പെരുവഴിയില്‍ തളര്‍ന്നുവീഴുന്നവര്‍ ലോകത്തോട് വിളിച്ചുപറയുന്നത്
ബെഞ്ചിലെയും ബാറിലെയും തന്റെ സഹപ്രവര്‍ത്തകരോട് ചില മൗലിക സമസ്യകള്‍ ഓര്‍മപ്പെടുത്തിയാണ് ഇക്കഴിഞ്ഞ മെയ് ആറിനു ജസ്റ്റിസ് ദീപക് ഗുപ്ത സുപ്രീം കോടതിയോട് വിടപറഞ്ഞത്. 'നീതിന്യായ വ്യവസ്ഥ സ്വതന്ത്രവും സത്യസന്ധവും ധീരവുമാവുന്നതിനപ്പുറം മനുഷ്യത്വവും ദീനാനുകമ്പയുമുള്ളതായിരിക്കണം. ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ നീതി പ്രദാനം ചെയ്യുകയും വ്യക്തിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന കരുണാമയമായ ഒരു ഉന്നത നീതിപീഠത്തിനു വേണ്ടിയാവണം നാം പരിശ്രമിക്കേണ്ടത്. പണക്കാരും അധികാരമുള്ളവരും ഒരു ഭാഗത്തും ശബ്ദമില്ലാത്തവരും പാവപ്പെട്ടവരുമായ താഴേത്തട്ടിലുള്ളവര്‍ മറുഭാഗത്തും തമ്മിലുള്ള പോരാട്ടത്തില്‍ നീതിയുടെ തട്ടുകള്‍ ഒരിക്കലും തുല്യമായി നില്‍ക്കില്ല. യഥാര്‍ഥ നീതിയാണ് നടപ്പാക്കുന്നതെങ്കില്‍ നീതിയുടെ ത്രാസ് ദുര്‍ബല വിഭാഗങ്ങള്‍ക്ക് അനുകൂലമായിട്ടാകണം തൂങ്ങേണ്ടത്'.
ജുഡിഷ്യറിക്ക് സമീപകാലത്ത് പിടിപെട്ട സകല കൊള്ളരുതായ്മകളെയും നേരിട്ടറിഞ്ഞ ഒരു നിയമജ്ഞന്റെ മനസില്‍ തട്ടിയ വാക്കുകളാണിവ. യഥാര്‍ഥ ഇന്ത്യ എന്താണെന്നും യഥാര്‍ഥത്തില്‍ ഇവിടെ എന്താണു സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ആഴത്തില്‍ മനസിലാക്കിയ ദീപക് ഗുപ്ത നമ്മുടെ നീതിന്യായക്രമം അരികുവല്‍ക്കരിക്കപ്പെട്ട ജനതയോട് എത്ര ക്രൂരവും മനുഷ്യത്വരഹിതവുമായാണ് പെരുമാറുന്നതെന്ന് കൃത്യമായി അടയാളപ്പെടുത്തിയ നിയമജ്ഞനാണ്. തങ്ങളുടെ കണ്‍മുന്നില്‍ കാണുന്ന പച്ചയായ യാഥാര്‍ഥ്യങ്ങളെ പോലും കണ്ണടച്ച് നിഷേധിക്കുന്ന ദുശ്ശക്തികളുടെ പക്ഷത്താണ് പരമോന്നത നീതിപീഠം പോലും നിലയുറപ്പിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരി പടര്‍ന്നുപിടിച്ച 192 രാജ്യങ്ങളിലും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിനെ ഒരു മഹാദുരന്തമാക്കി മാറ്റിയെടുത്തത് മോദി സര്‍ക്കാരിന്റെ പിടിപ്പുകേടും കൊള്ളരുതായ്മകളുമാണ്. വിഭജനത്തിനു ശേഷം ഇതാദ്യമായിരിക്കണം ഇത്രമേല്‍ അരാജകത്വം വിതച്ച കൂട്ടപ്പലായനത്തിനു രാജ്യം മൂകസാക്ഷിയാകേണ്ടിവന്നത്.
മാര്‍ച്ച് 24നു രാജ്യമൊട്ടുക്കും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴേക്കും ട്രെയിന്‍, ബസ്, വ്യോമഗതാഗതം പൂര്‍ണമായും നിര്‍ത്തിവച്ചിരുന്നു. നഗരങ്ങളില്‍ അകപ്പെട്ട തൊഴിലാളികള്‍ അന്നു തുടങ്ങിയ അനന്തമായ പലായനം ഇതുവരെ നടന്നുതീര്‍ന്നിട്ടില്ല. മാര്‍ച്ച് 31നു വിഷയം പരമോന്നത നീതിപീഠത്തിനു മുന്നിലെത്തിയപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതി മുന്‍പാകെ പറഞ്ഞത്; 'തന്റെ കുടിലില്‍ അല്ലെങ്കില്‍ ഗ്രാമത്തില്‍ എത്തിച്ചേരാന്‍ വേണ്ടി ഒരാളും തന്നെ റോഡിലൂടെ നടന്നുപോകുന്നില്ല'. കേന്ദ്ര ആഭ്യന്തര സെക്രട്ടറി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും അതാവര്‍ത്തിച്ചു: 'മാര്‍ച്ച് 31, രാവിലെ 11 വരെ ഒരാളും റോഡിലില്ല. എല്ലാവരെയും അടുത്ത അഭയകേന്ദ്രത്തില്‍ കൊണ്ടെത്തിച്ചിട്ടുണ്ട്'.
എന്തായിരുന്നു ആ സമയത്തെ യഥാര്‍ഥ അവസ്ഥ?. മഹാനഗരങ്ങളില്‍നിന്നും പട്ടണങ്ങളില്‍നിന്നും ലക്ഷക്കണക്കിനു തൊഴിലാളികള്‍ അവരുടെ കുടുംബത്തിന്റെ കൈപിടിച്ച് ദേശീയപാതയിലൂടെയും റെയില്‍പാളങ്ങളിലൂടെയും തലയില്‍ ഭാണ്ഡവുമായി കൈയില്‍ കൈകുഞ്ഞുമായി തീക്ഷ്ണമായ വെയിലത്ത് നടന്നുനടന്ന് തളര്‍ന്നുവീഴുകയായിരുന്നു. 200 പേരോളം ഇതിനകം മരിച്ചുവീണു; ജീവിതപ്പെരുവഴിയില്‍. ഒരു മുന്നൊരുക്കത്തിനും സമയം നല്‍കാതെ നാലു മണിക്കൂര്‍ മുന്‍പ് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ വാര്‍ത്ത കേട്ട് ലക്ഷക്കണക്കിനു മനുഷ്യര്‍ സ്വഗ്രാമം എന്ന ലക്ഷ്യസ്ഥാനത്തേക്ക് ആഞ്ഞുപിടിച്ചു നടന്നു. ചിലര്‍ സൈക്കിളില്‍, മറ്റു ചിലര്‍ സ്ത്രീകളെയും കുഞ്ഞുങ്ങളെയും മൃഗങ്ങളെയും കയറ്റി ഉന്തുവണ്ടിയില്‍. മരപ്പെട്ടിയുണ്ടാക്കി അതില്‍ ഗര്‍ഭിണിയായ ഭാര്യയെയും കുഞ്ഞിനെയും ഇരുത്തി 400 കി.മീറ്റര്‍ വലിച്ചുനടന്ന അഭ്യസ്തവിദ്യനായ യുവാവിന്റെ കഥ ദേശീയ ചാനലുകളില്‍ കണ്ടപ്പോള്‍ ലോകം ഞെട്ടി. വഴിവക്കില്‍ ഒരിറ്റ് വെള്ളം കിട്ടാതെ തളര്‍ന്നുവീണ് മരിച്ചവര്‍ ഒട്ടനവധിയാണ്. വിവരണാതീതമായ കാഴ്ചകള്‍! ആരാണ് ഇതിന് ഉത്തരവാദി?. ആര് മറുപടി പറയും?. എന്നിട്ടും ഇവിടെ എല്ലാം ഭദ്രമാണ് എന്ന നാട്യത്തിലാണ് പ്രധാനമന്ത്രി മോദി ബാല്‍ക്കണിയില്‍ കയറി കിണ്ണംമുട്ടാനും വിളക്കണയ്ക്കാനും ആഹ്വാനം ചെയ്തത്.
യഥാര്‍ഥ ഇന്ത്യ തുറന്നുകാട്ടപ്പെടുന്നു
ഇതുപോലെ യഥാര്‍ഥ ഇന്ത്യ ലോകത്തിനു മുന്നില്‍ അനാവൃതമായ ഒരു കാലസന്ധി സമീപകാലത്തൊന്നുമുണ്ടായിട്ടില്ല. ജീവസന്ധാരണത്തിനായി ഗ്രാമങ്ങളും കൊച്ചുപട്ടണങ്ങളും വിട്ട് മഹാനഗരങ്ങളില്‍ ചേക്കേറിയ സാധാരണക്കാരില്‍ സാധാരക്കാരാണിവര്‍. സമൂഹത്തിന്റെ പുറമ്പോക്കില്‍ എക്കാലവും വലിച്ചെറിയപ്പെട്ട, അവര്‍ണരും അശരണരുമായ ജനവിഭാഗം. മുഖ്യധാരാ മാധ്യമങ്ങളുടെ കാമറക്കണ്ണില്‍നിന്ന് എല്ലായ്‌പ്പോഴും മാറ്റിനിര്‍ത്തപ്പെട്ട ജനത. ലോകത്ത് കൊവിഡ് ബാധിച്ച എല്ലാ രാജ്യങ്ങളിലും സാമൂഹിക ജീവിത വ്യവഹാരങ്ങളെ നിശ്ചലമാക്കിയ ലോക്ക് ഡൗണ്‍ നടപ്പാക്കിയിട്ടുണ്ട്. എന്തുകൊണ്ട് നരേന്ദ്ര മോദി വാഴുന്ന ഈ നാട്ടില്‍ മാത്രം സാധാരണക്കാര്‍ ഇത്രമാത്രം കഷ്ടനഷ്ടങ്ങള്‍ സഹിക്കേണ്ടിവന്നു?. ഭരണകൂടത്തിന്റെ കൊള്ളരുതായ്മകളും പ്രത്യയശാസ്ത്ര ദുശ്ശാഠ്യങ്ങളും തന്നെ ഒന്നാമത്തെ കാരണം.
ജനുവരി 30നാണ് ആദ്യ കൊവിഡ് കേസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതും കേരളത്തില്‍. അന്നൊന്നും കൊറോണ വൈറസിനെ പേടിക്കേണ്ടതില്ല എന്നായിരുന്നു ഭരണവര്‍ഗത്തിന്റെ നിലപാട്. മാര്‍ച്ച് 13നു ലോകാരോഗ്യ സംഘടന കൊവിഡ് മഹാമാരിയായി പ്രഖ്യാപിച്ചപ്പോഴും അടിയന്തരമായി ഒന്നും ചെയ്യാനില്ലെന്നു പറഞ്ഞ് ഡല്‍ഹി വാഴുന്നവര്‍ സമാധാനിച്ചു. കേരളം ഫെബ്രുവരി മുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും വിമാനത്താവളങ്ങളിലടക്കം പരിശോധന ആരംഭിക്കുകയും ചെയ്യുകയുണ്ടായി. മാര്‍ച്ച് 18നു ഞെട്ടിയെണീറ്റ പ്രധാനമന്ത്രി മോദി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു: കൊറോണ വൈറസിനെ കൊല്ലാന്‍ 22നു 'ജനതാ കര്‍ഫ്യു' ആചരിക്കണമെന്ന്. അപകടം മണത്തറിഞ്ഞ ഗ്രാമീണര്‍ അതോടെ മടക്കയാത്രയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങിയപ്പോഴേക്കും 21ാം തിയതി തൊട്ട് ട്രെയിനുകള്‍ നിശ്ചലമായി. ബസുകള്‍ ഓട്ടം നിറുത്തി. മാര്‍ച്ച് 24നു രാത്രി എട്ടിനു രാജ്യത്തെ അഭിസംബോധന ചെയ്യവെയാണ് അന്നു രാത്രി 12 മണി മുതല്‍ രാജ്യത്ത് മൂന്നാഴ്ചത്തേക്ക് ലോക്ക് ഡൗണ്‍ നിലവില്‍ വരുമെന്ന് പ്രഖ്യാപിക്കുന്നത്. നാലു മണിക്കൂര്‍ കൊണ്ട് ജനം എവിടെ പോകാനാണ്?. അതോടെ സ്വതന്ത്ര ഇന്ത്യ കണ്ട അത്യപൂര്‍വമായൊരു മാനുഷിക ദുരന്തം ഭരണകൂടത്തിന്റെ കണ്‍മുന്നില്‍ കെട്ടഴിഞ്ഞുവീഴുകയായിരുന്നു. ആ പലായനമാണ് ഇപ്പോഴും അനന്തമായി തുടരുന്നതും എണ്ണമറ്റ മനുഷ്യജീവനുകള്‍ ബലി കൊടുക്കേണ്ടിവരുന്നതും.
കൊവിഡ് മഹാമാരിയെ ഭയന്ന് ട്രിപ്പിള്‍ ലോക്ക് ഡൗണും രാപ്പകല്‍ കര്‍ഫ്യൂവും മറ്റു നിരോധനങ്ങളും ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ കൊറോണ വൈറസിനെ കുറിച്ചല്ലാതെ തങ്ങളുടെ നടപടിയുടെ ഫലമായി ദുരിതമനുഭവിക്കാന്‍ പോകുന്ന മനുഷ്യരെ കുറിച്ച് അശേഷം ചിന്തിച്ചില്ല. കൊറോണ ഭീഷണി ഉയര്‍ന്നപ്പോള്‍ തന്നെ ദുരന്തനിവാരണ നിയമം കൈയിലെടുത്ത് സാധാരണ സംസ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍ പോലും കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തപ്പോഴും അമിതാധികാര പ്രയോഗത്തെ കുറിച്ച് ആരും മിണ്ടിയില്ല. എന്നാല്‍, നഗരചത്വരങ്ങളിലും മേല്‍പ്പാലങ്ങളിലും ദിവസങ്ങളോളം പതിനായിരങ്ങള്‍ വീര്‍പ്പുമുട്ടി കഴിഞ്ഞപ്പോള്‍ അവര്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കാനോ സഹായഹസ്തം നീട്ടാനോ ആശ്വാസവാക്ക് ചൊരിയാനോ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവന്നില്ല.
ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ക്ക് പൂര്‍ണ ശമ്പളം നല്‍കാന്‍ തൊഴിലുടമകളോട് ആവശ്യപ്പെടണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് കേന്ദ്രം കൈകഴുകുകയായിരുന്നു. അഞ്ചാഴ്ചക്കാലം കുടിയേറ്റ തൊഴിലാളികളെ പെരുവഴിയില്‍ കഷ്ടപ്പെടുത്തിയ ശേഷമാണ് ഇവരെ നാട്ടിലെത്തിക്കുന്നതിനായി ട്രെയിന്‍ സര്‍വിസ് തുടങ്ങാന്‍ തീരുമാനിക്കുന്നത്. അപ്പോഴും യാത്രാക്കൂലി ആരു വഹിക്കും എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയില്ല. എന്നല്ല, എല്ലാ സാമ്പത്തിക ബാധ്യതകളും സംസ്ഥാന സര്‍ക്കാരിന്റെ പിരടിയില്‍ വച്ചുകെട്ടാനുള്ള ശ്രമങ്ങളാണുണ്ടായത്. വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ മടക്കയാത്രയുടെ കാര്യത്തിലും ഈ നിരുത്തരവാദപരമായ സമീപനമാണ് കൈകൊണ്ടത്. ഇന്ത്യക്കാരെ ഇന്നത്തെ സാഹചര്യത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ സാധ്യമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഒറ്റവാക്കില്‍ മറുപടി നല്‍കിയപ്പോള്‍ എന്തുകൊണ്ട് എന്നു ചോദിക്കാനുള്ള നട്ടെല്ലോ നീതിബോധമോ ന്യായാസനത്തിന് ഇല്ലാതെ പോയി.
അനുഭവങ്ങള്‍, പാളിച്ചകള്‍
മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടപ്പലായനത്തിന് സാക്ഷിയായ മണ്ണാണ് നമ്മുടേത്. വിഭജനം സൃഷ്ടിച്ച പ്രക്ഷുബ്ധതയില്‍ 20 ദശലക്ഷം മനുഷ്യര്‍ അതിര്‍ത്തിക്കിരുവശത്തേക്കും ഒഴുകിയെത്തിയപ്പോള്‍ അവര്‍ക്ക് തലചായ്ക്കാന്‍ പാണ്ഡവ കൗരവയുദ്ധം നടന്ന കുരുക്ഷേത്രയുടെ ചരിത്രമണ്ണിലടക്കം 200 ടെന്റുകള്‍ കെട്ടിക്കൊടുത്തു. ചോരച്ചാലുകളും കബന്ധങ്ങളും കണ്ട അഭയാര്‍ഥികളുടെ മാനസിക പിരിമുറുക്കം കെടുത്താന്‍ വലിയ തുണിസ്‌ക്രീനുകള്‍ കെട്ടി സിനിമാ പ്രദര്‍ശനം പോലും നടന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിനു മനുഷ്യഹൃദയം തൊട്ട് സംവദിക്കാന്‍ അറിയാമായിരുന്നു. നരേന്ദ്ര മോദിയും സംഘവും കൊവിഡ് മറയാക്കി ഹിന്ദുത്വ അജന്‍ഡകള്‍ ഓരോന്നായി നടപ്പാക്കുന്നതില്‍ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചപ്പോള്‍ വിസ്മരിച്ചുകളഞ്ഞത് അടിസ്ഥാന വര്‍ഗത്തെയാണ്.
ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി എക്കണോമിക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒരു കണക്കു പ്രകാരം രാജ്യത്ത് 6.5 കോടി അന്തര്‍സംസ്ഥാന കുടിയേറ്റ തൊഴിലാളികളുണ്ട്. ഇവര്‍ മുഴുവന്‍ ജന്മഗേഹത്തിലേക്ക് മടങ്ങാന്‍ തീരുമാനിക്കുകയാണെങ്കില്‍ ചുരുങ്ങിയത് 4,200 കോടി രൂപ വേണ്ടിവരും. ഏപ്രില്‍ അന്ത്യത്തോടെ പി.എം കെയറില്‍ 6,500 കോടി രൂപ ഒഴുകിയെത്തിയിട്ടുണ്ട്. കൊവിഡ് ദുരന്തം മുന്നില്‍കണ്ട് സ്വരൂപിച്ച ഈ തുക എന്തുകൊണ്ട് ലോക്ക് ഡൗണിന്റെ യഥാര്‍ഥ ഇരകള്‍ക്ക് വീതംവച്ചു കൊടുത്തുകൂടാ?. കൈയില്‍ പണമുള്ളവന് ട്രെയിനിലോ ബസിലോ കയറിപ്പോകാമെന്ന് വന്നപ്പോള്‍, മടിശ്ശീല കാലിയായവര്‍ കുറുക്കുവഴികളിലൂടെ വീട് പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ദുരന്തങ്ങളുടെ പെരുമഴ പെയ്തിറങ്ങി. അങ്ങനെയാണ് മഹാരാഷ്ട്രയിലെ ഔറാംഗാബാദില്‍നിന്ന് മധ്യപ്രദേശിലേക്കുള്ള യാത്രാമധ്യേ 16 തൊഴിലാളികള്‍ ഗുഡ്‌സ് ട്രെയിന്‍ തട്ടി മരിക്കുന്നത്. നാട് പിടിക്കാന്‍ പാളത്തിലൂടെ നടന്നുനടന്ന് തളര്‍ന്ന തൊഴിലാളികള്‍ ഒടുവില്‍ അവിടെ തന്നെ ഉറങ്ങിപ്പോവുകയായിരുന്നു. മെയ് ഏഴിനു പുലര്‍ച്ചെ 6.30നുണ്ടായ ദുരന്തം കൂട്ടപ്പലായനം നടത്തുന്ന നിസ്സഹായരായ തൊഴിലാളികളുടെ ദുരവസ്ഥ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടി. റെവയില്‍വേ മന്ത്രി പിയൂഷ് ഗോയലുമായി താന്‍ സംസാരിച്ചെന്നും അദ്ദേഹം എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നുമാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ സന്ദേശം. വണ്ടിച്ചക്രത്തിനടിയില്‍പ്പെട്ട് ചതഞ്ഞമര്‍ന്നവര്‍ക്കു വേണ്ടി ഇനി എന്തുചെയ്യാന്‍.
ഗുജറാത്തില്‍നിന്ന് യു.പിയിലേക്കുള്ള യാത്രാമധ്യേ മധ്യപ്രദേശിലെ ശിവപുരിയില്‍ അമൃത്കുമാര്‍ എന്ന 24കാരനായ തൊഴിലാളിക്ക് സംഭവിച്ച ജീവിതദുരന്തം മനഃസാക്ഷിയുള്ളവരെ ഞെട്ടിക്കുന്നതാണ്. അമൃത്കുമാറും സുഹൃത്ത് മുഹമ്മദ് യാക്കൂബും 4,000 രൂപ കൊടുത്താണ് ഗുജറാത്തിലെ സൂറത്തില്‍നിന്ന് യു.പിയിലെ ബസ്തിയിലേക്ക് 60 പേരെ വഹിച്ചുകൊണ്ടുള്ള ട്രക്കില്‍ മെയ് 14നു രാവിലെ യാത്ര തിരിച്ചത്. ഉച്ചയ്ക്കു രണ്ടുമണി കഴിഞ്ഞു. കലശലായ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട് അമൃത്കുമാറിന്റെ ആരോഗ്യനില വഷളാവാന്‍ തുടങ്ങിയപ്പോള്‍ കൊവിഡ്ബാധ ഭയന്ന മറ്റു യാത്രക്കാര്‍ അയാളെ ട്രക്കില്‍നിന്ന് പെരുവഴിയിലിറക്കി. സുഹൃത്തിനെ ഒറ്റയ്ക്ക് വഴിമധ്യേ ഉപേക്ഷിക്കാന്‍ മനസു സമ്മതിക്കാത്ത യാക്കൂബും കൂടെ ഇറങ്ങി. ശിവ്പുരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അമൃതിന്റെ ജീവന്‍ രക്ഷിക്കാനായില്ല. അങ്ങേയറ്റം അവശനായ അമൃത്കുമാര്‍ മുഹമ്മദ് യാക്കൂബിന്റെ മടിയില്‍ കിടക്കുന്ന ചിത്രം 'ദൈനിക് ഭാസ്‌കര്‍' പത്രം പ്രസിദ്ധീകരിച്ചപ്പോഴാണ് കൊവിഡിന്റെ മറവില്‍ മുസ്‌ലിം വിദ്വേഷം പരത്തിയ ഒരു അഭിശപ്ത കാലസന്ധിയിലും മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ച ഒരു യുവാവിന്റെ ഹൃദയവിശാലതയുടെ നേര്‍ക്കാഴ്ച കാണാന്‍ സാധിച്ചത്.
കൂട്ടപ്പലായന വഴിയില്‍ ദിനേന കുറിച്ചിടപ്പെടുന്ന വാഹനാപകടങ്ങളും കൂട്ടമരണങ്ങളും മോദിയുടെയും ബി.ജെ.പിയുടെയും കണക്കിലാണ് വരവു ചേര്‍ക്കേണ്ടത്. അമിതാധികാരപരവും അതികേന്ദ്രീകൃതവുമായ ഭരണത്തിനു കൊവിഡ് മറയാക്കിയ ഹിന്ദുത്വവാദികള്‍ക്ക് കൊവിഡ് പോലുള്ള വന്‍ മാനുഷിക ദുരന്തങ്ങളെ അതിജീവിക്കാനുള്ള ശേഷിയില്ലെന്നു തന്നെയാണ് മനുഷ്യനിര്‍മിതമായ ഈ കുട്ടപ്പലായനങ്ങള്‍ സമര്‍ഥിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."