ചെമ്മീന്റെ അതിവേഗ വളര്‍ച്ചയ്ക്ക് ആന്റിബയോട്ടിക്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: മനുഷ്യരുടെ രോഗപ്രതിരോധ ശേഷിക്ക് ഭീഷണിയായി ചെമ്മീനുകളില്‍ ആന്റീബയോട്ടിക് പ്രയോഗം. ആന്ധ്രയിലെ ചെമ്മീന്‍കെട്ടുകളിലാണ് ലാഭക്കൊതി മൂത്ത് ആന്റീബയോട്ടിക് പ്രയോഗം നടത്തുന്നത്. വിശാഖപട്ടണത്ത് നിന്നു കേരളത്തിലേക്ക് എത്തുന്ന ചെമ്മീനിലാണ് ആന്റീബയോട്ടിക്കുകള്‍ അടങ്ങിയിട്ടുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിരോധനം വന്നതോടെയാണ് ചെമ്മീന്‍ കേരളത്തിലേക്ക് വന്‍തോതില്‍ കയറ്റി അയച്ചുതുങ്ങിയത്. പ്രധാനമായും ക്ലോറാംഫെനിക്കോള്‍, നൈട്രോഫ്യുറാന്‍, ടെട്രാസൈക്ലിന്‍ ഉള്‍പ്പടെയുള്ള ആന്റിബയോട്ടിക്കുകളാണ് ചെമ്മീനില്‍ പ്രയോഗിക്കുന്നത്. മത്സ്യ കൃഷിയില്‍ ആന്റിബയോട്ടിക്കുകള്‍ പാടില്ലെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അതോറിറ്റിയുടെ കര്‍ശന നിര്‍ദേശമുണ്ട്. എന്നാല്‍, ഇതരസംസ്ഥാനങ്ങളില്‍ പരിശോധനകള്‍ ഇല്ലാത്തതിനാല്‍ ചെമ്മീനുകളുടെ പെട്ടെന്നുള്ള വളര്‍ച്ചയ്ക്കായി ആന്റീബയോട്ടിക്കുകള്‍ പ്രയോഗിക്കുകയാണ്. കൊച്ചിയിലെ ചെമ്മീന്‍ സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് ആന്റീബയോട്ടിക് ഉപയോഗിച്ചു പെട്ടെന്നു വളര്‍ത്തിയെടുക്കുന്ന ചെമ്മീനുകള്‍ വന്‍തോതില്‍ എത്തുന്നുണ്ട്. ഇതിന് പിന്നില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള വന്‍കിട മത്സ്യകച്ചവടക്കാരാണ് പ്രവര്‍ത്തിക്കുന്നത്. കാര്യമായ പരിശോധനകള്‍ ചെമ്മീന്‍ സംസ്‌കരണ കേന്ദ്രങ്ങളില്‍ ഉണ്ടാവാറില്ല. ഭക്ഷ്യസുരക്ഷാ നിയമത്തെയും വെല്ലുവിളിച്ച് ആന്റിബയോട്ടിക് പ്രയോഗത്തിലൂടെ വളര്‍ത്തിയെടുത്ത ചെമ്മീന്‍ കേരള വിപണിയില്‍ ധാരാളമായി എത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."