വധശ്രമക്കേസ് പ്രതി മുഖ്യമന്ത്രിയുമായി വേദി പങ്കിട്ടു; സംഭവം വിവാദത്തില്‍
കൊച്ചി: പ്രതികൂലമായ വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ പൊലിസ് ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിട്ടത് വിവാദമാകുന്നു. മാധ്യമപ്രവര്‍ത്തകനായ വി.ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഡിവൈ.എസ്.പി അബ്ദുല്‍ റഷീദാണ് മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കൊച്ചിയില്‍ നടന്ന കേരള പൊലിസ് സര്‍വിസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളന വേദിയില്‍ പ്രത്യക്ഷപ്പെട്ടത്. സംസ്ഥാന പൊലിസ് മേധാവിയടക്കമുള്ളവരുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. ഇവിടെയാണ് അബ്ദുല്‍ റഷീദ് മുഖ്യ സംഘാടകനായി മുഖ്യമന്ത്രിക്കടുത്തുതന്നെ ഇരുന്നത്.
കോട്ടും സ്യൂട്ടും അണിഞ്ഞുവന്ന റഷീദിനെ മാധ്യമപ്രവര്‍ത്തകരാണ് തിരിച്ചറിഞ്ഞത്. പൊലിസില്‍ ക്രിമിനല്‍ സ്വഭാവമുളളവരെ മുഖ്യധാരയില്‍നിന്നും അകറ്റിനിര്‍ത്തുമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നതിനു പിന്നാലെയാണ് ക്രിമിനല്‍ കേസ് പ്രതിയായ അബ്ദുല്‍ റഷീദ് മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടത്. അതേസമയം, സംഭവം വിവാദമായതോടെ റഷീദിന്റെ സാന്നിധ്യം എങ്ങനെയാണുണ്ടായതെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
2010 ഡിസംബറിലാണ് ചില വാര്‍ത്തകളുടെ പേരില്‍ മാധ്യമ പ്രവര്‍ത്തകനായ വി.ബി. ഉണ്ണിത്താനു നേരെ ആക്രമണമുണ്ടായത്. കേസില്‍ അബ്ദുല്‍ റഷീദിനെ സി.ബി.ഐ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."