പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വം
കൊല്ലം: അഞ്ചല്‍ ഏറം വെള്ളാശ്ശേരില്‍ വിജയസേനന്റെയും മണിമേഖലയുടെയും മകള്‍ ഉത്ര(25)യെ ഭര്‍ത്താവ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസ് അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് നിയമവിദഗ്ധര്‍.
ദൃക്‌സാക്ഷിയില്ലാത്ത കേസില്‍ ഉത്രയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച മൂര്‍ഖന്‍ പാമ്പു തന്നെയാണ് പ്രധാന തെളിവ്. ശാസ്ത്രീയ തെളിവുകള്‍ നിരത്തിയാകും കൊലപാതകത്തില്‍ ഭര്‍ത്താവ് സൂരജിന്റെ പങ്ക് പൊലിസ് തെളിയിക്കുക. രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത അതിക്രൂരമായ ഒരു കൊലപാതകത്തില്‍, കൊല്ലാന്‍ ഉപയോഗിച്ച ആയുധം ജീവനുള്ള ഒരു മൂര്‍ഖന്‍ പാമ്പെന്നത് അസാധാരണമാണ്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പ്രധാന തൊണ്ടിമുതലായി പാമ്പിനെതന്നെയാണ് കോടതിയില്‍ സമര്‍പ്പിക്കേണ്ടി വരികയെന്നത് പൊലിസിന് തന്നെ വെല്ലുവിളിയാണ്.
പ്രതി സൂരജ് ഫെബ്രുവരി 26ന് അണലിയെ 10,000 രൂപയ്ക്കും ഏപ്രില്‍ 24ന് മൂര്‍ഖന്‍ പാമ്പിനെ 5000 രൂപക്കുമാണ് രണ്ടാം പ്രതി സുരേഷില്‍ നിന്ന് വാങ്ങിയത്. മൂര്‍ഖനെ 12 ദിവസം പ്ലാസ്റ്റിക്ക് കുപ്പിയില്‍ സൂക്ഷിച്ചു വച്ചു.
മേയ് ആറിന് രാത്രി ഇയാള്‍ ഇതേ പാമ്പിനെ ഉത്രയുടെ നേരെ വലിച്ചെറിഞ്ഞു പാമ്പ് രണ്ടു തവണ ഉത്രയെ കൊത്തുന്നത് നോക്കി നിന്നെന്നാണ് പ്രതിയുടെ കുറ്റസമ്മതം.
മുഖ്യപ്രതി സൂരജിന്റെയും രണ്ടാംപ്രതി സുരേഷിന്റേയും വിരലടയാളങ്ങള്‍ പാമ്പിനെ സൂക്ഷിച്ച ജാറില്‍നിന്ന് പൊലിസ് ശേഖരിച്ചു. ഇതേ ജാറിലുള്ള പാമ്പിന്റെ തൊലി ശകലങ്ങളും ഉത്രയുടെ കിടപ്പുമുറിയില്‍ കണ്ടെത്തി അടിച്ചുകൊന്ന പാമ്പിന്റെ തൊലി ശകലങ്ങളും ഒന്നാണോഎന്ന് ഡി.എന്‍.എ പരിശോധനയിലൂടെ കണ്ടെത്തും.
ഉത്രയുടെ ശരീരത്തിലെ വിഷവും ഉത്രയുടെ വീട്ടില്‍ കണ്ടെത്തിയ പാമ്പിന്റെ വിഷവും സാമ്യമുണ്ടോയെന്നും ശാസ്ത്രീയമായി പരിശോധിക്കും. പാമ്പിനെ സൂക്ഷിച്ച ജാര്‍ ഉത്രയുടെ പഴയ വീടിന്റെ പിറകില്‍നിന്ന് പ്രതിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ കണ്ടെടുത്തത്. അതേസമയം ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളും മറ്റ് സാക്ഷിമൊഴികളും മാത്രമാണ് പ്രതികള്‍ക്കെതിരെ പൊലിസിന്റെ പക്കലുള്ള തെളിവുകള്‍.
കൊലപാതകം,വന്യജീവിയെ സൂക്ഷിച്ചതിനും കൊന്നതിനുമാണ് പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."