സ്ത്രീകള്‍ക്ക് സൗജന്യ തെങ്ങുകയറ്റ പരിശീലനം
കൊച്ചി: കേന്ദ്രസര്‍ക്കാരിന്റെ മഹിളാ കിസാന്‍ സശാക്തീകരണ്‍ പരിയോജന പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ സ്ത്രീകള്‍ക്ക് സൗജന്യ തെങ്ങുകയറ്റ പരിശീലനം നല്‍കി. ബ്ലോക്ക് വളപ്പില്‍ നല്‍കിയ പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജു ചുള്ളിക്കാട് ഉദ്ഘാടനം ചെയ്തു. കായികാധ്വാനം ആവശ്യമായ മേഖലയില്‍ തൊഴിലാളികളുടെ അഭാവം നികത്തുന്നതിന്റെ ഭാഗമായിട്ടാണ് ബ്ലോക്ക് തലത്തില്‍ പരിശീലന പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞവര്‍ഷവും അതിനും മുന്‍പത്തെ വര്‍ഷവും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത കായിക ശേഷിയുള്ള 50 വയസിന് താഴെയുള്ള വനിതകളെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. അഞ്ച് ദിവസമാണ് പരിശീലനം.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന വരാപ്പുഴ, കടുങ്ങല്ലൂര്‍, കരുമാല്ലൂര്‍, ആലങ്ങാട് എന്നീ നാല് ഗ്രാമ പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 സ്ത്രീകള്‍ക്കാണ് പരിശീലനം നല്‍കുന്നത്. അഞ്ചുദിവസം നീളുന്ന പരിശീലനത്തില്‍ നാലുദിവസം തെങ്ങുകയറ്റ പരിശീലനവും ഒരു ദിവസം കിണര്‍ റീചാര്‍ജിംഗ് പരിശീലനവുമാണ് നല്‍കുന്നത്. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം നാല് വരെയാണ് പരിശീലനം.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബാബു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മേഴ്‌സി ജോണി, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ഷാജഹാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഭദ്രാദേവി, സെക്രട്ടറി കെ. കെ. ഷീബ, ബ്ലോക്ക് മെമ്പര്‍മാരായ എ.എന്‍ അശോകന്‍, സാജിത ഹബീബ്, കെ.വി കുഞ്ഞുമോന്‍, കെ.എം ഹമീദ് ഷാ, ജയശ്രീ ഗോപീകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."