അപകടം തുടര്‍ക്കഥ; അധികൃതര്‍ക്ക് മിണ്ടാട്ടമില്ല
ഇരിട്ടി: ബസുകളുടെ ആവേശ പാച്ചിലിനിടയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ ഒരു ഡസനിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സ്ഥലമാണ് നരയമ്പാറ കൂരംമുക്ക് മുതല്‍ ഇന്നലെ അപകടമുണ്ടായ പുന്നാട് കുളം സ്‌റ്റോപ്പ് വരെയുള്ള സ്ഥലം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ഇതേസ്ഥലത്ത് രണ്ടു അപകടങ്ങളിലായി രണ്ടുപേര്‍ മരിച്ചിരുന്നു. എല്ലാത്തിനും കാരണം വാഹനങ്ങളുടെ അമിത വേഗതയും. ഓരോ അപകടം ഉണ്ടാകുമ്പോഴും റോഡ് സുരക്ഷയെക്കുറിച്ചും അമിത വേഗതയെ കുറിച്ചും ജനങ്ങള്‍ വേവലാതി പറയാറുണ്ടെങ്കിലും ഇതു നിയന്ത്രിക്കാന്‍ യാതൊരു നടപടിയും അധികൃതരുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. അമിതവേഗതയില്‍ പോകുന്ന ബസുകളില്‍ യാത്രക്കാര്‍ ഭീതിയോടെയാണ് സഞ്ചരിക്കുന്നത്. ഇതിനെതിരേ പ്രതികരിച്ചാല്‍ ഒറ്റപെടുന്ന അവസ്ഥയും. രാത്രി ഈ റൂട്ടില്‍ ഓടുന്ന ബസുകളില്‍ യാത്ര ചെയ്യാന്‍ അസാമാന്യ ധൈര്യം വേണമെന്ന് നാട്ടുകാര്‍ പറയുന്നു. കണ്ണൂരില്‍ നിന്നും തലശ്ശേരിയില്‍ നിന്നും ഇരിട്ടിയില്‍ ഒരു ബസ് എത്താന്‍ ഒരു മണിക്കൂറും 38 മിനുട്ടും സമയം ആര്‍.ടി.ഒ അനുവദിച്ചിട്ടുണ്ടെങ്കിലും മിക്ക ബസുകളും 50 മിനുട്ട് കൊണ്ട് ഇരിട്ടിയില്‍ എത്തുന്ന സ്ഥിതിയാണ് നിലവില്‍. മേഖലയില്‍ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ ആവശ്യമായ കാമറയും മറ്റു നിരീക്ഷണ സംവിധാനവും ഏര്‍പ്പെടുത്തിയാല്‍ അപകടം ഒഴിവാക്കാന്‍ സാധിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു.
അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലുള്ളവര്‍
കണ്ണൂര്‍: ആനപ്പന്തി സ്വദേശി ജോഷി, വട്ട്യറ സ്വദേശി സരസ്വതി, കണ്ണൂര്‍ സ്വദേശി രാജ്‌നവാസ്, തിലകന്‍ നടുവനാട്, സഹദേവന്‍ എടൂര്‍, ഗിരിജ ഉളിയില്‍, ജോണി വീര്‍പ്പാട്, വേണുഗോപാല്‍, ഗീത, മണത്തണ, നിത്യ കൂടാളി, ബിന്‍സി ചെടിക്കുളം, നീതു എടൂര്‍, രാഘവന്‍ പുതുശ്ശേരി, സരസ്വതി പുന്നാട്, ഹരീന്ദ്രന്‍ മാടത്തില്‍, ബാലകൃഷ്ണന്‍ എടയന്നൂര്‍, ഷൈമ, അബ്ദുറഹ്മാന്‍ ചാവശ്ശേരി, സുഭാഷ് കടുവാപ്പറമ്പ്, കുമാരന്‍, സുരേഷ് കോളാരി, ഫാത്തിമ (എട്ട്) ചാവശ്ശേരി, ശിഖ (21) വട്ട്യറ, തുഷാര (21) വട്ട്യറ, സജിന (30) ചാവശ്ശേരി, ഖലീല്‍ (36) മരുതായി, കാഞ്ചന, ഗിരിജ, ബാലകൃഷ്ണന്‍ എളന്നൂര്‍.
സമയക്രമം പാലിക്കാതെ ബസുകള്‍
ഇരിട്ടി: അശാസ്ത്രീയമായി ബസുകള്‍ക്ക് ഓടാനുള്ള സമയം അനുവദിക്കുകയും അമിതമായി പെര്‍മിറ്റ് കൊടുക്കുന്നതുമാണ് അപകടം പെരുകാന്‍ കാരണമെന്ന് ബസ് മുതലാളിമാര്‍. ഒരോ റൂട്ടിലും ഓടുന്ന ബസുകള്‍ക്ക് സമയം നിശ്ചയിച്ചു കൊടുക്കേണ്ടത് ആര്‍.ടി.ഒ ആണെങ്കിലും ഇപ്പോള്‍ ബസ് മുതലാളിമാരാണ് സമയം നിശ്ചയിക്കുന്നതെന്ന് അവര്‍തന്നെ പറയുന്നു. ഓരോ ബസിനും രണ്ട് മിനുട്ട് സമയം പോലും ലഭിക്കാറില്ലെന്നും ഇതാണ് അപകടത്തിനു പ്രധാന കാരണമെന്നും ഇവര്‍ പറയുന്നു.
ഓര്‍ഡിനറി ബസിന് ഒരു കിലോമീറ്റര്‍ ഓടിയെത്താന്‍ രണ്ടര മിനുട്ടും ഫാസ്റ്റിന് ഒന്നര മിനുട്ടും ഫാസ്റ്റ് പാസഞ്ചറിന് ഒന്നേകാല്‍ മിനുട്ടുമാണ് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള സമയം. എന്നാല്‍ ഇതിനെതിരായി പെര്‍മിറ്റും സമയവും അനുവദിക്കുമ്പോള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഓടിയെത്താന്‍ നിര്‍ബന്ധിതരാകുകയാണ് ഡ്രൈവര്‍മാര്‍. ബസുകളുടെ അമിത വേഗതക്ക് അറുതി വരുത്താന്‍ ട്രെയിന്‍ പാസഞ്ചേഴ്‌സ് സംഘടന പോലെ ഓരോ മേഖലയിലും ബസ് പാസഞ്ചേഴ്‌സിന് ഒരു സംഘടന രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കേണ്ടതാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് പേരാവൂര്‍ മണ്ഡലം പ്രസിഡന്റ് സമീര്‍ പുന്നാട് പറഞ്ഞു. ഇത്തരം വേദികള്‍ ദുരിതത്തെക്കുറിച്ചും അപകടങ്ങളെകുറിച്ചുള്ള അവബോധം യാത്രക്കാരില്‍ സൃഷ്ടിക്കുന്നതിനും ഉപകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."