വിഷുവും ദു:ഖവെള്ളിയും ആഘോഷവും സങ്കടവുമായി ഒരു ദിനം
തിരുവനന്തപുരം: കാര്‍ഷിക ഉത്സവമായ വിഷുവും മഹാത്യാഗത്തിന്റെ ഓര്‍മ പുതുക്കുന്ന ദു:ഖവെള്ളിയും ഒരുമിച്ചെത്തിയ ഇന്ന് സങ്കടത്തിന്റെയും ആഘോഷത്തിന്റെയും നിമിഷങ്ങളായിരിക്കും നാടെങ്ങും.
ക്രൈസ്തവ സമൂഹം ഇന്ന് ഉപവാസത്തോടെയും പ്രാര്‍ഥനകളോടെയും ഗാഗുല്‍ത്താമലയിലൂടെ യേശു കുരിശുമേന്തി നടന്നുനീങ്ങിയതിന്റെ ഓര്‍മ പുതുക്കും. ദേവാലയങ്ങലില്‍ കുരിശിനെ തിരുശേഷിപ്പ് ചുംബനവും പീഢാനുഭവ വായനകളും നഗരികാണിക്കലും കുരിശിന്റെ വഴിയും നടക്കും. രാത്രിയാണ് ദുഖവെള്ളി ദിനത്തിലെ ആചാരങ്ങള്‍ സമാപിക്കുക. പ്രാര്‍ഥനയിലൂടെയും ഉപവാസത്തിലൂടെയും വിശുദ്ധിയോടെ ആചരിക്കുന്ന ഈ ദിവസമാണ് ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും വിശുദ്ധദിനമായി കണക്കാക്കുന്നത്. യേശുവിന്റെ സ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള യാത്ര മിക്ക പള്ളികളിലും രാവിലെ ആറിനു തന്നെ ആരംഭിക്കും. പ്രത്യേക ബൈബിള്‍ വായനയും തിരുകര്‍മങ്ങളും നടക്കും. ഉച്ചകഴിഞ്ഞ് യേശുവിന്റെ സ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടക്കും.
കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവമാണ് വിഷു. വേനല്‍ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണു പുതുവര്‍ഷം കൂടിയായ വിഷു ആചരിക്കുന്നത്. വിഷുക്കണിയാണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. നാടെങ്ങും വിഷുകൊന്നകള്‍ പൂത്തുലഞ്ഞു നില്‍ക്കുന്നു. വേനലില്‍ സ്വര്‍ണത്തിന്റെ നിധിശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപറ്റി പുരാണങ്ങളില്‍ പറയുന്നത്. വിഷു എന്നാല്‍ തുല്യമായത് എന്നാണര്‍ഥം. രാത്രിയും പകലും തുല്യമായ ദിവസമാണിന്ന്. ക്ഷേത്രങ്ങളില്‍ വിഷുക്കണി ദര്‍ശിക്കുന്ന ചടങ്ങും പ്രത്യേക പൂജകളുമുണ്ട്.
നരകാസുരന്‍ ശ്രീകൃഷ്ണനാല്‍ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്ന് ഐതിഹ്യമുണ്ട്. രാവണന്റെ കൊട്ടാരത്തിനുള്ളില്‍ വെയില്‍ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാല്‍ സൂര്യനെ നേരെ ഉദിക്കാന്‍ രാവണന്‍ സമ്മതിച്ചില്ലെന്നും രാവണനെ രാമന്‍ വധിച്ചശേഷമാണ് സൂര്യന്‍ നേരെ ഉദിച്ചതെന്നും ഇത് വിഷുവായി ആഘോഷിക്കുന്നുവെന്നും മറ്റൊരു ഐതിഹ്യവുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."