മീനാര്‍കുഴി പള്ളിയുടെ മിനാരം ഇടിമിന്നലില്‍ തകര്‍ന്നുവീണു
മങ്കട: ഇടിമിന്നലേറ്റ് പള്ളിമിനാരം തകര്‍ന്നുവീണു. ആളപായം ഒഴിവായി. കുറുവയിലെ മീനാര്ക്കുഴിയിലെ പുതുക്കിപ്പണിത ഇരുനില ജുമാമസ്ജിദിന്റ മിനാരമാണ് തകര്‍ന്നത്.
ഇന്നലെ വൈകിട്ട് 5.15ഓടെയാണ് സംഭവം. 44 അടി ഉയരത്തില്‍ പൂര്‍ണമായും ചെങ്കല്ലില്‍ നിര്‍മിച്ച മൂന്നു മിനാരങ്ങളില്‍ ഒന്നിന്റ ഖുബ്ബയടക്കമുള്ള മുകള്‍ ഭാഗങ്ങളാണ് ഇടിമിന്നലില്‍ തകര്‍ന്നു വീണത്.
ഖുബ്ബയോടനുബന്ധിച്ച ഭാഗങ്ങള്‍ ടെറസിനു മുകളിലും പള്ളിയുടെ പുറത്തു വിശ്രമത്തിനായി ട്രസ്സ് വര്‍ക്കു ചെയ്ത ഷീറ്റുകളിന്മേലും പതിക്കുകയായിരുന്നു. മസ്ജിദിന്റെ ചുമരിന്റ വിവിധ ഭാഗങ്ങളും മിന്നലില്‍ തകര്‍ന്നിട്ടുണ്ട്. 2012 ഏപ്രിലിലാണ് മീനാര്‍കുഴി മഹല്ല് ജുമാ മസ്ജിദ് പുതുക്കിപ്പണിതത്. മിനാരം പുനര്‍നിര്‍മിക്കുന്നതിനു ഇന്നു നടക്കുന്ന പള്ളി കമ്മിറ്റി യോഗത്തില്‍ തീരുമാനിക്കുമെന്നു മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. ഇരുപതോളം വിദ്യാര്‍ഥികള്‍ പഠനം നടത്തുന്ന പരമ്പരാഗത ദര്‍സ് നടന്നുവരുന്ന പള്ളിയാണിത്. അസര്‍ നിസ്കാര ശേഷം വിദ്യാര്‍ഥികളടക്കം വിശ്രമത്തിനും മറ്റുമായി ഇരിക്കാറുള്ള ചെരിവുകളിലേക്കാണ് മിനാരത്തിന്റെ ഭാഗങ്ങള്‍ വന്നു പതിച്ചത്. അതേസമയം, മൂന്നു വര്‍ഷം മുന്‍പു മിന്നലേറ്റ് മിനാരത്തിന്റ ചില ഭാഗങ്ങളില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് മസ്ജിദ് കമ്മിറ്റി മിന്നല്‍രക്ഷാ ഉപകരണം ഘടിപ്പിച്ചിരുന്നു. ഇതുകൊണ്ടു ഫലമുണ്ടായില്ലെന്നു നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."