ഉത്രയുടെ മകനെ പൊലിസ് മാതാപിതാക്കള്‍ക്ക് കൈമാറി
കൊല്ലം: പാമ്പുകടിയേറ്റ് മരിച്ച ഉത്രയുടെ ഒരു വയസുള്ള മകന്‍ ധ്രുവിനെ ഇന്നലെ അമ്മയുടെ വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. ഉത്രയുടെ ഭര്‍ത്താവും കൊലക്കേസിലെ ഒന്നാംപ്രതിയുമായ സൂരജിന്റെ പത്തനംതിട്ട പറക്കോട്ടെ വീട്ടിലായിരുന്ന കുഞ്ഞിനെ ഇന്നലെ രാവിലെ പൊലിസ് ഏറ്റെടുത്തു.
സ്വകാര്യ വാഹനത്തില്‍ മഫ്തിയിലെത്തിയ അടൂര്‍ സ്റ്റേഷനിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥരാണ് സൂരജിന്റെ വീട്ടുകാരില്‍ നിന്നും കുട്ടിയെ ഏറ്റുവാങ്ങിയത്. തുടര്‍ന്ന് അടൂര്‍ പൊലിസില്‍ നിന്നും കുഞ്ഞിനെ അഞ്ചല്‍ പൊലിസ് ഏറ്റുവാങ്ങിയയശേഷം ഉത്രയുടെ മാതാപിതാക്കള്‍ക്ക് കൈമാറി. ഉത്രയുടെ വീട്ടുകാരുമായി അടൂരിലെ സൂരജിന്റെ വീട്ടിലെത്തി കുഞ്ഞിനെ നേരിട്ടേറ്റു വാങ്ങാനാണ് പൊലിസ് ആദ്യം തീരുമാനിച്ചതെങ്കിലും ഈ നിര്‍ദേശം ഉത്രയുടെ വീട്ടുകാര്‍ തള്ളിയിരുന്നു. ഇതിനിടെ കുഞ്ഞിനേയും കൊണ്ട് സൂരജിന്റെ അമ്മ ഒളിവില്‍ പോയതും അനിശ്ചിതത്വം സൃഷ്ടിച്ചു.
ശിശു ക്ഷേമസമിതിയുടെ ഉത്തരവിന് പിന്നാലെ കുഞ്ഞിനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് തന്നെ ഉത്രയുടെ പിതാവ് അടൂര്‍ പൊലിസ് സ്റ്റേഷനിലെത്തിയിരുന്നു. അടൂര്‍ പൊലിസിന്റെ ആവശ്യപ്രകാരം അഞ്ചല്‍ പൊലിസ് സൂരജിന്റെ വീട്ടിലെത്തിയപ്പോള്‍ കുട്ടി വീട്ടിലില്ലെന്ന വിവരമറിഞ്ഞു. തുടര്‍ന്ന് സൂരജിന്റെ ബന്ധുക്കളുടെ വീടുകളിലടക്കം പരിശോധന നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താനായില്ല. ബന്ധുവീട്ടിലായിരുന്ന കുട്ടിയെ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനാണ് രാത്രിയോടെ തിരികെ വീട്ടിലെത്തിച്ചത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു കുട്ടിയെ തിരികെ കൊണ്ടു വന്നത്. കുട്ടിയുമായി സൂരജിന്റെ അമ്മ എറണാകുളത്ത് വക്കീലിനെ കാണാന്‍ പോയന്നായിരുന്നു സൂരജിന്റെ കുടുംബം ആദ്യം പറഞ്ഞത്. എന്നാല്‍ കുട്ടിയെ ഒളിപ്പിച്ചുവച്ചാല്‍ കേസെടുക്കുമെന്ന് പൊലിസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് കുട്ടിയെ തിരികെ വീട്ടിലെത്തിക്കാന്‍ സൂരജിന്റെ കുടുംബം തയ്യാറായത്. വനിതാ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് കുട്ടിയെ ഉത്രയുടെ കുടുംബത്തിന് നല്‍കാന്‍ കൊല്ലം ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."