ദേശീയപാതയിലെ 'യു ടേണ്‍' അടക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു
നെടുമ്പാശ്ശേരി: ആലുവ അങ്കമാലി ദേശീയപാതയില്‍ കരിയാടിന് സമീപം പൊന്നംപറമ്പ് ഭാഗത്തെ'യു ടേണ്‍' അടച്ച് കളയാനുള്ള ദേശീയ പാത അധികൃതരുടെ ശ്രമം നാട്ടുകാര്‍ സംഘടിച്ചെത്തി തടഞ്ഞു. ദേശീയപാത നിര്‍മാണ ഘട്ടത്തില്‍ തന്നെ നിശ്ചിത അകലം പാലിച്ചാണ് 'യു ടേണ്‍' സ്ഥാപിച്ചിട്ടുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു.
തുരുത്തിശ്ശേരി, മെയ്ക്കാട് ചാപ്പല്‍ എന്നീ പ്രദേശങ്ങളിലേക്ക് ദേശീയ പാതയില്‍ നിന്നുള്ള പ്രധാന കവാടമാണ് ഈ യൂ ടേണ്‍. തുരുത്തിശ്ശേരി സിംഹാസന പള്ളി, മുകന്ദപുരം ക്ഷേത്രം, പീസ് മിഷന്‍ ക്യാന്‍സര്‍ സെന്റെര്‍, ഏവിയേഷന്‍ അക്കാദമി, ഗവ. എല്‍.പി സ്‌ക്കൂള്‍, വിദ്യാധിരാജ സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളിലേക്ക് ദിനംപ്രതി സഞ്ചരിക്കുന്ന നിരവധി വാഹനങ്ങള്‍ ഈ യു ടേണ്‍ കടന്നാണ് പോകുന്നത്.
ദേശീയ പാതയില്‍ വന്‍ കുഴികള്‍ രൂപപ്പെട്ട് പല ഭാഗത്തും അപകട സ്ഥിതിയിലായിട്ടും അക്കാര്യത്തില്‍ നടപടി സ്വീകരിക്കാതെ നൂറുകണക്കിന് യാത്രക്കാര്‍ക്ക് ഉപകാരപ്രദമായ യു ടേണ്‍ അടക്കാന്‍ എത്തിയ എന്‍.എച്ച് ഉദ്യോഗസ്ഥരുടെ നടപടിയില്‍ നാട്ടുകാര്‍ പ്രതിഷേധം അറിയിച്ചു. പ്രദേശത്തെ ജനപ്രതിനിധികള്‍, റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി ദേശീയപാതയില്‍ ഇറങ്ങിയത്. ഇതേ തുടര്‍ന്ന് അല്‍പ നേരത്തേക്ക് ദേശീയ പാതയില്‍ ഗതാഗത തടാവും നേരിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."