ജനകീയ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റ് സി.പി.ഐ.യിലേക്ക്
പുത്തന്‍ചിറ: പുത്തന്‍ചിറയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുജിത്ത്‌ലാല്‍ നേതൃത്വം നല്‍കുന്ന ജനകീയ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റ് സി.പി.ഐ.യിലേക്ക്. ഇതുസംബന്ധിച്ച് സി.പി.ഐ ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തി ധാരണയായി.സി.പി.ഐയുമായുള്ള ധാരണയനുസരിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സുജിത്ത് ലാല്‍ രാജി വയ്‌ക്കേണ്ടി വരും.
ലയനം സംബന്ധിച്ച ചര്‍ച്ചയില്‍ സി.പി.ഐ മുന്നോട്ട് വെച്ച പ്രധാന ആവശ്യം ഇതായിരുന്നു. പഞ്ചായത്തില്‍ ജനകീയ കമ്മ്യൂണിസ്റ്റ് മൂവ്‌മെന്റിന്റെ എട്ട് ബ്രാഞ്ച് കമ്മിറ്റികളും പ്രവര്‍ത്തകരും സി.പി.ഐയില്‍ ലയിക്കാനാണ് ധാരണയുള്ളത്. സി.പി.ഐയില്‍ ലയിക്കാന്‍ ധാരണ ഉണ്ടായെങ്കിലും പരസ്യ പ്രതികരണവും അന്തിമ പ്രഖ്യാപനവും ഉണ്ടായിട്ടില്ല. സി.പി.എം വിട്ട ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റുമാരായ കെ.വി സുജിത്ത് ലാല്‍,ശകുന്തള വേണു,വൈസ് പ്രസിഡന്റ് കാസിം, സജീവ് തിരുക്കുളം എന്നിവരുടെ നേതൃത്വത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു. സി.പി.എം. സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിച്ചതില്‍ സുജിത്ത്‌ലാല്‍ മാത്രമാണ് വിജയിച്ചത്.
അന്നും സി.പി.ഐയുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥാനാര്‍ഥിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചു. കഴിഞ്ഞ ദിവസം കൃഷി ഭവനില്‍ വെച്ചുണ്ടായ കയ്യാങ്കളിയില്‍ പരിക്കേറ്റ സുജിത്ത്‌ലാലിനെ അനുകൂലിക്കുന്നതായിരുന്നു സി.പി.ഐയുടെ നിലപാടുകള്‍. സുജിത്ത്‌ലാലിനോടും പാര്‍ട്ടിയോടുമുള്ള സി.പി.ഐയുടെ അനുകൂല നിലപാടുകള്‍ പുത്തന്‍ചിറയില്‍ എല്‍.ഡി.എഫ് ബന്ധത്തില്‍ വിള്ളല്‍ ഉണ്ടാക്കിയിട്ടുണ്ട്. സുജിത്ത്‌ലാലും സംഘവും ബി.ജെ.പി അടക്കമുള്ളവരുടെ കൂടെ പോകുന്നത് ഒഴിവാക്കാന്‍ വേണ്ടി കൂടിയാണ് സി.പി.ഐയിലേക്ക് അടുപ്പിക്കുന്നതെന്നും ഇതിലൂടെ എല്‍.ഡി.എഫ്. കൂടുതല്‍ ശക്തിപ്പെടുമെന്നും സി.പി.ഐ നേതാക്കള്‍ വിലയിരുത്തുന്നു.
ബി.ജെ.പി.യുടെ സഹായം സ്വീകരിച്ച് നേടിയ പ്രസിഡന്റ് സ്ഥാനം രാജി വെച്ചായിരിക്കണം സി.പി.ഐ.യിലേക്ക് വരേണ്ടതെന്ന് സി.പി.ഐ. നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പരസ്യമായി വെല്ലുവിളിച്ച സുജിത്ത്‌ലാലും സംഘവും എല്‍.ഡി.എഫിലേക്ക് സി.പി.ഐ.യിലൂടെ എത്തുന്നത് മുന്നണി സംവിധാനത്തിന് അനുകൂലമാണെന്ന് സി.പി.ഐ. വാദിക്കുമ്പോള്‍ അതംഗീകരിക്കാന്‍ സി.പി.എം. തയ്യാറായേക്കില്ലെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."