കുഞ്ഞിനെ ശസ്ത്രക്രിയക്കായി കൊച്ചിയിലെത്തിക്കാന്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിന്റെ രക്ഷാദൗത്യം
കൊച്ചി : അപൂര്‍വ്വ ജനിതക രോഗം ബാധിച്ച കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര ചികിത്സയ്ക്ക് വഴി ഒരുക്കി ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിന്റെ രക്ഷാ ദൗത്യം.
സമൂഹമാധ്യമങ്ങളുടെ സഹായത്തോടെയാണ് കണ്ണൂര്‍ പരിയാരത്ത് നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ കേവലം നാല് മണിക്കൂര്‍ കൊണ്ട് ശനിയാഴ്ച രാത്രിയോടെ സുരക്ഷിതമായി എത്തിച്ചത്. കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ തൃശ്ശൂര്‍ ഒരു സ്ഥലത്ത് പത്ത് മിനിറ്റ് ആംബുലന്‍സ് നിര്‍ത്തിയിരുന്നു.
കാസറഗോഡ് ജില്ലയിലെ ബളാല്‍ സ്വദേശി രാജേഷ് - രമാദേവി ദമ്പതികളുടെ നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞ് അപൂര്‍വ്വ ജനിതക രോഗം ബാധിച്ച് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. അത്യാസന്ന നിലയിലായ കുട്ടിയെ അടിയന്തിര ചികിത്സയ്ക്കായി എറണാകുളത്തെ അമൃത ആശുപത്രിയില്‍ എത്തിക്കാനുള്ള സഹായം ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് സി.പി.ടി കുവൈറ്റ് കോഡിനേറ്റര്‍ ഷാഫി കോഴിക്കോട് മുഖാന്തിരം സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാറിനെ ബന്ധപെടുകയും സംസ്ഥാന ഭാരവാഹികളുമായി കൂടി ആലോചിച്ച് ദൗത്യത്തിനൊരുങ്ങുകയായിരുന്നു.
രാജേഷ് -രമാദേവി ദമ്പതികള്‍ക്ക് നേരത്തെ ജനിച്ചിരുന്ന രണ്ട് കുട്ടികളും ഇതേ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പെരുന്നാളിന്റെ തലേ ദിവസമായതിനാല്‍ റോഡില്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യത ഉള്ളതിനാല്‍ ദൗത്യം വെല്ലുവിളിയായിരുന്നു. കോഴിക്കോട് മുതല്‍ തൃശ്ശൂര്‍ വരെ പൊലീസ് എസ്‌കോര്‍ട്ട് ലഭിച്ചത് യാത്ര സുഖമമാക്കി. ആംബുലന്‍സ് ഓടിക്കാനുള്ള ദൗത്യം അജ്മല്‍ കൊന്നക്കാട്, സഹ ഡ്രൈവര്‍ സിറാജ് എന്നിവര്‍ ഏറ്റെടുത്തു.
കുട്ടിക്കൊപ്പം രക്ഷിതാക്കള്‍ക്ക് പുറമേ സംഘടനയുടെ ഭാരവാഹികളും അനുഗമിച്ചിരുന്നു. ഇതിന് നേതൃത്വം നല്‍കിയ യുവാക്കള്‍ക്ക് സോഷ്യല്‍മീഡിയയില്‍ ഏറെ അഭിനന്ദനം ലഭിച്ചു.
കുഞ്ഞ് ഇപ്പോള്‍ നിരീക്ഷണത്തിലാണ്. അതേസമയം പരിയാരത്തെയും കൊച്ചിയിലും ആശുപത്രിയിലും നടത്തിയ കുഞ്ഞിന്റെ സ്രവത്തിന്റെ കൊവിഡ് പരിശോധന ഫലങ്ങള്‍ നെഗറ്റീവാണ്. മാതാപിതാക്കളുടെ സ്രവവും പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."