ദി ബ്ലൂസ്; ഇന്ത്യന്‍ കാല്‍പന്തിന്റെ രാജാക്കന്മാര്‍
#യു.എച്ച് സിദ്ദീഖ്
ബംഗളൂരു എഫ്.സിയുടെ കിരീട ധാരണത്തിന് സാക്ഷ്യംവഹിച്ച് രാജ്യത്തെ കാല്‍പന്തുകളി ആരവത്തിന്റെ അഞ്ചാം സീസണ് കൊടിയിറങ്ങി. ഐ.എസ്.എല്ലില്‍ എത്തി രണ്ടാം സീസണില്‍ തന്നെ കിരീടം സ്വന്തമാക്കിയ ബംഗളൂരു എഫ്.സി രാജ്യത്തെ ഒരേയൊരു പ്രൊഫഷനല്‍ ക്ലബ് തങ്ങള്‍ മാത്രമാണെന്ന് തെളിയിച്ചാണ് മടങ്ങിയത്. ഐ.എസ്.എല്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ക്ലബ് തുടര്‍ച്ചയായി രണ്ടു തവണ ഫൈനല്‍ കളിച്ചത്.
സൂപ്പര്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഒട്ടേറെ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാണ് ബംഗളൂരു കിരീട ജേതാക്കളായത്. ഇന്ത്യന്‍ നായകന്‍ സുനില്‍ ഛേത്രിയും ഗോള്‍വലക്ക് മുന്നിലെ കാവല്‍ക്കാരന്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ഗോളി ഗുര്‍പ്രീത് സിങ് സന്ധുവും സ്പാനിഷ് താരം മിക്കുവും രാഹുല്‍ ബേക്കെയും മലയാളിതാരം റിനോ ആന്റോയും ഉള്‍പ്പെടെ ഓരോതാരങ്ങളും കിരീട നേട്ടത്തിലേക്കുള്ള യാത്രയില്‍ തങ്ങളുടെ ദൗത്യം ഭംഗിയായി നിര്‍വഹിച്ചു. ഒരു പ്രൊഫഷനല്‍ ഫുട്‌ബോള്‍ ക്ലബ് എന്താവണം എങ്ങനെയാവണം എന്നത് മറ്റ് ക്ലബുകള്‍ ബംഗളൂരുവിനെ കണ്ടു പഠിക്കണം. ബംഗളൂരു എഫ്.സി സ്ഥാപിതമായിട്ട് ആറ് വര്‍ഷം. ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ സമാനതകളില്ലാത്ത നേട്ടങ്ങളാണ് ആറു വര്‍ഷത്തിനിടെ ബംഗളൂരു സ്വന്തമാക്കിയത്. 2013 ല്‍ രൂപം കൊണ്ട ബംഗളൂരു രണ്ട് ഐലീഗ് കിരീടങ്ങള്‍, മൂന്ന് ഫെഡറേഷന്‍ കപ്പ് കിരീടം, പ്രഥമ സൂപ്പര്‍ കപ്പ് കിരീടം എന്നിവ നേടിയിട്ടുണ്ട്. ഒടുവിലിതാ ഐ.എസ്.എല്‍ കിരീടവും.
ആദ്യ വരവില്‍ തന്നെ ഐലീഗ് കിരീടം സ്വന്തമാക്കിയാണ് കാല്‍പന്തുകളി പടയോട്ടത്തിന് തുടക്കമിട്ടത്. രാജ്യത്തെ ഫുട്‌ബോള്‍ മൈതാനങ്ങളിലെ രാജാക്കന്മാരായിരുന്ന മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളും ഡെംപോ ഗോവയും ചര്‍ച്ചില്‍ ബ്രദേഴ്‌സും സാല്‍ഗോക്കറുമൊക്കെ ബംഗളൂരുവിന്റെ വരവില്‍ തന്നെ അടിതെറ്റി വീണു. ഇന്ത്യന്‍ കാല്‍പന്തുകളി മൈതാനത്തെ രാജകുമാരന്‍ സുനില്‍ ഛേത്രിയാണ് ഇന്നോളം ക്ലബിന്റെ ഐക്കണ്‍. എ.എഫ്.സി കപ്പില്‍ ഫൈനല്‍ വരെ പോരാട്ടം നടത്തിയ ബംഗളൂരു എഫ്.സി ആദ്യമായി കലാശപ്പോരിനിറങ്ങിയ ക്ലബ് എന്ന ചരിത്ര നേട്ടവും സ്വന്തമാക്കി. താരനിരയും പ്രൊഫഷനലിസവും ബംഗളൂരുവിനെ രാജ്യത്തെ മറ്റെല്ലാ ക്ലബുകളില്‍നിന്നും വ്യത്യസ്തരാക്കുന്നു. 2013 ല്‍ ഇംഗ്ലീഷ് പരിശീലകനായ ആഷ്‌ലി വെസ്റ്റ്‌വുഡ് ആയിരുന്നു ബംഗളൂരുവിനെ വാര്‍ത്തെടുത്തത്. മൂന്ന് വര്‍ഷം ബംഗളൂരുവിനെ പരിശീലിപ്പിച്ച ആഷ്‌ലി വെസ്റ്റ്‌വുഡ് രാജ്യത്തെ ഒന്നാം നിര ക്ലബാക്കി മാറ്റിയാണ് കളംവിട്ടത്. 2016 ല്‍ ബാഴ്‌സലോണയുടെ സഹപരിശീലകനായ ആല്‍ബര്‍ട്ട് റോക്ക വന്നു. റോക്കയുടെ കീഴില്‍ ഐലീഗില്‍ തിളങ്ങാനായില്ലെങ്കിലും എ.എഫ്.സി കപ്പിന്റെ ഫൈനലിലേക്ക് ടീം പ്രയാണം നടത്തി. നാലാം സീസണില്‍ ഐ.എസ്.എല്ലിന്റെ ഭാഗമായതോടെ ടീമിനെ ഫൈനലില്‍ എത്തിച്ചു റണ്ണറപ്പാക്കി റോക്കയും പടിയിറങ്ങി. റോക്കയുടെ അസിസ്റ്റന്റായ കാള്‍സ് ക്വാഡ്രാറ്റ് പരിശീലകനായി വന്നു.
ആരാധകരാവട്ടെ ആശങ്കയിലായിരുന്നു. ക്വാഡ്രാറ്റിന് ബംഗളൂരുവിനെ നയിക്കാന്‍ കഴിയുമോയെന്നതില്‍. ഐ.എസ്.എല്‍ കിരീടം ബംഗളൂരുവിന്റെ ഷോക്കേസില്‍ എത്തിച്ചു ക്വാഡ്രാറ്റ് തെളിയിച്ചു താന്‍ തന്നെയാണ് മികച്ച പരിശീലകനെന്ന്. ലീഗ് പോരാട്ടത്തില്‍ 18 ല്‍ 10 വിജയം. നാല് സമനിലയും നാല് പരാജയവും. ലീഗില്‍ ഒന്നാം സ്ഥാനക്കാരായി വന്ന ബംഗളൂരു ദ്വിപാദ സെമിയില്‍ ഒരു ജയവും തോല്‍വിയും നേടി. ഫൈനലില്‍ തോല്‍വി വഴങ്ങേണ്ടി വന്നെങ്കിലും എഫ്.സി ഗോവയും മികച്ച പോരാട്ടം തന്നെയാണ് നടത്തിയത്.
21 പോരാട്ടങ്ങളില്‍നിന്ന് 41 ഗോളുകള്‍ എതിരാളികള്‍ക്ക് സമ്മാനിച്ച ഗോവ 23 എണ്ണം തിരികെ വാങ്ങി. തികഞ്ഞ പ്രൊഫഷനലിസമാണ് ബംഗളൂരുവിന്റെ കരുത്ത്. മികച്ച താരങ്ങളെ ടീമില്‍ എത്തിച്ച് ഫോം നിലനിര്‍ത്തി വിജയപര്‍വം താണ്ടുന്ന പ്രൊഫഷനലിസം. ബംഗളൂരുവിന്റെ രണ്ടാം നിരയും മികച്ചതാണ്. സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്ക് കര്‍ണാടകയെ യോഗ്യരാക്കിയത് ബംഗളൂരുവിന്റെ ചുണക്കുട്ടികളായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് കേരളത്തോട് കാട്ടാത്ത മാന്യതയും സ്‌നേഹവും ബംഗളൂരു എഫ്.സി കര്‍ണാടകയോട് കാട്ടി. മികച്ച പാഠങ്ങളാണ് ബംഗളൂരു ഇന്ത്യന്‍ ഫുട്‌ബോളിന് പകര്‍ന്നു നല്‍കുന്നത്. അത് പകര്‍ത്താന്‍ മറ്റു ക്ലബുകള്‍ക്കുമായാല്‍ രാജ്യത്തെ കാല്‍പന്തുകളി ലോകത്തോളം ഉയരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."