അവസാന നിമിഷം പ്രചാരകന്റെ റോളില്‍ മാഷ്
#ജലീല്‍ അരൂക്കുറ്റി
കൊച്ചി: തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങുന്നതിന് മുന്‍പു തന്നെ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് പ്രവര്‍ത്തനവുമായി മുന്നോട്ടുപോയ എറണാകുളം സിറ്റിങ് എം.പി കെ.വി തോമസിന് സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ അവസാന മണിക്കൂറുകള്‍ ഷോക്ക് ട്രീറ്റ്‌മെന്റായി. പാര്‍ട്ടിപ്രവര്‍ത്തകരുടെ മനസ് അറിയാന്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി മുകുള്‍ വാസ്‌നിക് എറണാകുളത്തെത്തിയപ്പോള്‍ കെ.വി തോമസ് തുടര്‍ച്ചയായി മത്സരിക്കുന്നതിനെതിരെയുള്ള മുറുമുറുപ്പുകള്‍ നേതൃത്വത്തിന് മുന്‍പാകെ ചിലര്‍ എത്തിച്ചിരുന്നു.
എന്നാല്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ കെ.വി തോമസിനുള്ള പാര്‍ട്ടിക്ക് അതീതമായ സ്വാധീനവും ഹൈക്കമാന്‍ഡിലുള്ള അമിതവിശ്വാസവും അദ്ദേഹത്തിനു പ്രതീക്ഷ നല്‍കിയിരുന്നു. സിറ്റിങ് എം.പിമാര്‍ മത്സരിക്കാന്‍ തയാറാണെങ്കില്‍ വിജയസാധ്യത പരിഗണിച്ച് അവരെ തന്നെ വീണ്ടും മത്സരിപ്പിക്കുമെന്ന എ.ഐ.സി.സിയുടെ തീരുമാനം പ്രതീക്ഷയ്ക്ക് കരുത്തു പകര്‍ന്നിരുന്നു.
സ്ഥാനാര്‍ഥി ചര്‍ച്ചയ്ക്കിടയില്‍ എറണാകുളത്തെ സിറ്റിങ് എം.എല്‍.എയും യുവ നേതാവുമായ ഹൈബി ഈഡന്റെ പേര് ചില കോണുകളില്‍നിന്ന് ഉയര്‍ന്നെങ്കിലും കോണ്‍ഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍നിന്ന് അകലം പാലിച്ച പ്രവര്‍ത്തനശൈലിയും സൗഹൃദവും ഗുണകരമാകുമെന്ന് തോമസ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജില്ലാതലത്തില്‍നിന്ന് ലിസ്റ്റ് പോകുമ്പോള്‍ എതിര്‍ക്കാതിരുന്നവര്‍ ഡല്‍ഹിയില്‍ ലിസ്റ്റ് എത്തിയപ്പോള്‍ കൈവിട്ട കാഴ്ചയായിരുന്നു കാണേണ്ടിവന്നത്. മുന്‍ എം.പിയും സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി. രാജീവിനെ നേരിടാന്‍ മാഷിനെക്കാള്‍ നല്ലത് യുവനേതാവ് ഹൈബി ഈഡനാണെന്ന നിഗമനത്തിന് കോണ്‍ഗ്രസിലെ ഗ്രൂപ്പ് മാനേജര്‍മാര്‍ അനുവാദം നല്‍കിയതോടെ അവസാന ലാപ്പില്‍ കെ.വി തോമസ് എന്ന തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അതികായന്‍ ഔട്ട്. എ ഗ്രൂപ്പും ഐ ഗ്രൂപ്പും കൈവിട്ടതോടെ നിലവിട്ട തോമസിനു യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനമോ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനമോ നല്‍കി ആശ്വസിപ്പിക്കാനുള്ള നീക്കം ഏതാണ്ട് വിജയിക്കുമെന്ന് ഉറപ്പായി.
എറണാകുളം തേവര സേക്രഡ് ഹാര്‍ട്ട് കോളജിലെ മുന്‍ പ്രൊഫസറുടെ കെമിസ്ട്രിയാകെ തകിടം മറിച്ച് ഹൈക്കമാന്‍ഡ് ലിസ്റ്റില്‍ അവസാനം ഇടം നേടിയ അതേ കോളജിലെ വിദ്യാര്‍ഥി യുനിയന്‍ നേതാവ് ഹൈബി ഈഡന് ഇത് നേരത്തെ കൈവിട്ട അവസരം തിരികെ ലഭിക്കല്‍ കൂടിയാണ്. ഒപ്പം ചരിത്രത്തിന്റെ ഒരു തനിയാവര്‍ത്തനം കൂടിയും. 1984ല്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എം.പിയായിരുന്ന സേവ്യര്‍ അറയ്ക്കലിനോട് കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന് തോന്നിയ അതൃപ്തിയാണ് കോളജ് വാധ്യാരായിരുന്ന കെ.വി തോമസ് എന്ന കുറപ്പശ്ശേരി വര്‍ക്കി തോമസിന് ഇന്ദ്രപ്രസ്ഥത്തിലേക്ക് ആദ്യം ഇടം നേടിക്കൊടുത്തത്. രസതന്ത്ര അധ്യാപകനായ മാഷിന് കേരള രാഷ്ട്രീയത്തിന്റെ രസതന്ത്രം വളരെ വേഗം മനസിലാക്കാന്‍ കഴിഞ്ഞതോടെ വച്ചടിവച്ചടി ഉയര്‍ച്ചയായിരുന്നു. 1989ലും 1991 ലും കോണ്‍ഗ്രസ് ചിഹ്നത്തില്‍ വീണ്ടും പാര്‍ലമെന്റിലെത്തി. പാര്‍ട്ടിയിലും തൊഴിലാളി സംഘടനയായ ഐ.എന്‍.ടി.യു.സിയിലും ശക്തനായ നേതാവായി മാറി.
എന്നാല്‍ പഴയ എതിരാളി സേവ്യര്‍ അറയ്ക്കല്‍ കളംമാറി ഇടതുമുന്നണിയുടെ സ്വതന്ത്രനായി എത്തിയ 1996ലെ തെരഞ്ഞെടുപ്പില്‍ തോമസിനു പരാജയം രുചിക്കേണ്ടിവന്നു. ഫ്രഞ്ച് ചാരക്കേസിന്റെ വിവാദം തോമസിനു തിരിച്ചടിയായി. എന്നാല്‍ സേവ്യര്‍ അറയ്ക്കലിന്റെ മരണത്തെ തുടര്‍ന്നു വന്ന ഉപതെരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ചുപിടിക്കാനുള്ള നിയോഗം അന്നത്തെ എറണാകുളം എം.എല്‍.എ ജോര്‍ജ് ഈഡന്റേതായിരുന്നു. മികച്ച വിജയത്തോടെ പാര്‍ലമെന്റിലെത്തിയ ഈഡന്‍ 1999ലെ പൊതുതെരഞ്ഞെടുപ്പില്‍ മാണി വിതയത്തിലിനെ പരാജയപ്പെടുത്തി വീണ്ടും ഡല്‍ഹിയിലെത്തിയെങ്കിലും അദ്ദേഹത്തിനു കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ജനപ്രിയ എം.പി യായി മാറിയ ഈഡന്റെ ആകസ്മിക വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ സെബാസ്റ്റ്യന്‍ പോള്‍ ഇടതു സ്വതന്ത്രനായി മണ്ഡലം പിടിച്ചെടുത്തു.
പിന്നീടു വന്ന 2009ലെ തെരഞ്ഞെടുപ്പില്‍ ഈഡന്റെ മകനും എന്‍.എസ്.യുവിന്റെ ദേശീയ അധ്യക്ഷനുമായ ഹൈബി ഈഡനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസിലെ പ്രാദേശിക നേതാക്കള്‍ തയാറെടുത്തു. ഇതിനിടയില്‍ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട തോമസ് മാഷ് സംസ്ഥാന ടൂറിസം മന്ത്രിയായിരിക്കെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പ്രത്യേക താല്‍പര്യത്തില്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയായി വീണ്ടും എറണാകുളം മണ്ഡലത്തിലേക്ക് എത്തുകയും വിജയം കൈവരിക്കുകയും ചെയ്തു. അതോടെ ഹൈബി ദേശീയ രാഷ്ട്രീയത്തില്‍നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മാറി. ഒഴിവു വന്ന എറണാകുളം നിയമസഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ച് ആദ്യമായി 27ാം വയസില്‍ നിയമസഭയിലെത്തി. 2009ല്‍ എസ്.എഫ്.ഐ നേതാവ് സിന്ധു ജോയിയെ പരാജയപ്പെടുത്തി ലോക്‌സഭയിലെത്തിയ തോമസ് സോണിയാഗാന്ധിയുടെ പ്രീതിയില്‍ കേന്ദ്രമന്ത്രിയായിട്ടാണ് തിരികെ കൊച്ചിയിലെത്തിയത്. 2014ല്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസിനെ 87,047 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തോല്‍പിച്ച് മണ്ഡലം നിലനിര്‍ത്തിയ തോമസ് 2014 മുതല്‍ 2017 വരെ പബ്ലിക് അക്കൗണ്ട്‌സ് കമ്മറ്റിയുടെ ചെയര്‍മാന്‍ പദവിയും വഹിച്ചു.
ഒരു തവണ കൂടി പാര്‍ലമെന്റിലെത്താന്‍ അവസരം നല്‍കണമെന്ന അഭ്യര്‍ഥനയ്ക്ക് സംസ്ഥാന കോണ്‍ഗ്രസിലും ഹൈക്കമാന്‍ഡിലും അംഗീകാരം കിട്ടുമെന്ന് ഉറപ്പിച്ചിരിക്കെയാണ് വളരെ നാടകീയമായ രാഷ്ട്രീയ നീക്കത്തിലൂടെ തോമസിനു സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടത്. അതും പത്തു വര്‍ഷം മുന്‍പ് സ്ഥാനാര്‍ഥിത്വം തേടിയെത്തിയ യുവനേതാവിനു മുന്നില്‍. ഹൈബിക്കാവട്ടെ പിതാവിന്റെ വഴിയെ എം.എല്‍.എ പദവിയില്‍നിന്ന് പാര്‍ലമെന്റ് പോരാട്ടതിന് അവസരവും കൈവന്നിരിക്കുന്നു. അതും ഈഡന്റെ സ്വന്തം മണ്ഡലത്തില്‍ നിന്ന്. ഇതോടെ സ്ഥാനാര്‍ഥിയാകുമെന്ന പ്രതീക്ഷയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇനി ഒരു പ്രചാരകന്റെ റോളില്‍ നിന്ന് നടത്തേണ്ട അവസ്ഥയിലാണ് കെ.വി തോമസ് എന്ന കൊച്ചിയുടെ രാഷ്ട്രീയ അതികായന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."