വിസ വാഗ്ദാനം ചെയ്ത് പണം തട്ടല്‍: കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്യുന്നത് തുടരുന്നു
തലശ്ശേരി: ഞായറാഴ്ച വൈകിട്ട് തലശ്ശേരി റെയില്‍വേ സ്റ്റേഷന് പരിസരത്ത് നിന്നു കസ്റ്റഡിയിലെടുത്ത കാസര്‍കോട് സ്വദേശിയെ തലശ്ശേരി പൊലിസ് ചോദ്യം ചെയ്യുന്നത് തുടരുന്നു. ഗള്‍ഫിലേക്ക് വിസ നല്‍കാമെന്നു പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് ബേക്കല്‍ സ്വദേശി മുഹമ്മദ് റഷീദിനെ പൊലിസ് പിടികൂടിയിരുന്നത്. ഇയാള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് ഒരു സംഘടന പൊലിസിന് വിവരം നല്‍കിയതോടെയാണ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. യുവാവിനെക്കുറിച്ച് ബേക്കല്‍ പൊലിസില്‍ നിന്നു കൂടുതല്‍ വിവരങ്ങള്‍ തലശ്ശേരി പൊലിസ് ശേഖരിച്ചു. ഇയാള്‍ കുറച്ചു കാലമായി വീട്ടുകാരുമായി പിണക്കത്തിലായതിനെത്തുടര്ന്ന് വീടു വിട്ടിറങ്ങിയതാണെന്നും പിന്നീട് ബേക്കലിലെ വീട്ടില്‍ പോയിട്ടില്ലെന്നും പൊലിസ് അന്വേഷണത്തില്‍ വ്യക്തമായി. രണ്ടുപേരില്‍ നിന്നാണ് ഇയാള്‍ വിസ നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങിയത്. ഇതില്‍ ഒരാളില്‍ നിന്ന് വാങ്ങിയ 2500 രൂപ പൊലിസ് ഇടപെട്ട് തിരിച്ചുനല്‍കി. മറ്റൊരാളില്‍ നിന്ന് വാങ്ങിയ 10,500 രൂപയാണ് തിരികെ നല്‍കാനുള്ളതെന്ന് പൊലിസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത യുവാവിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതിനെത്തുടര്‍ന്ന് സംശയം ഉടലെടുത്ത പൊലിസ് ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."