തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: കെ.എസ്.ആര്‍.ടി.സി ബസുകളിലെ പരസ്യം നീക്കി
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയുടെ അന്ത്യശാസനത്തെത്തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കി.
സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കംചെയ്യാന്‍ നേരത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കിയിട്ടും നടപടി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് ഇന്നലെ ഉച്ചക്ക് രണ്ടിനുള്ളില്‍ എല്ലാ പരസ്യങ്ങളും നീക്കംചെയ്യണമെന്ന് തെരഞ്ഞെടുപ്പ് ഓഫിസര്‍ വീണ്ടും നിര്‍ദേശം നല്‍കുകയും പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ആയിരം ദിവസം പൂര്‍ത്തിയാക്കിയതിനോടനുബന്ധിച്ച് 'ഒന്നാണ് നാം ഒന്നാമതാണ് കേരളം' എന്ന തലവാചകത്തില്‍ 5,000 കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഒരു കോടി രൂപ ചെലവില്‍ സ്ഥാപിച്ച പരസ്യങ്ങളാണ് നീക്കംചെയ്യുന്നത്.
കൂടാതെ റെയില്‍വേ സ്റ്റേഷനുകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ പരസ്യംവയ്ക്കാന്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ക്കും കോടികളാണ് നല്‍കിയത്. അതും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം മാറ്റിയിട്ടുണ്ട്.
അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നി ര്‍ദേശിച്ചതിനെ തുടര്‍ന്ന് സര്‍ക്കാരിന്റെ എല്ലാ വെബ്‌സൈറ്റുകളില്‍നിന്നും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ചിത്രങ്ങളും നീക്കംചെയ്തു.
നേരത്തെ മന്ത്രിമാരുടെ ഫോട്ടോകള്‍ മാത്രമാണ് നീക്കംചെയ്തിരുന്നത്. കഴിഞ്ഞ ദിവസം വീണ്ടും നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ മുഖ്യമന്ത്രിയുടെ ചിത്രങ്ങള്‍ നീക്കംചെയ്യുകയും മുഖ്യമന്ത്രി ഉള്‍പ്പെടെ എല്ലാ മന്ത്രിമാരുടെയും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ താല്‍ക്കാലികമായി പ്രവര്‍ത്തന രഹിതമാക്കുകയും ചെയ്തു. നിലവില്‍ സര്‍ക്കാരിന്റെ എല്ലാ വെബ്‌സൈറ്റുകളിലും ഗവര്‍ണര്‍ പി. സദാശിവത്തിന്റെ ചിത്രം മാത്രമാണുള്ളത്.
പൊതു തെരഞ്ഞെടുപ്പ് സമയത്ത് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും മന്ത്രിമാര്‍, രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ എന്നിവരുടെ ചിത്രങ്ങള്‍, പരാമര്‍ശങ്ങള്‍ എന്നിവ നീക്കംചെയ്യുകയോ മറയ്ക്കുകയോ ചെയ്യണമെന്നാണ് ചട്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."