മോദിയുടെ 25ഓളം പദ്ധതികള്‍ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്തേത്
കോണ്‍ഗ്രസിന്റെ പദ്ധതികളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി ബി.ജെ.പിയുടേതാക്കി
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിനിടെ നടപ്പിലാക്കിയ പല പ്രധാനപ്പെട്ട പദ്ധതികളും വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ മറ്റൊരു പേരില്‍ രാജ്യത്ത് നടപ്പിലാക്കിയവ. ഇത്തരം പദ്ധതികളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി പുതിയ പേരില്‍ മോദി സര്‍ക്കാര്‍ അവതരിപ്പിക്കുകയായിരുന്നു. ഇരുപത്തഞ്ചോളം പദ്ധതികള്‍ ഇത്തരത്തില്‍ പേരുമാറ്റിയവയാണെന്ന് പ്രഥമദൃഷ്ട്യാതന്നെ മനസിലാക്കാം.
മോദി സര്‍ക്കാര്‍ അധികാരത്തിലേറി ഏറെ വൈകും മുന്‍പ് കൊണ്ടുവന്നതാണ് പ്രധാനമന്ത്രി ജന്‍ ധന്‍ യോജന. ഇതാകട്ടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മുന്‍പ് ബേസിക് സേവിങ്‌സ് ബാങ്ക് ഡെപ്പോസിറ്റ് അക്കൗണ്ട് എന്ന പേരില്‍ ആരംഭിച്ച പദ്ധതിയായിരുന്നു. ഇത്തരത്തില്‍ യു.പി.എ സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികള്‍ ചേര്‍ത്താണ് ബേട്ടി ബചാവോ ബേട്ടി പഠാവോ എന്ന പേരില്‍ പ്രത്യേക പദ്ധതി മോദി സര്‍ക്കാര്‍ തുടങ്ങിയത്.
ഏറെ കൊട്ടിഘോഷിച്ച മേക്ക് ഇന്‍ ഇന്ത്യ പദ്ധതി നാഷനല്‍ മാനുഫാക്ചറിങ് പോളിസി എന്ന പേരില്‍ നിലവിലുണ്ടായിരുന്നതാണ്. പരമ്പരാഗത് കൃഷി വികാസ് യോജന എന്ന പദ്ധതിയാകട്ടെ രാഷ്ട്രീയ കൃഷി വികാസ് യോജനാ എന്ന പേരിലും പ്രധാനമന്ത്രി ഫസല്‍ ബീമാ യോജനാ എന്ന പദ്ധതി കോംപ്രിഹെന്‍സീവ് ക്രോപ് ഇഷുറന്‍സ് സ്‌കീം എന്ന പേരിലും ഡിജിറ്റല്‍ ഇന്ത്യ പദ്ധതി നാഷനല്‍ ഇ ഗവേണന്‍സ് പ്ലാന്‍ എന്ന പേരിലും സ്‌കില്‍ ഇന്ത്യ പദ്ധതി നാഷനല്‍ സ്‌കില്‍ ഡവലപ്‌മെന്റ്പ്ലാന്‍ എന്ന പേരിലും വിവിധ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ കാലത്ത് ഉണ്ടായിരുന്നവയാണ്.
ഇന്ദിരാ ആവാസ് യോജനയെ ആണ് മോദി സര്‍ക്കാര്‍ പ്രധാനമന്ത്രി ആവാസ് യോജന എന്നാക്കി മാറ്റിയത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തെ ജന്‍ ഔഷധി പരിയോജനയെ പുതുക്കി പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി എന്ന പേരിലാക്കി. നിര്‍മല്‍ ഭാരത് അഭിയാന്റെ പേര് മാറ്റിയാണ് സ്വച്ഛ് ഭാരത് മിഷന്‍ എന്നാക്കിയത്.
സര്‍ദാര്‍ പട്ടേല്‍ നാഷനല്‍ അര്‍ബന്‍ ഹൗസിങ് മിഷന്‍ എന്നത് രാജീവ് ആവാസ് യോജനാ എന്ന പേരിലും ദീന്‍ ദയാല്‍ ഉപാധ്യായ് ഗ്രാം ജ്യോതി യോജനാ എന്നത് രാജീവ് ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജനാ എന്ന പേരിലും നിലവിലുണ്ടായിരുന്ന പദ്ധതികളാണ്.
പ്രധാനമന്ത്രി കൃഷി സിഞ്ചായീ യോജനാ എന്നത് ആക്‌സിലറേറ്റഡ് ഇറിഗേഷന്‍ ബെനിഫിറ്റ്‌സ് പ്രോഗ്രാം എന്ന പേരിലും അടല്‍ മിഷന്‍ ഫോര്‍ റിജുവെനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ എന്നത് ജവാഹര്‍ലാല്‍ നെഹ്‌റു നാഷനല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന്‍ എന്ന പേരിലും ഉണ്ടായിരുന്ന പദ്ധതികളാണ്.
പ്രധാനമന്ത്രി മാതൃത്വ വന്ദന യോജനാ എന്നത് ഇന്ദിരാഗാന്ധി മാതൃത്വ സഹ്‌യോഗ് യോജനാ എന്ന പേരിലും അടല്‍ പെന്‍ഷന്‍ യോജന എന്നത് സ്വാവലംബന്‍ യോജന എന്ന പേരിലും മിഷന്‍ ഇന്ദ്രധനുഷ് എന്നത് യൂനിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പ്രോഗ്രാം എന്നപേരിലും ഉണ്ടായിരുന്ന പദ്ധതികളാണ്.
ദീന്‍ ദയാല്‍ ഉപാധ്യായ് ഗ്രാമീണ്‍ കൗശല്യ യോജനാ എന്നത് നാഷനല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷന്‍ എന്ന പേരിലും ഭാരത് നെറ്റ് എന്നത് നാഷനല്‍ ഒപ്റ്റിക് ഫൈബര്‍ നെറ്റ് വര്‍ക്ക് എന്ന പേരിലും പഹല്‍ എന്നത് ഡിസ്ട്രിക്റ്റ് ട്രാന്‍സ്ഫര്‍ എല്‍.പി.ജി എന്ന പേരിലും രാജ്യത്ത് വിവിധ കാലഘട്ടങ്ങളിലായി കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ നടപ്പിലാക്കിവന്നിരുന്ന പദ്ധതികളാണ്. പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല പദ്ധതികള്‍ക്കായി ചെലവിടേണ്ട നൂറുകണക്കിനു കോടി രൂപ മോദിയുടെ പ്രതിച്ഛായ കൂട്ടാന്‍ പരസ്യങ്ങള്‍ക്കായി പൊടിപൊടിച്ചുകളയുകയും ചെയ്തു. ഇത്തരത്തില്‍ രാജ്യപുരോഗതിക്കായി ഭാവനാസമ്പൂര്‍ണമായ പദ്ധതികള്‍ പുതിയതായി നടപ്പിലാക്കുന്നതില്‍പോലും മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ പരാജയമായിരുന്നുവെന്നാണ് തെളിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."