തീര്‍ഥാടക സംഘത്തിനൊപ്പം 625 വളണ്ടിയര്‍മാര്‍
നെടുമ്പാശ്ശേരി: വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് സംഘത്തെ നയിക്കാന്‍ 625 വളണ്ടിയര്‍മാര്‍ (ഖാദിമുല്‍ ഹജ്ജാജ്) തീര്‍ഥാടകര്‍ക്കൊപ്പം യാത്ര തിരിക്കും. ഇതില്‍ കേരളം ഒഴികെയുള്ള മുഴുവന്‍ സംസ്ഥാനങ്ങളിലേയും വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. കേരള ഹജ്ജ് കമ്മിറ്റി മുന്‍ കോ ഓഡിനേറ്റര്‍ കൂടിയായ മുജീബ് റഹ്മാന്‍ പുത്തലത്താണ് ഈ വര്‍ഷവും മക്കയിലും, മദീനയിലും ഇന്ത്യന്‍ ഹജ്ജ് വളണ്ടിയര്‍മാര്‍ക്ക് നേതൃത്വം നല്‍കുന്നത്. 1,28,702 പേരാണ് ഇന്ത്യയില്‍ നിന്നും ഹജ്ജ് കമ്മിറ്റി മുഖേന യാത്ര തിരിക്കുന്നത്.
ഓരോ 200 തീര്‍ഥാടകര്‍ക്കും ഒരു വളണ്ടിയര്‍ വീതം ഉണ്ടാകും. വളണ്ടിയര്‍മാരെ അയക്കുന്നതിനുള്ള ചെലവിന്റെ പകുതി ഈ വര്‍ഷം മുതല്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വഹിക്കും. ഇതുകാരണം മുന്‍പ് വളണ്ടിയര്‍മാരെ അയക്കാതിരുന്ന സംസ്ഥാനങ്ങളും ഇത്തവണ വളണ്ടിയര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. സഊദിയിലെ ഇന്ത്യന്‍ ഹജ്ജ് മിഷനില്‍ വളണ്ടിയര്‍മാരുടെ സെക്ഷന്‍ (ഖാദിമുല്‍ ഹജ്ജാജ് ഡെസ്‌ക്) കൈകാര്യം ചെയ്യാന്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഉദ്യോഗസ്ഥനായ മുജീബ് റഹ്മാന്‍ പുത്തലത്തിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. 155 വളണ്ടിയര്‍മാരെ അയക്കുന്ന ഉത്തര്‍പ്രദേശാണ് ഹാജിമാരുടെ എണ്ണത്തിലെന്ന പോലെ വളണ്ടിയര്‍മാരുടെ എണ്ണത്തിലും ഒന്നാമത്. 60 വളണ്ടിയര്‍മാരെ അയക്കുന്ന മഹാരാഷ്ട്ര രണ്ടാമതും 56 പേരെ അയക്കുന്ന കേരളം മൂന്നാമതുമാണ്. ഇതുവരെ വളണ്ടിയര്‍മാരില്ലാതിരുന്ന ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളില്‍നിന്ന് ഈ വര്‍ഷം ഒരു വളണ്ടിയറുണ്ട്. ഗോവയും ലക്ഷദ്വീപുമാണ് ഒരു വളണ്ടിയര്‍മാര്‍ മാത്രമുള്ള മറ്റു ഹജ്ജ് കമ്മിറ്റികള്‍. ഇന്ത്യയില്‍ നിന്ന് ആദ്യ വിമാനം ജൂലൈ 14ന് മദീനയിലെത്തും.
സൗകര്യങ്ങള്‍ ഫലപ്രദമെന്ന് ഇ.ടി
നെടുമ്പാശ്ശേരി: ഹജ്ജ് ക്യാംപിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് സിയാല്‍ അക്കാദമിയിലെ സൗകര്യങ്ങള്‍ ഫലപ്രദമാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.
സിയാല്‍ അക്കാദമി സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിശാലമായ ഹജ്ജ് ക്യാംപ് ഒരുക്കുന്നതിന് വിമാനത്താവള കമ്പനിയായ സിയാലിന്റെ താല്‍പര്യം മഹത്തരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ മറ്റ് ഹജ്ജ് ക്യാംപുകളെ അപേക്ഷിച്ച് വളരെ മെച്ചപ്പെട്ട സൗകര്യങ്ങളാണ് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി തീര്‍ഥാടകര്‍ക്കായി ഒരുക്കുന്നത്.ഹജ്ജ് ക്യാംപിന്റെ വിജയത്തിനായി ത്യാഗസന്നദ്ധരായി പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരുടെ സേവനം പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."