിരുന്നില്ല. മറിച്ച് ദൂരെനിന്നുവന്ന ഒരു സുഹൃത്ത് എന്നുമാത്രമാണ് പറഞ്ഞിരുന്നത്. വീട്ടിലെ ഗസ്റ്റ് റൂമില്‍ ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെ കൊണ്ടു ചെന്നാക്കിയ ഫാറൂഖിന് വീണ്ടും പുതിയ ഉത്തരവാദിത്തം കിട്ടി. മലാപ്പറമ്പിലെ ബിഷപ്പ് ഹൗസ് സന്ദര്‍ശിക്കലായിരുന്നു. അവിടെ എത്തി മലയാളിയല്ലാത്ത എന്നാല്‍ മലയാളം സംസാരിക്കുവാനറിയുന്ന വികാരി ജനറലിനെ കണ്ട് ഫെര്‍ണാണ്ടസ് കോഴിക്കോട്ടെത്തിയ വവരമറിയിക്കണം.
പിറ്റേന്ന് ബിഷപ്പ് ഹൗസിലെ മറ്റു പലരോടുമൊപ്പം ഒരു പുരോഹിതന്റെ വേഷത്തിലാണ് ഫെര്‍ണാണ്ടസ് കോഴിക്കോട്ടുനിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ കയറുന്നത്. (വൈദികനാക്കുവാന്‍ അച്ഛന്‍ കൊണ്ടുചെന്നാക്കിയിടത്തുനിന്ന് പുരോഹിതനാകാന്‍ താനില്ലെന്ന് പറഞ്ഞ് ഒളിച്ചോടിയ ആളാണ് ഫെര്‍ണാണ്ടസ്) അവിടെ നിന്ന് വിമാനമാര്‍ഗ്ഗം കൊല്‍ക്കത്തയിലേക്കും പോയി. ഇതിനുശേഷം അനേകം ആഴ്ചകള്‍ക്കുശേഷമാണ് കൊല്‍ക്കത്ത ബിഷപ്പ്ഹൗസില്‍ വച്ച് ഫെര്‍ണാണ്ടസിനെ പൊലിസ് അറസ്റ്റു ചെയ്യുന്നത്.
ഒളിവുജീവിതത്തിന്റെ തുടക്കം
ജൂണ്‍ 12ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് ഒറീസയിലെ ഗോപാല്‍പൂരം എന്ന ഗ്രാമത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ലൈലാ കബീറിന്റെ മാതാവ് ശാന്തി കബീറിന്റെ കൈവശമുണ്ടായിരുന്ന കടലോര വസതിയായിരുന്നിത്. ഇവിടെ ഭാര്യമാതാവടക്കമുള്ള കുടുംബാംഗങ്ങളുമായി വന്നതായിരുന്നു ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്. അമേരിക്കയില്‍ പ്രഫസറായിരുന്ന ഭാര്യസഹോദരന്‍ പാഷ കബീറും കുടുംബവും ഇവരോടൊപ്പമുണ്ടായിരുന്നു.
അടിയന്തരാവസ്ഥാ പ്രഖ്യാപനം വന്നതോടെ പ്രമുഖ നേതാക്കളെയെല്ലാം അറസ്റ്റ് ചെയ്യാന്‍ തുടങ്ങി. ജയപ്രകാശ് നാരായണന്‍, മൊറാര്‍ജി ദേശായി, എല്‍.കെ അദ്വാനി എന്നിവരെല്ലാം അറസ്റ്റിലായി. രണ്ടാംനിര നേതാക്കളിലായിരുന്നു ഫെര്‍ണാണ്ടസിന്റെ സ്ഥാനം. എന്നാല്‍ 1974ലെ അഖിലേന്ത്യാ റെയില്‍വെ സമരത്തിന്റെ നായകനായതോടെ ഇന്ദിരാഗാന്ധിയുടെ കണ്ണിലെ നോട്ടപ്പുള്ളിയായി മാറിയിരുന്നു. ഇത്തരക്കാരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുവാനായിരുന്ന നിര്‍ദേശം. ഇതോടെ ഫെര്‍ണാണ്ടസ് വേഷംമാറി ഒറീസയില്‍ നിന്ന് രക്ഷപ്പെട്ടു. സോഷ്യലിസ്റ്റ് സര്‍ക്കാര്‍ ഭരിച്ചിരുന്ന ഗുജറാത്തിലായിരുന്നു ആദ്യമെത്തിയത്. അവിടെ കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്ന് തോന്നിയപ്പോള്‍ നേരെ തമിഴ്‌നാട്ടിലേക്ക് വന്നു. അന്നേ സോഷ്യലിസ്റ്റ് ചേരിയോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്ന കരുണാനിധിയായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രി. അങ്ങനെ രഹസ്യമായി മുഖ്യമന്ത്രി ഭവനത്തിലായി ഒളിത്താമസം. എന്നാല്‍ ദിവസങ്ങള്‍ പിന്നീടവെ ഇന്ദിരാഗാന്ധി കരുണാനിധി മന്ത്രിസഭയെയും പിരിച്ചുവിട്ടതോടെ വീണ്ടും വടക്കോട്ട് പോകുന്നത് അത്ര സുഖകരമല്ലെന്ന് മനസ്സിലാക്കിയാണ് യാത്ര കേരളത്തിലേക്കാക്കുന്നത്. പക്ഷേ ട്രെയിന്‍ കയറുമ്പോഴും കേരളത്തില്‍ എവിടെയെന്നുള്ളതിന് അദ്ദഹേത്തിന്റെ മനസ്സില്‍ ഉത്തരമില്ലായിരുന്നു. ഇടയ്‌ക്കെപ്പോഴോ കോഴിക്കോട് എന്ന ബോര്‍ഡ് കണ്ടതോടുകൂടിയാണ് ഉമര്‍ഫാറൂഖിനെ ഓര്‍മയാകുന്നതും കോഴിക്കോട്ടിറങ്ങിയതും.
കേരളവുമായി പൊതുപ്രവര്‍ത്തനത്തിന്റെ തുടക്കത്തിലേ അടുത്തബന്ധം പുലര്‍ത്തിയിരുന്ന ഫെര്‍ണാണ്ടസിനോട് നാലരപതിറ്റാണ്ടായി അടുത്ത സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന പൊതുപ്രവര്‍ത്തകനല്ലാത്ത അപൂര്‍വ്വം ചിലരില്‍ ഒരാളാണ് പി.പി ഉമര്‍ഫാറൂഖ്. അറ്റുപോകാതെ സൂക്ഷിച്ച ഈ ബന്ധത്തെക്കുറിച്ച് എട്ടുകൊല്ലം മുന്‍പ് 2010ല്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തിന് പൂര്‍ണമായി കീഴടങ്ങുംമുന്‍പ് ഫെര്‍ണാണ്ടസ് പറഞ്ഞതിങ്ങനെയാണ്: 'നാല്‍പതുവര്‍ഷമായി നാം അടുപ്പത്തിലാണ്, ഫാറൂഖ്. എന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒരേപോലെ സൗഹൃദം കാണിച്ചത് നിങ്ങള്‍ മാത്രമാണ്. ഇനി നമുക്ക് ഇതുപോലെ കാണുവാന്‍ സാധിച്ചുകൊള്ളണമെന്നില്ല'.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."