നിലമ്പൂരിലെ കുഴല്‍പ്പണ കവര്‍ച്ച; ഒളിവിലായിരുന്ന മുഖ്യപ്രതി ഒന്നേകാല്‍ വര്‍ഷത്തിനു ശേഷം പിടിയില്‍
നിലമ്പൂര്‍: കുഴല്‍പണ കവര്‍ച്ചാ കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി ഒന്നേകാല്‍ വര്‍ഷത്തിനു ശേഷം പൊലിസിന്റെ പിടിയിലായി. തിരുവനന്തപുരം വള്ളക്കടവ് സുലൈമാന്‍ സ്ട്രീറ്റിലെ പുതുവല്‍ പുത്തന്‍വീട്ടില്‍ ഷാജഹാനെ (പൊക്കം ഷാജഹാന്‍-34) നിലമ്പൂര്‍ സി.ഐ കെഎം ദേവസ്യയും സംഘവും അറസ്റ്റ് ചെയ്തു. 2016 ജനുവരി നാലിനാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂര്‍ കോടതിപ്പടിയില്‍ ഉച്ചയ്ക്ക് ഒരുമണിയോടെ പൂക്കോട്ടൂര്‍ വള്ളുവമ്പ്രം മാണിപറമ്പ് സ്വദേശി ചേങ്ങോടന്‍ ഷൗക്കത്തലിയെ കാറിലെത്തി അഞ്ചംഗ സംഘം അടിച്ചുവീഴ്ത്തി 31,5000 രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയാണിയാളെന്ന് പൊലിസ് പറഞ്ഞു. കേസില്‍ മറ്റു പ്രതികളായ ഉപ്പട ശഫീക്ക് (മുത്തു), സഹോദരന്‍ ഷാഹിര്‍ (സഹര്‍) എന്നിവ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരുടെ ബന്ധുകൂടിയാണ് പിടിയിലായ ഷാജഹാന്‍. കുഴല്‍ പണ ഏജന്റായ ഷൗക്കത്തലി നിലമ്പൂരിലെ വിജയന്‍ എന്നയാള്‍ക്ക് നല്‍കാനായി കയ്യിലുള്ള സൗദി മൊബൈല്‍ നമ്പറിലേക്ക് വിളിച്ചപ്പോള്‍ കോടതിപ്പടി കൊളക്കണ്ടം റോഡില്‍ എത്താനാവശ്യപ്പെട്ടു. ഇതുപ്രകാരം സ്ഥലത്തെത്തിയപ്പോള്‍ സ്‌കൂട്ടറിലെത്തിയ ശഫീക്കും, ഷാഹിറും വിജനമായ സ്ഥലത്ത് വിദേശത്തു നിന്നുള്ള പണം കൈമാറുന്നതിനിടെ കാറിലെത്തിയ സംഘം വാള്‍ കാണിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പണം കവര്‍ന്നത്. ഇതിനിടെ സ്‌കൂട്ടറിലെത്തിയവര്‍ രക്ഷപ്പെടുകയും ചെയ്തു.
കാറിന്റെ നമ്പര്‍ ചുറ്റിപറ്റിയുള്ള അന്വേഷണത്തില്‍ വാഹനം മഞ്ചേരി സ്വദേശിയില്‍ നിന്നും ഷാഹിര്‍ വാടകക്കെടുത്തതാണെന്ന് കണ്ടെത്തി. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഷാഹിറിന്റെ മൊബൈല്‍ നമ്പര്‍ വച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ പങ്ക് തെളിഞ്ഞത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാജഹാനാണ് മുഖ്യ സൂത്രധാരന്‍ എന്ന് പൊലിസ് കണ്ടെത്തിയത്. കൃത്യം നടത്തുന്നതിന് മുന്‍പ് ഷാജഹാനും തിരുവനന്തപുരം സ്വദേശികളായ രണ്ടു സുഹൃത്തുക്കളും കോടാലിപ്പൊയിലില്‍ താമസിച്ചിരുന്നതായും ശഫീക്കും, ഷാഹിറും ഇവര്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തുകൊടുക്കുന്നതായും തെളിഞ്ഞു. ഒളിവില്‍ താമസിച്ചുവരികയായിരുന്ന ഷാജഹാന്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നും പൊലിസ് പറഞ്ഞു.
2004ല്‍ അടിപിടി കേസില്‍ വലിയ തുറ പൊലിസ് സ്‌റ്റേഷനില്‍ കേസുണ്ട്. ബീമാപള്ളിയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെ ഉപദ്രവിച്ച കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. ജയിലില്‍ നിന്നും പരിചയപ്പെട്ട രാജേഷ് എന്ന സുഹൃത്തിനു വേണ്ടി 2008ല്‍ പൂവച്ചാലില്‍ ജയകുമാര്‍ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. 2009ല്‍ തിരുവല്ലം എന്ന സ്ഥലത്ത് ബൈക്ക് യാത്രികനെ അക്രമിച്ച 21ലക്ഷം കൊള്ളയടിച്ച കേസിലും2014ല്‍ കരമനയില്‍ സിനിമാ നടിയുടെ വീട്ടില്‍ കയറി ലക്ഷങ്ങള്‍ കവര്‍ന്ന കേസിലും പ്രതിയാണ്.
ബംഗളൂരു അശോക നഗറില്‍ മലയാളികളുടെ ഫ്‌ളാറ്റില്‍ കയറി കൊള്ളയടിച്ച കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ചിട്ടുണ്ട്. കേസുകളെല്ലാം കോടതിയില്‍ നടന്നുവരുന്നതിനിടെയാണ് നിലമ്പൂരില്‍ കൃത്യം നടത്തിയത്. പാസ്‌പോര്‍ട്ടില്‍ വ്യാജ വിലാസം കാണിച്ച് വിദേശ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നതിനിടെ ജില്ലാ പൊലിസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ചാണ് ബുധനാഴ്ച പുലര്‍ച്ചെ ഇയാള്‍ പൊലിസിന്റെ പിടിയിലായത്. പാസ്‌പോര്‍ട്ടും വ്യാജ വിലാസത്തില്‍ സംഘടിപ്പിച്ചതാണെന്ന് കണ്ടെത്തി. കൊള്ളയടിക്കുന്ന പണം ഉപയോഗിച്ച് ആഢംബര ജീവിതം നയിക്കുകയാണ് പതിവ്. തിരുവനന്തപുരത്തെ കൂട്ടാളികളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.
സി.ഐക്കു പുറമെ പ്രത്യേക അന്വേഷണ സംഘത്തിലെ എം. അസൈനാര്‍, എന്‍.പി സുനില്‍, സലീല്‍ ബാബു, ജോണ്‍ വര്‍ഗീസ്, ബഷീര്‍ അഹമ്മദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."