ക്ലീന്‍ ഒറ്റപ്പാലം പദ്ധതി ത്രിശങ്കുവില്‍; നഗരസഭാ അധികൃതര്‍ക്ക് മൗനം
ഒറ്റപ്പാലം: ക്ലീന്‍ ഒറ്റപ്പാലം കുടുംബശ്രീ അംഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍നിന്നും പിന്‍വാങ്ങിയതോടെ പദ്ധതി ത്രിശങ്കുവിലായി. എന്നാല്‍ അധികൃതര്‍ ഇപ്പോഴും നിസംഗത തുടരുകയാണ്. ഇതോടെ വീടുകളില്‍നിന്നുള്ള മാലിന്യം പൊതു നിരത്തുകളില്‍ നിക്ഷേപിക്കുന്ന സാഹചര്യമാണുള്ളത്.
ഒറ്റപ്പാലം നഗരത്തിന്റെ കിഴക്കന്‍ മേഖലകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇത്തരത്തില്‍ പൊതുനിരത്തില്‍ ഉപേക്ഷിക്കപ്പെടുന്നത്. വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ മാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരണ പ്ലാന്റിലേക്ക് എത്തിക്കുന്ന കുടുംബ യൂനിറ്റാണ് നഗരസഭ നല്‍കിയിരുന്ന പ്രതിഫലം ലഭിക്കായതോടെ പണി നിര്‍ത്തിവച്ചത്.
ശുചീകരണ പ്രവൃത്തികള്‍ക്ക് നിയോഗിക്കപ്പെട്ട കുടുംബശ്രീ യൂനിറ്റുകള്‍ക്ക് പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് നഗരസഭ പ്രതിഫലം നല്‍കിയിരുന്നത്. ഇത് അനുവദിക്കാന്‍ കഴിയില്ലെന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയതാണ് പ്രതിഫലം നല്‍കാതിരിക്കാന്‍ കാരണമായത്. വീടുകളിലെ മാലിന്യ നിര്‍മാര്‍ജനത്തിന് ഇവരെ ആശ്രയിച്ചിരുന്ന നിരവധി കുടുംബങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. മാലിന്യ സംസ്‌കരണത്തിന് സൗകര്യമില്ലാത്തവരാണ് അധികംപേരും.
ഇവര്‍ക്ക് ആശ്രയം മേല്‍പറഞ്ഞ തൊഴിലാളികളായിരുന്നു. അതേസമയം മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍തന്നെ സംസ്‌കരിക്കണമെന്ന നിയമം ഉയര്‍ത്തിപിടിച്ച് ജനങ്ങളുടെ ബുദ്ധിമുട്ട് കണ്ടില്ലെന്നു നടിക്കുകയാണ് നഗരസഭ.
വീടുകള്‍ ഉള്‍പ്പെടെ എല്ലാ കെട്ടിടങ്ങള്‍ക്കും മാലിന്യ സംസ്‌കരണത്തിന് സംവിധാനം വേണമെന്നാണ് ഇവരുടെ നിലപാട്.എന്നാല്‍ കെട്ടിടങ്ങളുടെ പ്ലാന്‍ പരിശോധിക്കുമ്പോഴും കെട്ടിടങ്ങള്‍ അനുവദിക്കുമ്പോഴും ഉറവിട മാലിന്യ സംസ്‌കരണത്തെക്കുറിച്ച് നഗരസഭ ഒരക്ഷം പറയാറില്ല.
അതേസമയം നഗരസഭയിലെ മറ്റു രണ്ടു കുടുംബശ്രീ യൂണിറ്റുകള്‍ വീടുകളില്‍നിന്നും നിശ്ചിതനിരക്ക് ഈടാക്കി ശൂചീകരണ പ്രവൃത്തികള്‍ നടത്തുന്നുണ്ട്.
ക്ലീന്‍ ഒറ്റപ്പാലം പ്രവര്‍ത്തകര്‍ പിന്മാറിയതോടെ ഉടന്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം വ്യാപകമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."